ദോഹ: ആംബുലൻസ് സേവനത്തിനുള്ള അനാവശ്യ വിളികൾ ഒഴിവാക്കാനുള്ള നടപടികളുമായി ഹമദ് മെഡിക്കൽ കോർപറേഷൻ. നിസ്സാര കേസുകൾക്കായി എമർജൻസി നമ്പറായ ‘999’വിളിച്ച് സഹായം തേടുന്ന പ്രവണത ഒഴിവാക്കുകയാണ് അധികൃതരുടെ ലക്ഷ്യം.ആംബുലൻസ് സേവനത്തിന് അഭ്യർഥിച്ച് നാഷനൽ കമാൻഡ് സെന്റർ വഴി ലഭിക്കുന്ന ശരാശരി 20 ശതമാനം കോളുകളും നിസ്സാര കേസുകളാണെന്ന് എച്ച്.എം.സി ആംബുലൻസ് സർവിസ് അസി. എക്സിക്യൂട്ടിവ് ഡയറക്ടർ അലി ദർവീഷ് പറഞ്ഞു.
‘നിങ്ങളുടെ പരിചരണം എവിടെ’എന്ന തലക്കെട്ടിൽ ഈയിടെ ആരംഭിച്ച ദേശീയ കാമ്പയിൻ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആംബുലൻസ് സേവനം ആവശ്യപ്പെടുന്ന രോഗ ഗൗരവത്തെയും സാഹചര്യങ്ങളെയും കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുകയും ജീവന് ഭീഷണിയല്ലാത്ത കേസുകൾക്ക് ബദൽ ചികിത്സ മാർഗങ്ങൾ തേടണമെന്നും അദ്ദേഹം പറഞ്ഞു.
ചെറിയ ആഘാതം, അപകടം പോലെയുള്ള അടിയന്തരവും എന്നാൽ ജീവന് ഭീഷണിയില്ലാത്തതുമായ എല്ലാ കോളുകളും പ്രാഥമികമായി മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് റീഡയറക്ട് ചെയ്യുകയാണ് ലക്ഷ്യമെന്നും അലി ദർവീഷ് പറഞ്ഞു. ആംബുലൻസ് സേവനത്തിനായി പ്രതിദിനം ഏകദേശം 1200 കാളുകളാണ് ലഭിക്കുന്നതെന്നും 57 ഫോക്കൽ പോയന്റുകളിലേക്ക് ആംബുലൻസുകൾ അയക്കുകയും ചെയ്യുന്നുവെന്നും ദർവീഷ് ചൂണ്ടിക്കാട്ടി.
നെഞ്ചുവേദന, ഹൃദയാഘാതം, പക്ഷാഘാതം, അബോധാവസ്ഥ, ശ്വാസതടസ്സം, കഠിനമായ അലർജി തുടങ്ങിയ ഗുരുതര അവസ്ഥകളിൽ രോഗികൾക്ക് ആംബുലൻസ് സേവനം ജീവൻ രക്ഷാ പരിചരണം നൽകുന്നു.
അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസിനെ വിളിക്കുമ്പോൾ സ്വീകരിക്കേണ്ട പ്രധാന പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി എച്ച്.എം.സിയുടെ ദീർഘകാല ദേശീയ ബോധവത്കരണ കാമ്പയിനെക്കുറിച്ചും അസി. എക്സിക്യൂട്ടിവ് ഡയറക്ടർ വ്യക്തമാക്കി.999 നമ്പറിൽ ഉടൻ വിളിക്കുക, ലൊക്കേഷൻ അറിഞ്ഞിരിക്കുക, പാരാമെഡിക്കൽ ജീവനക്കാരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുക, നിർദേശങ്ങൾ പാലിക്കുക, ആംബുലൻസിനുള്ള വഴി നൽകുക എന്നീ അഞ്ച് പോയന്റുകളിലാണ് ഈ കാമ്പയിൻ കേന്ദ്രീകരിക്കുന്നത്. രോഗിയുള്ള സ്ഥലത്തേക്ക് ആംബുലൻസിനെ വേഗത്തിൽ എത്തിക്കുന്നതിനുള്ള നിർണായക ഘടകങ്ങളാണിവ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.