ദോഹ: ഓണപ്പൂക്കളം പോലെ പലവിധ വർണങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഈത്തപ്പഴങ്ങൾ. മനംനിറക്കുന്ന കാഴ്ചകൾക്കൊപ്പം, നാവിൽ കൊതിയൂറുന്ന വൈവിധ്യങ്ങളുമായി സീസണിലെ ആദ്യ ഈത്തപ്പഴ ഫെസ്റ്റിന് ദോഹ സൂഖ് വഖഫിൽ തുടക്കമായി. ഖത്തറിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള 80 ഓളം കർഷകരുടെ ശേഖരവുമായാണ് സന്ദർശകരെ ആകർഷിക്കുന്ന ഈത്തപ്പഴ ഫെസ്റ്റിന് തുടക്കം കുറിച്ചത്.ജൂലൈ 30 വരെ നീണ്ടു നിൽക്കുന്ന മേളയിൽ വൈകീട്ട് നാലുമുതൽ രാത്രി 10 വരെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും.
മുനിസിപ്പാലിറ്റി- പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലാണ് രാജ്യത്തെ പ്രാദേശിക ഈത്തപ്പഴ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. പ്രാദേശിക ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുകയും സ്വീകാര്യത വർധിപ്പിക്കുകയുമാണ് മേളയുടെ ലക്ഷ്യം.
ഈത്തപ്പഴങ്ങളുെട വൈവിധ്യവും പ്രദർശനത്തിലെ ആകർഷണീയതയും കൊണ്ട് വേറിട്ടതാണ് മേള. അപൂർവ ഇനം ഈത്തപ്പഴങ്ങളായ ഖലസ്, ഷിഷി, കെനൈസി, ബർഹി, സഖായ്, നബത് സൈഫ്, ലുലു, റസിസി, ഇറാഖി, സുഫ്റി, കുർദി തുടങ്ങിയവ മേളയിൽ സന്ദർശകരെ കാത്തിരിക്കുന്നു.
മുൻ സീസണുകളേക്കാൾ പൊതുജന പങ്കാളിത്തവും വിൽപനയും പ്രതീക്ഷിക്കുന്നതായി കാർഷിക വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ ആദിൽ അൽ ഖാലിദി അൽ യഫാഇ പറഞ്ഞു. പരിസ്ഥിതി മന്ത്രാലയത്തിനു കീഴിൽ പ്രാദേശിക കർഷകർക്ക് മികച്ച പിന്തുണയാണ് നൽകുന്നത്. കുറഞ്ഞ ചെലവിൽ വൈദ്യുതി, കൃഷി അഭിവൃദ്ധിപ്പെടുത്താനാവശ്യമായ സാങ്കേതിക സഹായങ്ങൾ, വിദഗ്ധരുടെ ഉപദേശങ്ങൾ, സബ്സിഡികൾ തുടങ്ങിയ നൽകുന്നതായും അദ്ദേഹം പറഞ്ഞു. ഈത്തപ്പഴ മേളയുടെ രണ്ടാംഘട്ടം നവംബറിൽ നടത്തുമെന്ന് സൂഖ് വഖഫ് മാനേജർ മുഹമ്മദ് അബ്ദുല്ല അൽ സാലിം പറഞ്ഞു.
3600 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് മേള ഒരുക്കിയത്. കോവിഡ് സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ച് 720 പേർക്ക് ഒരേസമയം ഇവിടെ പ്രവേശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.