ദോഹ: 2020-2021 അധ്യയന വർഷത്തെ സമഗ്ര വിദ്യാഭ്യാസ സർവേയുടെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം തുടക്കം കുറിച്ചു. മന്ത്രാലയത്തിലെ ഇവാലുവേഷൻ സെക്ടറിലെ സ്കൂൾ ഇവാലുവേഷൻ ഡിപ്പാർട്മെൻറാണ് സർവേ സംഘടിപ്പിക്കുന്നത്. രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളിലും പ്രീ സ്കൂളുകളിലും എല്ലാ വർഷവും സംഘടിപ്പിക്കുന്ന സർവേക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. സ്കൂൾ ചോദ്യാവലി, പ്രീ സ്കൂൾ ചോദ്യാവലി, സ്കൂൾ പ്രിൻസിപ്പൽമാർക്കുള്ള ചോദ്യാവലി, പ്രീ സ്കൂൾ ഡയറക്ടർമാർക്കുള്ള ചോദ്യാവലി എന്നിവയാണ് സർവേയിൽ പ്രധാനമായും ഉൾപ്പെടുന്നത്. ഫെബ്രുവരി അവസാനത്തോടെയാണ് ആദ്യ ഘട്ട സർവേ അവസാനിക്കുക.
ഖത്തറിലെ എല്ലാ സ്കൂളുകളിലെയും സ്കൂൾ ലീഡർമാരോട് സർവേയിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ മന്ത്രാലയം ആവശ്യപ്പെട്ടു. രാജ്യത്തിെൻറ സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം സ്കൂൾ ലീഡർമാർ വഴിയുള്ള സർവേയിലൂടെ കൃത്യമായി അടയാളപ്പെടുത്താൻ സാധിക്കും. സ്കൂളുകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ തിരിച്ചറിയാനും അവ പരഹരിക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്താനുമുള്ള സുപ്രധാന ഉപകരണമായിട്ടാണ് സർവേ ഫലങ്ങളെ ഉപയോഗപ്പെടുത്തുന്നത്. 2019-2020 അധ്യയന വർഷത്തെ സർവേ ഫലം കഴിഞ്ഞ വർഷം നവംബറിൽ മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു. അധ്യാപകരുടെ വിദ്യാർഥികളിലുള്ള സംതൃപ്തി സർക്കാർ സ്കൂളുകളിലേതിനേക്കാൾ സ്വകാര്യ സ്കൂളുകളിൽ കൂടുതലായിരുന്നുവെന്നാണ് സർവേയിലൂടെ പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.