ദോഹ: ഗസ്സയിൽ വെടിനിർത്തൽ സാധ്യമാക്കുന്നതിന് ഇസ്രായേലും ഹമാസും തമ്മിലുള്ള മധ്യസ്ഥ ശ്രമങ്ങളെക്കുറിച്ച് സംശയം ജനിപ്പിക്കുന്ന മാധ്യമ റിപ്പോർട്ടുകൾ അവഗണിക്കണമെന്ന ആഹ്വാനവുമായി ഖത്തർ. വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരിയെ ഉദ്ധരിച്ച് ഖത്തർ വാർത്ത ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും ഗസ്സയിൽ വെടിനിർത്തൽ സാധ്യമാക്കുന്നതിനും ബന്ദികളുടെ കൈമാറ്റത്തിനുമായി ഈജിപ്തുമായും അമേരിക്കയുമായുള്ള ചർച്ചകളും മധ്യസ്ഥ ശ്രമങ്ങളും തുടരുകയാണെന്നും മാജിദ് അൽ അൻസാരി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ആക്രമണം ആരംഭിച്ചത് മുതൽ വെടിനിർത്തുന്നതുമായി ബന്ധപ്പെട്ട് ഖത്തർ മധ്യസ്ഥ ശ്രമങ്ങളുമായി മുന്നിൽ തന്നെയുണ്ട്. ഇതിന്റെ ഭാഗമായാണ് നവംബർ-ഡിസംബർ മാസങ്ങളിലായി ഒരാഴ്ചത്തെ വെടിനിർത്തൽ സാധ്യമായത്. ഇക്കാലയളവിൽ 242 ഫലസ്തീൻ തടവുകാരെ ഇസ്രായേലിൽനിന്നും 109 ഇസ്രായേലി തടവുകാരെ ഹമാസിൽനിന്നും മോചിപ്പിക്കാൻ സാധിച്ചു. എന്നാൽ പിന്നീട് ഇസ്രായേൽ മോചിപ്പിച്ച ചിലരെ വീണ്ടും അറസ്റ്റ് ചെയ്യുകയും തടവിലാക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
റഫയിൽനിന്നുള്ള പുതിയ സംഭവവികാസങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും അധിനിവേശ സേന സാധാരണക്കാരെ ലക്ഷ്യമിടുന്നത് വർധിപ്പിച്ചിരിക്കുന്നുവെന്നും ആക്രമണങ്ങൾ വർധിപ്പിക്കുന്നത് മധ്യസ്ഥ ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും മാജിദ് അൽ അൻസാരി മുന്നറിയിപ്പ് നൽകി. മധ്യസ്ഥ ശ്രമങ്ങളെ ഇകഴ്ത്താനും അതിൽ സംശയം ജനിപ്പിക്കാനും ആരോപണം ഉന്നയിക്കാനും ചില മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്നും, ഇത് അവഗണിക്കണമെന്നും അദ്ദേഹം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.