ദോഹ: വിസ-താമസ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന പ്രവാസികൾക്കുള്ള ഗ്രേസ് പീരിയഡ് ആനുകൂല്യങ്ങൾ മാർച്ച് 31ഓടു കൂടി അവസാനിക്കും. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സെർച് ആൻഡ് ഫോളോഅപ് വിഭാഗം ഗ്രേസ് പീരിയഡ് ലെയ്സൺ ഓഫിസർ ക്യാപ്റ്റൻ കമാൽ താഹിർ അൽ തയ്രിയും, യൂനിഫൈസ് സർവിസ് വിഭാഗം ക്യാപ്റ്റൻ മുഹമ്മദ് അലി അൽ റാഷിദ് എന്നിവരാണ് ഇത് അറിയിച്ചത്.
കഴിഞ്ഞ വർഷം ഒക്ടോബർ 10ന് ആരംഭിച്ച ഗ്രേസ് പീരിയഡ് കാലയളവിന്‍റെ ആനുകൂല്യങ്ങൾ ഇതിനകം വിവിധ രാജ്യക്കാരായ പ്രവാസികൾ ഉപയോഗപ്പെടുത്തി. ശേഷിക്കുന്നവർ എത്രയും വേഗം ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സെർച് ആൻഡ് ഫോളോഅപ് കേന്ദ്രങ്ങളെ സമീപിച്ച് ഉപയോഗപ്പെടുത്തണമെന്ന് വിവിധ രാജ്യക്കാരായ കമ്യൂണിറ്റി നേതാക്കളും മാധ്യമപ്രവർത്തകരും പങ്കെടുത്ത യോഗത്തിൽ മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മാർച്ച് 31 വരെ നിലനിൽക്കുന്ന ഗ്രേസ് പീരിയഡിന്‍റെ ആനുകൂല്യം പരമാവധി നേരത്തേ ഉപയോഗപ്പെടുത്തണമെന്നും സ്റ്റാറ്റസ് നിയമവിധേയമാക്കാൻ ശ്രമിക്കുന്നവർക്ക് നിയമ നടപടികൾ ഉൾപ്പെടെ തടസ്സങ്ങളുണ്ടാവില്ലെന്നും അധികൃതർ അറിയിച്ചു.
ഒക്ടോബർ 10ന് ആരംഭിച്ച ഗ്രേസ് പീരിയഡ് കാലയളവ് ഡിസംബർ 31ന് അവസാനിച്ചതിനു പിന്നാലെ, മൂന്ന് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. നിലവിൽ മാർച്ച് 31 വരെയാണ് രാജ്യത്തെ വിസ, എൻട്രി-എക്സിറ്റ് നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്നവർക്ക് തങ്ങളുടെ സ്റ്റാറ്റസ് നിയമവിധേയമാക്കാനുള്ള സമയം. അവസാന ആഴ്ചകളിലേക്ക് കാത്തിരിക്കാതെ നേരത്തേതന്നെ മന്ത്രാലയം നിർദേശിക്കുന്ന ഓഫിസുകളിൽ സമയബന്ധിതമായി എത്തി ഇളവ് ഉപയോഗപ്പെടുത്തണമെന്ന് വ്യക്തമാക്കി.
വിസ, റെസിഡന്‍റ് നിയമങ്ങൾ ലംഘിച്ച് തുടരുന്നവർക്ക് സ്റ്റാറ്റസ് നിയമവിധേയമാക്കി രാജ്യത്ത് തുടരാനും തൊഴിലുടമയെ മാറാനും നിയമവിധേയമായി രാജ്യംവിടാനും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഗ്രേസ് പീരിയഡിന്‍റെ ഭാഗമായി ലഭിക്കും. ഇതിനു പുറമെ, ഇതു സംബന്ധിച്ച പിഴകളിൽ 50 ശതമാനം വരെ ഇളവുകൾ നൽകുമെന്നും മന്ത്രാലയം ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഈ അവസരം കാലതാമസമില്ലാതെ പ്രയോജനപ്പെടുത്തണമെന്നും, നിയമവ്യവസ്ഥയുമായി സഹകരിക്കാൻ എല്ലാ വിഭാഗം പ്രവാസികളും സന്നദ്ധമാവണമെന്നും ക്യാപ്റ്റൻ കമാൽ താഹിർ അൽ തയ്രി ആവശ്യപ്പെട്ടു.
നിയമലംഘകരായി തുടരുന്നവർ, ഗ്രേസ് പീരിയഡ് ഉപയോഗപ്പെടുത്താനായി സെർച് ആൻഡ് ഫോളോഅപ് ഓഫിസുകളെ സമീപിക്കുമ്പോൾ അറസ്റ്റോ മറ്റ് നിയമനടപടികളോ ഉണ്ടാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഖത്തറിലെ വിവിധ സാമൂഹിക നേതാക്കളും പൊതു പ്രവർത്തകരും നിയമലംഘകരായി തുടരുന്ന പ്രവാസികളെ ഈ അവസരം ഉപയോഗപ്പെടുത്താൻ പ്രേരിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ഗ്രേസ് പീരിയഡ് സൗകര്യം ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ഉമ്മു സലാല്‍, ഉമ്മു സുനൈം (ഇൻഡസ്ട്രിയൽ ഏരിയ), മിസൈമീര്‍, അല്‍ വക്ര, അല്‍ റയ്യാന്‍ എന്നിവടങ്ങളിലെ സർവിസ് സെന്‍ററുകളെ സമീപിക്കണമെന്ന് ക്യാപ്റ്റൻ മുഹമ്മദ് അലി അൽ റാഷിദ് വ്യക്തമാക്കി. ഞായർ മുതൽ വ്യാഴം വരെ ഉച്ച ഒന്നു മുതൽ ആറു വരെയാണ് ഓഫിസ് പ്രവർത്തന സമയം.
നിലവിലുള്ള തൊഴിലുടമയുടെ കീഴിൽ റെസിഡൻസ് പെർമിറ്റ് ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള സെറ്റിൽമെന്‍റ് അപേക്ഷകൾ 13 സേവനകേന്ദ്രങ്ങളിൽ എവിടെയെങ്കിലും സമർപ്പിക്കാം. അൽ ഷമാൽ, അൽ ഖോർ, അൽ ദായിൻ, ഉംസലാൽ, പേൾ, ഉനൈസ, സൂഖ് വാഖിഫ്, അൽ റയ്യാൻ, ഉം സിനൈം, അൽ ഷഹാനിയ, മിസൈമീർ, അവക്റ, ദുഖാൻ എന്നിവടങ്ങളിലെ മന്ത്രാലയം കേന്ദ്രങ്ങളിൽ ഈ സൗകര്യം ലഭ്യമാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.
യോഗത്തിൽ ഇന്ത്യൻ പ്രവാസികളെ പ്രതിനിധാനംചെയ്ത് ഐ.സി.സി പ്രസിഡന്‍റ് പി.എൻ. ബാബുരാജൻ, ലോകകേരള സഭ അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി ഉൾപ്പെടെ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.
ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക ഉൾപ്പെടെ വിവിധ പ്രവാസി സമൂഹങ്ങളുടെ പ്രതിനിധികളും പങ്കാളികളായി.
ഗുണഭോക്താക്കൾ 14,000 പേർ
ദോഹ: ആഭ്യന്തര മന്ത്രാലയം അനുവദിച്ച ഗ്രേസ് പീരിയഡിന്‍റെ ആനുകൂല്യം ഉപയോഗപ്പെടുത്താനായി ഇതുവരെ 28,400ഓളം അപേക്ഷകൾ ലഭിച്ചതായി സെർച് ആൻഡ് ഫോളോഅപ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിൽ 14,000 പേർ ആനുകൂല്യം ഉപയോഗപ്പെടുത്തി.
അപേക്ഷ പരിഗണിച്ചതിന്‍റെ അടിസ്ഥാനത്തിൽ 8277പേർ രാജ്യത്തിനു പുറത്തുപോയി. 6000ത്തിൽ ഏറെ പേർ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഖത്തറിലെ താമസം നിയമവിധേയമാക്കിയതായും അറിയിച്ചു. ഒക്ടോബർ 10ന് ആരംഭിച്ച്, അഞ്ചു മാസം പിന്നിട്ടപ്പോഴുള്ള കണക്കുകൾ പ്രകാരമാണ് ഈ വിവരങ്ങൾ. നടപടിക്രമങ്ങൾ പൂർത്തിയാവുന്ന മുറക്ക് കൂടുതൽ പേർക്ക് വിസ-താമസരേഖകൾ സംബന്ധിച്ച കാര്യങ്ങൾ നിയമവിധേയമാക്കി രാജ്യം വിടാനും, നിയമവിധേയമായി ഖത്തറിൽ തുടരാനും കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.
ആർക്കൊക്കെ ഈ അവസരം
അവസാന ദിനം വരെ കാത്തിരിക്കരുത്
മാർച്ച് 31വരെ ഗ്രേസ് പീരിയഡ് കാലാവധിയുണ്ടെങ്കിലും അവസാന നിമിഷം വരെ കാത്തിരിക്കരുതെന്ന് അധികൃതർ നിർദേശിച്ചു. പലകേസുകളിലും സെർച് ആൻഡ് ഫോളോഅപ് വിഭാഗങ്ങളെ സമീപിക്കുന്നവർക്ക്, മറ്റു മന്ത്രാലയങ്ങളിൽ നിന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടിവരും. അപേക്ഷകന് അറിവില്ലാത്ത പല നിയമനടപടികളും പൂർത്തിയാക്കാൻ ബാക്കിയുണ്ടാവുമെന്നതിനാൽ സമയമെടുത്തേക്കും. ഇത്തരം സാഹചര്യങ്ങൾകൂടി കണക്കിലെടുത്ത് ഗ്രേസ് പീരിയഡിന്‍റെ ആനുകൂല്യം ഉപയോഗപ്പെടുത്താൻ അവസാന ദിവസങ്ങൾ വരെ കാത്തിരിക്കരുതെന്ന് ക്യാപ്റ്റൻ കമാൽ താഹിർ അൽ തയ്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.