ദോഹ: മുൻ അഫ്ഗാൻ പാർലമെൻറംഗവും മനുഷ്യാവകാശ പ്രവർത്തകയും കടുത്ത താലിബാൻ വിമർശകയുമായ ഫൗസിയ കൂഫി ഖത്തറിൽ. അമേരിക്കൻ സൈന്യം കാബൂൾ വിടുന്നതിന് മുമ്പായി തിങ്കളാഴ്ച രാത്രിയോടെയാണ് ഇവർ ഖത്തർ അമിരി എയർഫോഴ്സ് വിമാനത്തിൽ അഫ്ഗാൻ വിട്ട് ഖത്തറിൽ അഭയം തേടിയത്. അഫ്ഗാൻ സുരക്ഷിതമല്ലെന്നും, എന്നാൽ ഒരുനാൾ ജന്മനാട്ടിലേക്ക് തിരികെ മടങ്ങാമെന്ന പ്രതീക്ഷയിലാണ് രാജ്യം വിടുന്നതെന്നും ദോഹയിലെത്തിയ ശേഷം അവർ പറഞ്ഞു.
ഏറ്റവും മികച്ച ഏകോപനത്തോടെ അഫ്ഗാനിൽ നിന്നുള്ള ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച ഖത്തറിനെ അഭിനന്ദിച്ച ഫൗസിയ കൂഫി, വനിതകൾ പ്രധാനപദവികൾ അലങ്കരിക്കുന്ന രാജ്യം ഏറെ സുരക്ഷിതമാണെന്നും ട്വീറ്റ് ചെയ്തു. അഫ്ഗാനിൽ നിന്നുള്ള ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഖത്തർ വിദേശ കാര്യ സഹമന്ത്രി ലുൽവ റാഷിദ് അൽ കാതിറിനെ ഇവർ അഭിനന്ദിച്ചു.
അഫ്ഗാനിലെ വനിതാ അവകാശങ്ങൾക്കും, മനുഷ്യവകാശങ്ങൾക്കും വേണ്ടി ധീരമായി പൊരുതിയ ഫൗസിയ കൂഫി എന്നും താലിബാൻെറ കടുത്ത വിമർശകയായിരുന്നു. നാഷനൽ അസംബ്ലി ഡെപ്യൂട്ടി സ്പീക്കർ പദവി അലങ്കരിച്ച ഇവർ ഈ സ്ഥാനത്തെത്തിയ ആദ്യ വനിതയുമായിരുന്നു. താലിബാൻ കാബൂൾ പിടിച്ചടക്കിയ ശേഷം വീട്ടുതടങ്കലിലായിരുന്നുവെങ്കിലും രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള ചർച്ചകളിൽ പങ്കാളിയായി. പത്തു ദിവസം മുമ്പും രാജ്യം വിടാൻ പദ്ധതിയില്ലെന്ന് വ്യക്തമാക്കിയെങ്കിലും അവസാന നിമിഷം ഖത്തറിലെത്തുകയായിരുന്നു.
രണ്ടു പെൺമക്കൾ നേരത്തെ തന്നെ ഖത്തറിലെത്തിയിരുന്നു. ഫൗസിയ കൂഫിയും മക്കളും തമ്മിലെ പുന:സമാഗമത്തിന് വഴിയൊരുക്കിയതിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് വിദേശകാര്യ സഹമന്ത്രി ലൂൽവ റാഷിദ് അൽ കാതിർ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.