ദോഹ: നാലു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം അവസാനിപ്പിച്ച് ഖത്തറിനോട് യാത്രപറയാൻ ഒരുങ്ങി തിരുവല്ല സ്വദേശി ചെറിയാൻ തോമസ്. 1980ൽ മലയാളികളുടെ ഗൾഫ് കുടിയേറ്റകാലത്തിന്റെ തുടക്കത്തിൽ തന്നെ ദോഹയിലെത്തി പ്രവാസത്തിന് തുടക്കമിട്ട ചെറിയാൻ തോമസ് 38 വർഷം ഒരേ സ്ഥാപനത്തിൽ സേവനം നടത്തിയാണ് നാട്ടിലേക്ക് മടക്കയാത്രയാവുന്നത്.
ഖത്തറില്‍ ആദ്യമെത്തിയപ്പോൾ അലി ബിന്‍ അലി എസ്റ്റാബ്ലിഷ്മെന്റ്, അല്മുഫുത്ത ഗ്രൂപ് എന്നീ കമ്പനികളിലായിരുന്നു ജോലി. പിന്നീട്, 1981ല്‍ ദോഹ ബാങ്കില്‍ ജോയിന്‍ ചെയ്ത്, നീണ്ട 38 വര്‍ഷം സ്ഥാപനത്തിന്റെ വളർച്ചയിൽ പങ്കാളിയായി. ഇപ്പോൾ, ഹെഡ് ഓഫ് ക്രെഡിറ്റ് അഡ്മിനിസ്ട്രേഷന് ആയാണ് വിരമിക്കുന്നത്.
പ്രഫഷനൽ ജീവിതത്തിനൊപ്പം സാമൂഹിക സേവന രംഗത്തും സജീവസാന്നിധ്യമായി ചെറിയാൻ തോമസ്. ദോഹയിലെ പ്രധാന കൂട്ടായ്മയായി മാറിയ ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ട) സ്ഥാപക അംഗവും മുൻ ട്രഷററും, മാനേജിങ് കമ്മിറ്റി അംഗവും, സാമൂഹിക സാംസ്കാരിക, ആത്മീയ മേഖലയിലെ നിറസാന്നിധ്യവുമായി അദ്ദേഹം. 2003ല്‍ 'ഫോട്ട'രൂപവത്കരണ യോഗത്തിലും പങ്കാളിയായിരുന്നു. ഭാര്യ ജോമോള്‍ തോമസ് ഫോട്ട വനിതാവിഭാഗം മാനേജിങ് കമ്മിറ്റി അംഗമായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദോഹ മിലാഹാ കമ്പനിയില്‍ ജീവനക്കാരിയായിരുന്നു ഇവർ. നാലുപതിറ്റാണ്ട് പ്രവാസം മതിയാക്കി മടങ്ങുന്ന ചെറിയാൻ തോമസിന് ഫോട്ട നേതൃത്വത്തിൽ യാത്രയയപ്പു നൽകി. പ്രസിഡന്റ് ജിജി ജോണ്‍ അധ്യക്ഷത വഹിച്ചു. ഐ.സി.സി. പ്രസിഡന്റ് പി.എന്‍. ബാബുരാജന് ഉദ്ഘാടനം ചെയ്തു. റജി കെ. ബേബി സ്വാഗതവും തോമസ് കുര്യന് നന്ദിയും പറഞ്ഞു. കുരുവിള കെ. ജോര്‍ജ്, അനീഷ് ജോര്‍ജ് മാത്യു, ആലിസ് റജി എന്നിവര്‍ സംസാരിച്ചു.
ചെറിയാനും കുടുംബവും ഫ്രൻഡ്സ് ഓഫ് തിരുവല്ലക്ക് നല്കിയ സേവനങ്ങളെ പരിഗണിച്ച് ഐ.സി.സി. പ്രസിഡന്റ് പി.ന്. ബാബുരാജന് ചെറിയാനും കുടുംബത്തിനും ഫോട്ടയുടെ ഉപഹാരം സമർപ്പിച്ചു. ചെറിയാന് തോമസ് മറുപടി പ്രസംഗവും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.