ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പ് മത്സരങ്ങൾ മുക്കാൽ ദൂരം പിന്നിടുമ്പോൾ സംഘാടനത്തിൽ എ പ്ലസ് മികവുമായി ഖത്തർ. ആതിഥേയത്വം വഹിക്കുന്നതിനുള്ള അവകാശം നേടിയത് മുതൽ ടൂർണമെന്റ് സംഘാടന നടപടികൾ നേരത്തെ ആസൂത്രണം ചെയ്ത സമയക്രമം അനുസരിച്ചാണ് നീങ്ങുന്നതെന്ന് സംഘാടക സമിതി സെൻട്രൽ ഓപറേഷൻസ് എക്സിക്യൂട്ടിവ് ഡയറക്ടർ ബദർ അബ്ദുൽ ഹമീദ് അൽ ലിൻജാവി ഖത്തർ ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
സമീപവർഷങ്ങളിൽ ഖത്തർ ആതിഥേയത്വം വഹിച്ച വിവിധ ടൂർണമെന്റുകളും അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളും സംഘടിപ്പിക്കുന്നതിലൂടെ മികച്ച സംഘാടക പരിചയസമ്പത്തുള്ള ഉദ്യോഗസ്ഥർ ഏഷ്യൻ കപ്പ് സംഘാടക സമിതിയിലെ കേന്ദ്ര പ്രവർത്തനങ്ങളിൽ ഭാഗമായിട്ടുണ്ടെന്നും ഖത്തർ ലോകകപ്പ് 2022 വലിയ പാരമ്പര്യമാണ് സംഘാടനത്തിൽ നൽകിയതെന്നും അൽ ലിൻജാവി പറഞ്ഞു.
എല്ലാ ടീമുകളെയും ഔദ്യോഗിക പ്രതിനിധികളെയും ഉൾക്കൊള്ളുന്ന സെൻട്രൽ കൺട്രോൾ റൂം വഴി മുഴുസമയ സേവനങ്ങൾ നൽകുന്ന മെഡിക്കൽ വകുപ്പ് ഉൾപ്പെടെ നിരവധി വിഭാഗങ്ങൾ സെൻട്രൽ ഓപറേഷൻസ് വിഭാഗത്തിൽ ഉൾപ്പെടുമെന്നും എക്സിക്യൂട്ടിവ് ഡയറക്ടർ വ്യക്തമാക്കി. മെഡിക്കൽ സേവനങ്ങൾ എല്ലാ ഹോട്ടലുകളിലും ലഭ്യമാക്കിയിരുന്നു. കളിക്കാർക്കും ആരാധകർക്കും വേണ്ടി നിർണായക സാഹചര്യങ്ങളിൽ ദ്രുതഗതിയിൽ സേവനങ്ങൾ നൽകാൻ പ്രത്യേക സംഘവുമായി എല്ലാ സ്റ്റേഡിയത്തിലും ക്ലിനിക്ക് സ്ഥാപിച്ചു.
ഉയർന്ന കൃത്യതയോടെയും സമയോചിത ഇടപെടലുകളിലൂടെയും അതിന്റെ ചുമതലകൾ നിർവഹിക്കുന്നതിൽ വകുപ്പ് വിജയിച്ചിട്ടുണ്ടെന്ന് ലിൻജാവി സൂചിപ്പിച്ചു. എച്ച്.എം.സിയും ആസ്പെറ്റാറും നൽകുന്ന പിന്തുണയും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജീവനക്കാർക്കും വിവിധ വകുപ്പുകൾക്കും പ്രോഗ്രാമുകൾ നൽകൽ, സ്റ്റേഡിയങ്ങളെയും സൈറ്റുകളെയും പ്രധാന ഓപറേഷൻ കേന്ദ്രവുമായി ബന്ധിപ്പിക്കുന്നതുൾപ്പെടെയുള്ള വിവിധ ലോജിസ്റ്റിക് ജോലികളുടെ ഉത്തരവാദിത്തമുള്ള ഇൻഫർമേഷൻ സിസ്റ്റമാണ് കേന്ദ്രത്തിന് കീഴിലുള്ള പ്രധാന വകുപ്പുകളിലൊന്ന്. ഇ-സേവനങ്ങൾ, ഇന്റർനെറ്റ് സേവനങ്ങൾ, വയർലെസ് കമ്യൂണിക്കേഷൻ സേവനങ്ങൾ എന്നിവ നൽകുന്നതും ആരാധകർക്കും തൊഴിലാളികൾക്കും ആശയവിനിമയ ശൃംഖല ഉറപ്പുവരുത്തൽ, സൈബർ സുരക്ഷ എന്നിവയും ഇൻഫർമേഷൻ വകുപ്പിന് കീഴിലാണ് വരുന്നത്.ഔദ്യോഗിക പ്രതിനിധികളെയും അതിഥികളെയും താമസിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തവും കേന്ദ്ര ഓപറേഷന് കീഴിലാണ് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പങ്കെടുക്കുന്ന ടീമുകൾക്കും ഔദ്യോഗിക പ്രതിനിധികൾക്കും മറ്റും മികച്ച താമസം ഉറപ്പുവരുത്തുന്നതിനുള്ള ഹോട്ടലുകൾ തെരഞ്ഞെടുക്കുന്നതിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 21 ഹോട്ടലുകളാണ് ടീമുകൾക്കായി തെരഞ്ഞെടുത്തത്. വി.ഐ.പികൾ, റഫറിമാർ, നിരീക്ഷകർ, മാധ്യമപ്രവർത്തകർ എന്നിവർക്കായി നാല് ഹോട്ടലുകളും സജീവമായി പ്രവർത്തിച്ചു. ഇതുവരെ 2000 മാധ്യമപ്രതിനിധികൾ ടൂർണമെന്റിന്റെ ഭാഗമായി പങ്കെടുത്തു. 76 വാർത്തസമ്മേളനങ്ങളും നടത്തി.
പ്രാദേശിക സംഘാടക സമിതിയും സംപ്രേഷണ ചാനലുകളും തമ്മിലെ ഏകോപനം മികച്ചതാണ്. ചാനലുകൾക്ക് നേരിട്ടുള്ള വിവർത്തന സേവനങ്ങൾ നൽകിയതായും അദ്ദേഹം വ്യക്തമാക്കി. സ്റ്റേഡിയങ്ങൾക്കുള്ളിലെ ഹോസ്പിറ്റാലിറ്റി സേവനങ്ങൾ സംബന്ധിച്ചും അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു.
മെട്രോയിൽ നിന്നുള്ള ദൃശ്യം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.