ദോഹ: ലോകകപ്പ് ഫുട്ബാൾ വേളയിൽ ഖത്തറിന്റെ വേറിട്ട മാതൃകയായി ലോകത്തിന്റെ കൈയടി നേടിയ ‘ഹയ്യാ’ സംവിധാനത്തിന് അന്താരാഷ്ട്ര അംഗീകാരം. കാണികളുടെ രാജ്യത്തേക്കുള്ള പ്രവേശനത്തിനും സ്റ്റേഡിയത്തിൽ കടക്കുന്നതിനും പൊതുഗതാഗത സംവിധാനങ്ങളുടെ ഉപയോഗത്തിനുമെല്ലാമായുള്ള ‘ഹയ്യ’യുടെ മൊബൈൽ ആപ്ലിക്കേഷന് മിന ഡിജിറ്റൽ അവാർഡ്. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച മൊബൈൽ ആപ്പിനുള്ള ഗോൾഡൻ പുരസ്കാരമാണ് ‘ഹയ്യാ ടു ഖത്തർ 2022’ ആപ്ലിക്കേഷനെ തേടിയെത്തിയത്.
ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി വികസിപ്പിച്ച ഹയ്യാ ഖത്തർ ആപ്പ് ലോകകപ്പ് വേളയിലെ പ്രധാന കേന്ദ്രബിന്ദു കൂടിയായിരുന്നു.
14 ലക്ഷം വിദേശ കാണികൾ ഉൾപ്പെടെ ലോകകപ്പിന് മാച്ച് ടിക്കറ്റ് സ്വന്തമാക്കിയ 34 ലക്ഷം ആരാധകരാണ് ഹയ്യാ ആപ്ലിക്കേഷൻ ഉപയോഗിച്ചത്.
90 വർഷത്തിലേറെ ചരിത്രമുള്ള ഫിഫ ലോകകപ്പിന്റെ നാൾവഴികളിൽ ആദ്യമായാണ് ഇത്തരത്തിലൊരു കേന്ദ്ര വിനിമയ സംവിധാനം ഏർപ്പെടുത്തിയത്. ഇത് കാണികളുടെ യാത്രയിലും വിവരങ്ങൾ ലഭ്യമാക്കുന്നതിലും വിദേശകാണികൾക്ക് രാജ്യത്തേക്ക് പ്രവേശനത്തിനുള്ള വിസ സൗകര്യമായും ഏറെ ശ്രദ്ധേയമായി.
ലോകകപ്പ് ആതിഥേയ രാജ്യത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ അനുബന്ധമായി പ്രവർത്തിച്ച മൊബൈൽ ആപ് ലളിതമായ ഉപയോഗംകൊണ്ട് ആകർഷകമായി.
ഹയ്യാ ആപ്
ദുബൈയിൽ നടന്ന ചടങ്ങിൽ ഹയ്യാ ഓപറേഷൻസ് ഡയറക്ടർ സഈദ് അൽ കുവാരി, ഹയ്യാ എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് അബുഅഗ്ല എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
30 ലക്ഷത്തോളം കാണികൾക്ക് ലോകകപ്പിന്റെ അനുഭവങ്ങളും സേവനങ്ങളും വിവരങ്ങളുമെല്ലാം വിരൽതുമ്പിൽ ലഭ്യമാക്കുന്ന ദൗത്യവുമായി ഹയ്യാ ആപ് ശ്രദ്ധേയമായതായി മുഹമ്മദ് അബുഅഗ്ല പറഞ്ഞു. ലോകകപ്പ് പോലെയുള്ള മെഗാ മേളകളുടെ സംഘാടനത്തിൽ പുതിയ മാതൃകയായും ‘ഹയ്യാ’ സേവനം മാറ്റപ്പെട്ടു.
ലോകകപ്പ് വേളയിലും തുടർന്നും കാണികൾക്കും സഞ്ചാരികൾക്കും ഖത്തറിൽ ഏറ്റവും മികച്ച കൂട്ടായി മാറിയെന്ന് സഈദ അൽ കുവാരി പറഞ്ഞു. ലോകകപ്പിന് ശേഷം രാജ്യത്തേക്കുള്ള പ്രവേശന ഉപാധിയായും ദോഹ എക്സ്പോ, ഏഷ്യൻ കപ്പ് ഉൾപ്പെടെ മേളകളുടെ ഭാഗമായും തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.