ദോഹ: ഗൾഫ് മാധ്യമം-ഷി ക്യൂ എക്സലൻസ് പുരസ്കാരം ഫൈനൽ റൗണ്ടിലേക്കുള്ള ഓൺലൈൻ വോട്ടെടുപ്പിന് ശനിയാഴ്ച വൈകീട്ടോടെ തുടക്കമായി. https://www.sheqawards.com ലിങ്ക് വഴി ഖത്തറിലുള്ളവർക്ക് ഫൈനൽ റൗണ്ടിലേക്ക് വോട്ട് ചെയ്യാം. 10 വിഭാഗങ്ങളിലായി ഫൈനൽ റൗണ്ടിൽ 27 വ്യക്തികളും മൂന്ന് വനിത സംഘടനകളുമാണ് ഫൈനൽ റൗണ്ടിൽ ഇടംപിടിച്ചത്.
വെബ്സൈറ്റ് ലിങ്കിൽ പ്രവേശിച്ച് ‘വോട്ട്’ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത ശേഷം, ഖത്തർ മൊബൈൽ നമ്പർ നൽകി ലഭിക്കുന്ന ഒ.ടി.പി വഴി വോട്ടിങ് പേജിൽ പ്രവേശിക്കാം. തുടർന്ന് ഓരോ കാറ്റഗറികളിലുമായി ഫൈനൽ റൗണ്ടിൽ ഇടംനേടിയ മൂന്നിൽ ഒരാൾക്ക് വീതം വോട്ട് ചെയ്യാം.
ജൂലൈ 20ന് ആരംഭിച്ച നാമനിർദേശ പ്രക്രിയകൾ കഴിഞ്ഞ ദിവസം അവസാനിച്ചപ്പോൾ പത്തുവിഭാഗങ്ങളിൽ ആയിരത്തോളം പ്രതിഭകളുടെ പേരുകളാണ് ഓൺലൈൻവഴി നാമനിർദേശം ചെയ്തത്. ഇവയിൽനിന്ന് തെരഞ്ഞെടുത്തവ വിദഗ്ധർ ഉൾപ്പെടുന്ന ജഡ്ജിങ് പാനലിന്റെ വിധിനിർണയത്തിന്റെ അടിസ്ഥാനത്തിൽ അന്തിമ റൗണ്ടിലേക്ക് പരിഗണിക്കുകയായിരുന്നു.
കല-സാഹിത്യം, സംരംഭകത്വം, അധ്യാപനം, പരിസ്ഥിതി പ്രവർത്തനം, ആതുരസേവനം, ഫാർമസി, സാമൂഹിക സേവനം, കായികം, നഴ്സിങ് തുടങ്ങിയ മേഖലകളിലാണ് വ്യക്തിഗത അവാർഡുകൾ സമ്മാനിക്കുന്നത്. ഏറ്റവും മികച്ച രീതിയിൽ പൊതുപ്രവർത്തനം നടത്തുന്ന വനിത സംഘടനക്കും ഇത്തവണ ഷി ക്യു പുരസ്കാരം സമ്മാനിക്കുന്നുണ്ട്.
നിരവധി സംഘടനകൾ നാമനിർദേശം സമർപ്പിച്ച ‘ഷി ഇംപാക്ട്’ വിഭാഗത്തിൽ നടുമുറ്റം ഖത്തർ, കേരള വിമൻസ് ഇനിഷ്യേറ്റിവ് ഖത്തർ (ക്വിഖ്), സിജി വിമൻ എംപവർമെന്റ് മീറ്റ് ദോഹ എന്നീ കൂട്ടായ്മകളാണ് ‘ഇംപാക്ട്’ വിഭാഗത്തിൽ ഇടംപിടിച്ചത്. ഓൺലൈൻ വഴി ലഭിക്കുന്ന വോട്ടുകളും വിദഗ്ധർ അടങ്ങിയ ജഡ്ജിങ് പാനലിന്റെ വിധിനിർണയവും അടിസ്ഥാനമാക്കിയാവും സെപ്റ്റംബർ 22ന് നടക്കുന്ന പ്രൗഢഗംഭീര ചടങ്ങിൽ വിജയികളെ പ്രഖ്യാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.