ദോഹ: വിവിധ സെക്ടറുകളിലേക്ക് നടത്തുന്ന സർവിസുകളിൽ നിരന്തരമായുണ്ടാവുന്ന നേരം വൈകൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ (ഗപാഖ് ) പ്രതിനിധികൾ എയർ ഇന്ത്യ എക്സ്പ്രസ് ഖത്തർമാനേജർ എസ്. രമേഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി.സാങ്കേതിക തകരാറാണ് പലപ്പോഴും നീണ്ട നേരം വൈകലിന് കാരണമാവുന്നത്. ഇത് യാത്രക്കാരുടെ സുരക്ഷ, സമയം, ജോലി അടക്കമുള്ള ധാരാളം പ്രയാസങ്ങളിലേക്ക് നയിക്കുന്നതെന്നും ചൂണ്ടിക്കാണിച്ചു.
കോഴിക്കോട് സെക്ടറിലേക്ക് ഒരു മാസത്തിനകം രണ്ടു തവണ 24 മണിക്കൂറോളം വൈകി പുറപ്പെട്ടത് പ്രത്യേകം പരാമർശിച്ചു. ഇത്തരം സന്ദർഭങ്ങളിൽ യാത്രക്കാർക്ക് ആവശ്യമായ ഭക്ഷണം, താമസം എന്നിവ യഥാസമയം എത്തിക്കാനുള്ള സംവിധാനം ഫലപ്രദമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.തിരക്കേറിയ സീസണുകളിൽ അഡീഷനൽ ഫ്ലൈറ്റ് സർവിസ് തുടങ്ങാനാവശ്യമായ നടപടികൾ നേരത്തേ തന്നെ തുടങ്ങണമെന്നും അഭ്യർഥിച്ചു. യാത്രക്കാരുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നും സാധ്യമായ രീതിയിൽ സൗകര്യം ഏർപ്പെടുത്തുമെന്നും മാനേജർ ഉറപ്പ് നൽകി.
ചർച്ചയിൽ ഗപാഖ് ജന. സെക്രട്ടറി ഫരീദ് തിക്കോടി, ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടി, എക്സിക്യൂട്ടിവ് അംഗങ്ങളായ ഗഫൂർ കോഴിക്കോട്, അമീൻ കൊടിയത്തൂർ എന്നിവർ പങ്കെടുക്കുകയും ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.