ദോഹ: ഗാലറി നിറച്ച ആരാധകരുടെ മനവും നിറച്ച് ഖത്തറിെൻറ ജൈത്രയാത്ര തുടരുകയാണ്. ഫിഫ അറബ് കപ്പിൽ ഇനി രണ്ടു ജയം ഉണ്ടായാൽ ഖത്തറിന് കിരീടത്തിൽ മുത്തമിടാം. വെള്ളിയാഴ്ച രാത്രിയിൽ അൽ ബെയ്ത് സ്റ്റേഡിയത്തിലെ നിറഞ്ഞുകവിഞ്ഞ ഗാലറിയെ സാക്ഷിയാക്കി അയൽക്കാരായ യു.എ.ഇയുടെ വലയിലേക്ക് ഖത്തർ അടിച്ചുകയറ്റിയത് എണ്ണംപറഞ്ഞ അഞ്ചു ഗോളുകൾ.
ഒരു ഗോൾകൊണ്ടുപോലും മറുപടി നൽകാനാവാതെ തളർന്ന എമിറേറ്റ്സ് പടക്ക് അറബ് കപ്പ് ക്വാർട്ടറിൽ ദയനീയമായ തോൽവി. ആദ്യ പകുതിയിൽ പിറന്ന അഞ്ചു ഗോളുകളിൽ എതിരാളികളുടെ സ്വപ്നങ്ങളെല്ലാം കെട്ടുകെട്ടിച്ച് ഖത്തറിെൻറ ആധികാരിക ജയം. അൽമുഈസ് അലി രണ്ടും, അബ്ദുൽ അസീസ് ഹാതിം, ബൗലം ഖൗഖി എന്നിവർ ഓരോ ഗോളും നേടി. ഒരു ഗോൾ സെൽഫായും അക്കൗണ്ടിലെത്തി. സ്വന്തം പേരിൽ ഗോൾ കുറിച്ചില്ലെങ്കിലും ഖത്തർ നേടിയ മൂന്നു ഗോളിനും പിന്നിലും ഈ യുവതാരത്തിെൻറ ബൂട്ടുകളുണ്ടായിരുന്നു. മറ്റു രണ്ടു ഗോളുകളാവട്ടെ പെനാൽട്ടിയിലൂടെയും.
അക്രം എന്ന അറ്റാക്കർ
കടന്നൽകൂടിളകിവരുേമ്പാലെയായിരുന്ന ഖത്തറിൻെറ ആക്രമണം. നിർണായക മത്സരങ്ങൾ മുന്നിലെത്തിയപ്പോൾ ഏറ്റവും മികച്ച സംഘത്തെ തന്നെ കോച്ച് ഫെലിക്സ് സാഞ്ചസ് കളത്തിലിറക്കി. മധ്യനിരയിൽ നായകൻ ഹസൻ ഹൈദോസിെൻറ ബൂട്ടിൽ വിരിയുന്ന കളിക്ക്, മുന്നേറ്റത്തിൽ അൽ മുഈസ് അലിയും സൂപ്പർ താരം അക്രം അഫീഫിയും മൂർച്ച നൽകി. അങ്ങനെ ആറാം മിനിറ്റിൽ തന്നെ ഗോൾ പരമ്പരക്ക് തുടക്കം കുറിച്ചു.
യു.എ.ഇ, വിങ്ങർ അലി സൽമിെൻറ പേരിൽ സെൽഫ് ഗോളായാണ് രേഖപ്പെടുത്തിയതെങ്കിലും, വിങ്ങിൽനിന്നും അൽ മുഈസ് അലി നൽകിയ ക്രോസ്, ബോക്സിനുള്ളിൽ മാർക്ക് ചെയ്യാതെ കിടന്ന അക്രം അഫീഫിയിലൂടെയാണ് ഷോട്ടായി പിറന്നത്. ഗോളിയെ മറികടന്ന പന്ത് തടഞ്ഞിടാനുള്ള യു.എ.ഇ താരം അലി സൽമിെൻറ ശ്രമത്തിനിടെ കാലിൽ തട്ടി വലയിലേക്ക്. സെൽഫ് ഗോളിലൂടെ കളിയുെട ആദ്യ മിനിറ്റിൽ തന്നെ ഖത്തറിെൻറ ഗോൾ വേട്ടക്ക് ഐശ്വര്യത്തോടെ തുടക്കമായി.
ശേഷം രണ്ടു പെനാൽറ്റി ഗോളുകൾ. 28ാം മിനിറ്റിൽ ബോക്സിനുള്ളിലെ ഹാൻഡ്ബാളിന് സംശയമില്ലാതെ ഉറുഗ്വായ് റഫറി ആന്ദ്രെ മറ്റ്യാസ് വിസിൽ മുഴക്കി. അൽമുഈസ് അലിയുടെ വെടിയുണ്ട കണക്കെയുള്ള ഷോട്ട് അനായാസം വലയിൽ.
2-0ത്തിന് ലീഡ്. 36ാം മിനിറ്റിൽ ഗോളിലേക്ക് കുതിച്ച അൽ മുഈസ് അലിയെ യു.എ.ഇ ഡിഫൻഡർ മുഹമ്മദ് സലിമും ഗോളി അലി ഖാസിഫും 'ൈസ്ലഡ് ടാക്ലിങ്ങിലൂടെ' വീഴ്ത്തിയപ്പോൾ റഫറി അടുത്ത പെനാൽറ്റി വിധിച്ചു. വി.എ.ആർ പരിശോധനയിലായിരുന്നു പെനാൽറ്റി. കിക്കെടുത്ത ബൗലം ഖൗഖി മനോഹരമായി തന്നെ പന്ത് വലയിലെത്തിച്ചു. പ്രതിരോധം പൊട്ടി, പൊസിഷനിങ്ങും പാളിയ യു.എ.ഇയുടെ താരങ്ങൾ മനോനില വീണ്ടെടുക്കും മുേമ്പ വീണ്ടും ഗോളുകൾ പിറന്നു. 44ാം മിനിറ്റിൽ അബ്ദുൽ അസീസ് ഹാതിം ബോക്സിനു വെളിയിൽനിന്നും തൊടുത്ത ഉശിരൻ ഷോട്ട്, ഗോളിക്ക് ഒരു പിടിയും നൽകാതെ വലയുടെ മേൽക്കൂര കുലുക്കി വിശ്രമിച്ചു. വിങ്ങിൽനിന്നും ഹസൻ ഹൈദോസ് നൽകിയ ക്രോസിനെ അസാമാന്യ റണ്ണപ്പിലൂടെയാണ് അക്രം അഫീഫ് ഹാതിമിന് ഷോട്ടുതിർക്കാൻ പാകത്തിലെത്തിച്ചത്.
ആദ്യ പകുതിയുടെ ഷോ കഴിഞ്ഞു എന്ന് തോന്നിയപ്പോൾ, ഇഞ്ചുറി ടൈമിൽ ഒരു ഗോൾ കൂടി നേടി അൽ മുഈസ് പട്ടിക തികച്ചു. ലൈൻ റഫറി ഒാഫ് സൈഡ് കൊടി ഉയർത്തിയെങ്കിലും, വി.എ.ആർ പരിശോധനയിൽ ഗോൾ അനുവദിച്ചു. രണ്ടാം പകുതിയിൽ, അറ്റാക്കിങ് അവസാനിപ്പിച്ച മൂഡിലായിരുന്നു ഖത്തർ. പരിക്കു പറ്റിയ അക്രം അഫീഫി, അൽമുഈസ് അലി എന്നിവരെ പിൻവലിച്ചും, യുവതാരങ്ങൾക്ക് അവസരം നൽകിയും രണ്ടാംപകുതിയിലെ കളി മൃദുവാക്കി. എന്നാൽ, നിർണായക ചില സബ്സ്റ്റിറ്റ്യുഷനുകളിലൂടെ വാൻ മാർവിക് യു.എ.ഇയെ ഉണർത്താൻ ശ്രമിച്ചെങ്കിലും കോട്ടകെട്ടിയ പ്രതിരോധത്തെ മറികടക്കാൻ കഴിഞ്ഞില്ല. അൽജീരിയ - മൊറോക്കോ ക്വാർട്ടർ മത്സരത്തിലെ വിജയികളാവും സെമിയിൽ ഖത്തറിെൻറ എതിരാളി. 15ൽ അൽ തുമാമ സ്റ്റേഡിയത്തിൽ രാത്രി 10നാണ് സെമി.
എക്സ്ട്രാ ത്രിൽ; ഈജിപത് സെമിയിൽ
ദോഹ: അധിക സമയത്തേക്കു നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിൽ ജോർഡനെ 3-1ന് വീഴ്ത്തി ഈജിപ്ത് ഫിഫ അറബ് കപ്പിെൻറ സെമിയിൽ. അൽ ജനൂബ് സ്റ്റേഡിയത്തിൽ നടന്ന ത്രസിപ്പിക്കുന്ന മത്സരത്തിലായിരുന്നു ഈജിപ്ഷ്യൻ ജയം. കളിയുടെ 12ാം മിനിറ്റിൽ യാസൻ അബ്ദുല്ലയുടെ ഗോളിലൂടെ മുന്നിലെത്തിയ ജോർഡൻ എതിരാളികളെയും ഗാലറി നിറച്ച ഈജിപ്ഷ്യൻ കാണികളെയും ഞെട്ടിച്ചു. ഏറെ സമയമെടുത്താണ് ഈജിപ്ത് സമനില ഗോൾ നേടിയത്.
ഒന്നാം പകുതിയിലെ ഇഞ്ചുറി ടൈമിൽ മർവാൻ ഹംദിയുടെ വകയായിരുന്നു ഗോൾ. രണ്ടാം പകുതിയിൽ ഇരു ടീമുകളും ഒരുപിടി അവസരങ്ങൾ സൃഷ്ടിച്ചതല്ലാതെ വിജയഗോൾ പിറന്നില്ല. ഒടുവിൽ അധിക സമയത്തേക്കു നീണ്ടപ്പോൾ അഹമ്മദ് റിഫാതും (99) മർവാൻ മുഹമ്മദ് ദാവൂദും (119) ഈജിപ്തനായി വലകുലുക്കി വിജയം ആധികാരികമാക്കി. 15ന് റാസ് അബൂഅബൂദിലെ സ്റ്റേഡിയം 974ൽ നടക്കുന്ന മത്സരത്തിൽ ഈജിപ്ത് തുനീഷ്യയെ നേരിടും. ആദ്യ ക്വാർട്ടറിൽ ഒമാനെ തോൽപിച്ചാണ് തുനീഷ്യ സെമിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.