ആ​ദി​ൽ അ​ൽ മു​ല്ല 

മുൻ ഖത്തർ ഫുട്ബാളർ ആദിൽ അൽ മുല്ല ഓർമയായി

ദോഹ: ഖത്തർ ഫുട്ബാൾ ആരാധകർക്കും സംഘാടകർക്കും വേദനയായി മുൻ ദേശീയതാരം ആദിൽ അൽ മുല്ല ഓർമയായി. ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 51 വയസ്സായിരുന്നു. ആദിൽ അൽ മുല്ലയുടെ വിയോഗം ഖത്തർ ഫുട്ബാളിന് വലിയ നഷ്ടമാണെന്നും, നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ഖത്തർ ഫുട്ബാൾ അസോസിയേഷൻ ട്വീറ്റ് ചെയ്തു.

കളിക്കളത്തിൽനിന്ന് വിരമിച്ചശേഷം ഫുട്ബാൾ കമന്‍റേറ്റായി പ്രവർത്തിച്ചു വരുകയായിരുന്ന അൽ മുല്ല, ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ലണ്ടനിലേക്ക് തിരിച്ചത്. അൽ അറബി ക്ലബിലൂടെ പ്രഫഷനൽ ഫുട്ബാളിലേക്ക് ബൂട്ട് കെട്ടിയ ആദിൽ അൽ മുല്ല പിന്നീട് അൽഖോർ, അൽ റയ്യാൻ ടീമുകൾക്കായും പന്തു തട്ടി. വീണ്ടും അൽ അറബിയിലെത്തിയ താരം വിരമിക്കുന്നതുവരെ ത‍െൻറ പഴയ ക്ലബിൽ തന്നെ തുടരുകയായിരുന്നു.

1992ലെ ബാഴ്സലോണ ഒളിമ്പിക്സ് യോഗ്യത മത്സരത്തിൽ ജപ്പാനെ പരാജയപ്പെടുത്തി ഖത്തർ ഒളിമ്പിക്സിലേക്ക് ടിക്കറ്റുറപ്പിച്ചപ്പോൾ വിജയഗോൾ ആദിലി‍െൻറ ബൂട്ടിൽ നിന്നായിരുന്നു. ധീരനായ താരം എന്നായിരുന്നു ആദിൽ അൽ മുല്ലയെ സഹകളിക്കാരും സഹപ്രവർത്തകരും വിളിച്ചിരുന്നത്. ആദിൽ അൽ മുല്ലയുടെ നിര്യാണത്തിൽ ഖത്തറിലെ മുതിർന്ന വ്യക്തികളും സംഘാടകരും കളിക്കാരും ക്ലബുകളും സമൂഹമാധ്യമങ്ങളിലൂടെ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

ആദിൽ അൽ മുല്ലയുടെ നിര്യാണത്തിൽ അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കുന്നുവെന്നും കുടുംബത്തി‍െൻറ ദുഃഖത്തിലും വേദനയിലും പങ്കു ചേരുന്നുവെന്നും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് ശൈഖ് ജൂആൻ ബിൻ ഹമദ് ആൽഥാനി ട്വീറ്റ് ചെയ്തു. ആദിൽ അൽ മുല്ലയുടെ നിര്യാണ വാർത്ത ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹത്തിെൻറ വിയോഗത്തിൽ കുടുംബത്തിന് അനുശോചനം അറിയിക്കുന്നതായും അൽ അറബി ക്ലബ് മേധാവി സലാഹ് അൽ മുല്ല അറിയിച്ചു. അൽ അറബി ക്ലബ് മാനേജ്മെൻറ്, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി എന്നിവരും മുൻ ദേശീയ താരത്തിെൻറ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.

Tags:    
News Summary - Former Qatari footballer Adil Al Mulla is passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.