ദോഹ: ഖത്തറിലെ ഓട്ടക്കാർ ആവേശത്തോടെ കാത്തിരിക്കുന്ന ഗൾഫ് മാധ്യമം ഖത്തർ റണ്ണിന് വെള്ളിയാഴ്ച വിസിൽ മുഴക്കം. സ്വദേശികളും വിദേശികളും ഉൾപ്പെടെ ഇത്തവണയും 45ഓളം രാജ്യക്കാരുടെ പങ്കാളിത്തത്തിലാണ് ഏപ്രിൽ ഒന്നിന് പുലർച്ചെ ആസ്പയർ പാർക്കിൽ ഹ്രസ്വ-ദീർഘ ദൂര ഓട്ടത്തിന് വിസിൽ മുഴങ്ങുന്നത്. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ കായികതാരങ്ങളുടെ വൻ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി മാറിയ ചാമ്പ്യൻഷിപ്പിൽ ഇക്കുറി വിദ്യാർഥികൾക്കുള്ള മത്സരമാണ് വേറിട്ട ഇനം.
10 കി.മീ, 5 കി.മീ, മൂന്ന് കി.മീ ദൂര വിഭാഗങ്ങളിൽ ഓപൺ, മാസ്റ്റേഴ്സ് പ്രൈമറി, സെക്കൻഡറി വിഭാഗങ്ങളിൽ 16 കാറ്റഗറികളിലായി നടക്കുന്ന മത്സരങ്ങൾക്കു പുറമെയാണ് സ്കൂൾ കുട്ടികൾക്കും പോരാട്ടം നടക്കുന്നത്. ഖത്തറിലെ 12ഓളം സ്കൂളുകളിൽ നിന്നുള്ള 200ഓളം വിദ്യാർഥികൾ ഗൾഫ് മാധ്യമം 'ഖത്തർ റണ്ണിൽ' പങ്കാളികളാവും. അണ്ടർ 15 വിഭാഗക്കാർക്ക് രണ്ടു കിലോമീറ്ററിലും അണ്ടർ 18 വിഭാഗക്കാർക്ക് മൂന്ന് കിലോ മീറ്ററിലുമായാണ് മത്സരങ്ങൾ. ആൺ-പെൺ വിഭാഗങ്ങളിലായി ഫിനിഷ് ചെയ്യുന്നവർക്കെല്ലാം 'ഖത്തർ റൺ' മെഡൽ സമ്മാനിക്കും. വിജയികൾക്ക് മികച്ച സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, ഏറ്റവും കൂടുതൽ വിഭാഗങ്ങളിൽ വിജയിക്കുന്നവരെ അടിസ്ഥാനമാക്കി ഇന്‍റർ സ്കൂൾ ചാമ്പ്യൻഷിപ്പും നൽകും.
ജഴ്സി വിതരണം ഇന്നും നാളെയും
ദോഹ: ഗൾഫ് മാധ്യമം 'ഖത്തർ റണ്ണിൽ' പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തവർക്കുള്ള ജഴ്സി-ബിബ് വിതരണം ബുധൻ, വ്യാഴം ദിവസങ്ങളിലായി നടക്കും. ഗൾഫ് മാധ്യമം ഓഫിസിൽ ബുധനാഴ്ച വൈകീട്ട് നാല് മുതൽ ആറു വരെയും, വ്യാഴാഴ്ച രാവിലെ 10 മുതൽ വൈകീട്ട് ആറുവരെയുമായി ജഴ്സിയും ബിബ് നമ്പറും നൽകുമെന്ന് സംഘാടകർ അറിയിച്ചു. മത്സരങ്ങൾക്കായി രജിസ്റ്റർ ചെയ്തവർക്ക് തിരിച്ചറിയൽ രേഖയുമായി ജഴ്സിയും ബിബ് നമ്പറും ഏറ്റുവാങ്ങാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.