ദോഹ: ഫിഫ ഇന്റർ കോണ്ടിനെന്റൽ കപ്പും, ഖത്തർ ദേശീയ ദിനാഘോഷങ്ങളുമായി സജീവമായ ഡിസംബർ 11 മുതൽ 18 വരെ ദിവസങ്ങൾക്കിടയിൽ നിറഞ്ഞോടി ദോഹ മെട്രോ. കളിയും വിവിധ വിനോദ-വിജ്ഞാനങ്ങളുമായി സജീവമായ ഒരാഴ്ചയിലേറെ നീണ്ട ദിവസങ്ങളിൽ 16.7 ലക്ഷം പേർ ദോഹ മെട്രോയും ലുസൈൽ ട്രാം നെറ്റ്വർക്കും ഉപയോഗിച്ചതായി ഖത്തർ റെയിൽ അറിയിച്ചു.
മെട്രോ യാത്രക്കാർ 16 ലക്ഷവും, ട്രാം യാത്രക്കാർ 70,000 വുമായിരുന്നു. ഡിസംബർ 11, 14 ദിവസങ്ങളിൽ 974 സ്റ്റേഡിയത്തിലും, 18ന് ലുസൈൽ സ്റ്റേഡിയത്തിലുമായി നടന്ന ഇന്റർ കോണ്ടിനെന്റൽ കപ്പിനും, ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കതാറ, സൂഖ് വാഖിഫ്, മുശൈരിബ് ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിലായി നടന്ന ആഘോഷങ്ങളിലേക്കും ലക്ഷങ്ങൾ ഒഴുകിയെത്തിയിരുന്നു.
ഫൈനലും ദേശീയ ദിനവും ഒന്നിച്ചു വന്ന ഡിസംബർ 18നായിരുന്നു ഏറ്റവും തിരക്കേറിയത്. ഒരു ദിവസം മാത്രം 3.63 ലക്ഷം പേർ ദോഹ മെട്രോ ഉപയോഗിച്ചു. ലുസൈൽ ക്യു.എൻ.ബി, സൂഖ് വാഖിഫ്, കതാറ എന്നീ സ്റ്റേഷനുകളായിരുന്നു ഈ ദിവസങ്ങളിൽ ഏറ്റവും തിരക്കേറിയത്.
ജനത്തിരക്ക് പരിഗണിച്ച് എല്ലാ മെട്രോ സ്റ്റേഷനുകളിലും വിപുലമായ സൗകര്യങ്ങളും അധികൃതർ ഒരുക്കിയിരുന്നു. മെട്രോ ലിങ്ക്, മെട്രോ എക്സ്പ്രസ് തുടങ്ങിയവയിലും തിരക്ക് അനുഭവപ്പെട്ടു. 30 മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് 61റൂട്ടുകളിലാണ് മെട്രോ ലിങ്ക് ബസുകൾ ഓടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.