ദോഹ: ഭക്ഷ്യസുരക്ഷ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം 15,087 ടൺ ഫ്രഷ് മത്സ്യം ഉൽപാദിപ്പിച്ചതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. മത്സ്യ ഉൽപാദനത്തിൽ 66.7 ശതമാനം സ്വയം പര്യാപ്തത കൈവരിക്കാനായെന്നും 193 മില്യൻ റിയാലാണ് ഉൽപാദനമൂല്യമെന്നും മന്ത്രാലയത്തിന് കീഴിലെ കാർഷിക വിഭാഗം പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കി.
ഷഹ്രി, കിങ് ഫിഷ്, സാഫി, ഹമൂർ, ജഷ് എന്നിവയാണ് പ്രധാനമായും ഉൽപാദിപ്പിച്ചത്. ആകെ ഉൽപാദനത്തിെൻറ 20 ശതമാനവും (3087 ടൺ) ഷഹ്രി മത്സ്യമായിരുന്നു. 2506 ടൺ (17 ശതമാനം) ഉൽപാദനവുമായി കിങ്ഫിഷ് രണ്ടാമതാണ്. സാഫി, ഹമൂർ എന്നിവ യഥാക്രമം 928 ടൺ, 863 ടൺ ഉൽപാദിപ്പിക്കപ്പെട്ടു. ജഷ് ഫിഷ് ഉൽപാദനം 549 ടൺ ആയിരുന്നു. മറ്റു മത്സ്യ ഇനങ്ങളെല്ലാം കൂടി 7150 ടൺ ആണ് ഉൽപാദിപ്പിക്കപ്പെട്ടത് (ആകെയുള്ളതിെൻറ 47 ശതമാനം).
2020 മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ മത്സ്യങ്ങളെ പിടികൂടിയത്. യഥാക്രമം 1741 ടൺ, 1714 ടൺ മത്സ്യങ്ങളാണ് ഈ മാസങ്ങളിൽ പുറത്തെടുത്തത്. സെപ്റ്റംബർ, ആഗസ്റ്റ് മാസങ്ങളിലായി 846, 951 ടൺ മത്സ്യം മാത്രമാണ് പിടികൂടാനായത്. പ്രാദേശിക മത്സ്യ ഇനങ്ങളുടെ ഉൽപാദനത്തിലുണ്ടായ വർധനവ് വലിയ നേട്ടമാണെന്നും 2023ഓടെ മതിയായ അളവിൽ മത്സ്യ ഉൽപാദനം വർധിപ്പിക്കാനാണ് ലക്ഷ്യമെന്നും മന്ത്രാലയം അറിയിച്ചു.
മത്സ്യക്കുഞ്ഞുങ്ങളെ വിരിയിച്ച് കടലിൽ പ്രത്യേകമായി തയാറാക്കിയ റിസർവിൽ നിക്ഷേപിച്ചും ഒഴുകുന്ന കൂടകൾ തയാറാക്കി അതിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചുമാണ് പ്രധാനമായും ഉൽപാദനം നടക്കുന്നത്. റാസ് മത്ബഖിലെ അക്വാറ്റിക് റിസർച് സെൻററിലാണ് മത്സ്യക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നത്.
നാഴികക്കല്ലായി അക്വാറ്റിക് റിസർച് സെൻറർ
മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള റാസ് മത്ബഖിലെ അക്വാറ്റിക് റിസർച് സെൻറർ മത്സ്യ ഉൽപാദനരംഗത്ത് വൻനേട്ടങ്ങൾ കൈവരിക്കുന്നത്. 2022ൽ ലക്ഷ്യമിടുന്നത് 1000 ടൺ ചെമ്മീൻ ഉൽപാദനമാണ്. ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ ഖത്തറിലേക്കുള്ള ചെമ്മീൻ പൂർണമായും വിദേശരാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുകയാണ്. പ്രധാനമായും രണ്ട് ഹാച്ചറികളാണ് റാസ് മത്ബഖിലെ അക്വാറ്റിക് റിസർച് സെൻററിലുള്ളത്. ഒന്ന് മത്സ്യങ്ങൾക്കും മറ്റൊന്ന് ചെമ്മീനു വേണ്ടിയുമുള്ളതാണ്. ചെമ്മീൻ ഉൽപാദനം കാര്യക്ഷമമാക്കുന്നതിനായി ഉന്നത അന്താരാഷ്ട്ര നിലവാരത്തിലുള്ള സംവിധാനങ്ങളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്താലാണ് ഹാച്ചറികൾ പ്രവർത്തിക്കുന്നത്.
കഴിഞ്ഞ വർഷം ഡിസംബറിൽ കേന്ദ്രത്തിലെ ആദ്യ ബാച്ച് ചെമ്മീനുകളുടെ ഉൽപാദനം മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. 2,50,000 ചെമ്മീൻ ലാർവകളിൽ 1,60,000 ലാർവകളെ പുറത്ത് നിർമിച്ചുള്ള കൂടുകളിലേക്ക് മാറ്റുകയും ചെയ്തു. രണ്ട് മില്യൻ ചെമ്മീൻ ലാർവകളെ ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. രാജ്യത്തിെൻറ മത്സ്യ ഉൽപാദനം വർധിപ്പിക്കുക, പുറം കടലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുക, ഗവേഷണം േപ്രാത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി 2020 ജനുവരിയിലാണ് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം റാസ് മത്ബഖിലെ അക്വാറ്റിക് റിസർച് സെൻററിെൻറ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ഉന്നത നിലവാരത്തിലുള്ള മത്സ്യങ്ങൾ പ്രാദേശിക വിപണികളിൽ ലഭ്യമാക്കുകയെന്നതും കേന്ദ്രത്തിെൻറ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.