ഫോൺ വഴി വിവരങ്ങളും പണവും ആവശ്യപ്പെട്ടാണ് തട്ടിപ്പ്
ദോഹ: ഇന്ത്യൻ എംബസി ജീവനക്കാർ എന്ന പേരിൽ ഫോൺ സന്ദേശങ്ങളിലൂടെ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ഖത്തറിലെ ഇന്ത്യൻ എംബസി. പ്രവാസി ഇന്ത്യക്കാരെ എംബസിയിൽനിന്നോ എംബസി ഉദ്യോഗസ്ഥർ എന്ന വ്യാജേനയോ ഫോൺ ചെയ്ത് വ്യക്തിഗത വിവരങ്ങൾ തേടുകയും പണംതട്ടുകയും ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതായും ഇത്തരം വഞ്ചനകളിൽ വീഴരുതെന്നും എംബസി സമൂഹ മാധ്യമമായ ‘എക്സ്’ പ്ലാറ്റ്ഫോമിലെ ഔദ്യോഗിക പേജ് വഴി മുന്നറിയിപ്പ് നൽകി.
എംബസി ഉദ്യോഗസ്ഥർ എന്ന വ്യാജേന ഫോൺ വഴി ബന്ധപ്പെടുകയും പാസ്പോർട്ടുകൾ, വിസകൾ, അല്ലെങ്കിൽ എമിഗ്രേഷൻ ഫോമുകൾ എന്നിവയിൽ പിഴവുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുകയും ഇത് തിരുത്താൻ പണം ആവശ്യമാണെന്ന് അറിയിക്കുകയും ചെയ്താണ് പണം തട്ടുന്നത്.
രേഖകളിൽ ജനന തീയതി, പേര്, പാസ്പോർട്ട് നമ്പർ എന്നിവയിൽ പിഴവുണ്ടെന്നാണ് ഇവർ ഫോൺ വഴി അറിയിക്കുന്നത്. തുടർന്ന് ക്രെഡിറ്റ് കാർഡ് വിശദാംശങ്ങളും പണവും ആവശ്യപ്പെടുന്നു. രേഖകളിൽ അടിയന്തരമായി തിരുത്തൽ വരുത്തിയില്ലെങ്കിൽ ഖത്തറിൽ ജയിൽശിക്ഷയും നാടുകടത്തലും ഉൾപ്പെടെ നടപടികൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പുകാർ കബളിപ്പിക്കുന്നത്.
എംബസി ഉദ്യോഗസ്ഥർ അത്തരം ഫോണുകൾ ചെയ്യുന്നില്ലെന്നും സംശയാസ്പദമായ വിളികൾ ഒഴിവാക്കാനും വ്യക്തിഗത വിവരങ്ങൾ ആരുമായും വെളിപ്പെടുത്താനോ പണം കൈമാറാനോ പാടില്ലെന്നും എംബസി അറിയിപ്പിൽ വ്യക്തമാക്കി.
എംബസിയുമായി ബന്ധപ്പെട്ട ഇത്തരം തട്ടിപ്പുസന്ദേശങ്ങൾ ലഭിച്ചാൽ cons.doha@mea.gov.in എന്ന ഇ-മെയിൽ വഴി ബന്ധപ്പെടണമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.