ദോഹ: ഖത്തർ ലോകകപ്പിന് ടിക്കറ്റുറപ്പിച്ചവർക്ക്, അടുത്ത നടപടിക്രമങ്ങൾക്ക് തുടക്കംകുറിച്ചതായി ലോകകപ്പ് സംഘാടക സമിതിയായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ഗെലസി. മത്സരവേദികളിലേക്ക് പ്രവേശനം ഉറപ്പാക്കുന്ന ഹയ്യാ കാർഡും (ഫാൻ ഐഡി), കളികാണാനെത്തുമ്പോൾ താമസ സൗകര്യങ്ങൾക്കുള്ള ബുക്കിങ്ങും വെബ്സൈറ്റ് വഴി ആരംഭിച്ചതായി സുപ്രീം കമ്മിറ്റി പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സുപ്രീം കമ്മിറ്റിയുടെ വെബ്സൈറ്റയായ www.qatar2022.qa/en/home വഴിയാണ് ഇരു അപേക്ഷകളും സമർപ്പിക്കേണ്ടത്.
ലോകകപ്പ് മത്സരങ്ങൾക്കായി ടിക്കറ്റ് സ്വന്തമാക്കിയവർക്ക് സ്റ്റേഡിയങ്ങളിലേക്ക് പ്രവേശനത്തിന് ഫാൻ ഐഡിയായ ഹയ്യാ കാർഡ് നിർബന്ധമാണെന്ന് സുപ്രീം കമ്മിറ്റി ഹയ്യാ കാർഡ് എക്സിക്യൂട്ടിവ് ഡയറക്ടർ സഈദ് അൽ കുവാരി പറഞ്ഞു. സ്റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനത്തിനു പുറമെ, മത്സര ദിനങ്ങളിൽ പൊതുഗതാഗത സംവിധാനങ്ങളിൽ സൗജന്യ പ്രവേശനം, ഖത്തർ റെസിഡന്‍റ് അല്ലാത്തവർക്ക് രാജ്യത്തേക്കുള്ള എൻട്രി പെർമിറ്റ് എന്നിവയെല്ലാം ഹയ്യാ കാർഡ് വഴി ലഭ്യമാവും.
ഫിഫ അറബ് കപ്പിനേക്കാൾ ഓൺലൈൻ അപേക്ഷനടപടികൾ എളുപ്പമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഫിഫ അറബ് കപ്പിൽ നടപ്പാക്കി വിജയിച്ച ഹയ്യാ കാർഡ് സംവിധാനത്തിന്‍റെ നടപടിക്രമങ്ങൾ ഇത്തവണ കൂടുതൽ ലളിതമാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകകപ്പിനായി വിദേശത്തുനിന്നു വരുന്ന കാണികൾക്ക് ഹയ്യാ കാർഡ് വഴി എൻട്രി പെർമിറ്റ് നേടാൻ കഴിയുമെന്ന് സെക്യൂരിറ്റി ഓപറേഷൻസ് കമ്മിറ്റി പ്രതിനിധി ക്യാപ്റ്റൻ മുഹമ്മദ് അൽ കുവാരി പറഞ്ഞു. സുപ്രീം കമ്മിറ്റി മീഡിയ പ്രതിനിധി മുഹമ്മദ് അൽ കാൻജിയും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വിദേശ കാണികൾക്ക് താമസ ബുക്കിങ്
ഖത്തർ റെസിഡന്‍റ് അല്ലാത്ത വിദേശകാണികൾക്കാണ് താമസ ബുക്കിങ് നിർബന്ധം. ഇതിനായി ഹോട്ടലുകൾ, അപ്പാർട്മെന്‍റ്, വില്ലകൾ, ക്രൂസ് ഷിപ്പുകൾ ഉൾപ്പെടെ ലക്ഷത്തിലേറെ താമസസൗകര്യം ഒരുക്കിയതായി സുപ്രീം കമ്മിറ്റി അക്കമഡേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഉമർ അൽ ജാബിർ പറഞ്ഞു. ബർവ സിറ്റി വില്ലേജിനു കീഴിൽ 25,000ത്തോളം റൂമുകളും രണ്ട് ക്രൂസ് ഷിപ്പുകൾ വഴി 4000ത്തോളം റൂമുകളും തയാറാണ്. ഇതിനു പുറമെ, വിവിധ മേഖലകളിലും ലോകകപ്പിനെത്തുന്ന കാണികൾക്ക് താമസസജ്ജീകരണങ്ങളായി.
സുപ്രീം കമ്മിറ്റി വെബ്സൈറ്റിലെ ലിങ്ക് വഴിയാണ് താമസത്തിന് ബുക്ക്ചെയ്യണ്ടേത്. ഇതിനു പുറമെ, ഹോട്ടൽ, ഹോളിഡേ അക്കമഡേഷൻ വെബ്സൈറ്റ് വഴിയും കാണികൾക്ക് താമസസൗകര്യം ബുക്ക് ചെയ്യാവുന്നതാണ്. താമസത്തിനായുള്ള ബുക്കിങ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ ഹയ്യാ കാർഡ് അപേക്ഷനടപടികളും പൂർത്തിയാവൂ.
സുഹൃത്തുക്കൾക്കൊപ്പം തങ്ങാം; പക്ഷേ
ദോഹ: ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം നിന്ന് ലോകകപ്പ് കാണാൻ കഴിയുമോ എന്ന ചോദ്യത്തിന് അധികൃതർ വിശദീകരണം നൽകി. എന്നാൽ, ചില നിബന്ധനകൾക്ക് വിധേയമായാണ് ഇത്. ആതിഥേയനാവുന്ന താമസക്കാരൻ വെബ്സൈറ്റ് വഴി നേരത്തേ രജിസ്റ്റർ ചെയ്തിരിക്കണം. അതിന്‍റെ അടിസ്ഥാനത്തിൽ വിദേശങ്ങളിൽനിന്നു വരുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ ആയ കാണികൾക്ക് താമസത്തിന് സൗകര്യം ഒരുക്കാവുന്നതാണ്. ഇതിന്‍റെ വിശദാംശങ്ങൾ നൽകിവേണം ലോകകപ്പ് കാണാൻ വരുന്ന കാണികൾ ഹയ്യാ കാർഡിന് രജിസ്റ്റർ ചെയ്യേണ്ടത്. ഇതുസംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ വഴിയേ അറിയിക്കുമെന്ന് അധികൃതർ വിശദീകരിച്ചു.
'ഹയ്യാ ടു ഖത്തർ 2022' ആപ്പും റെഡി
ഫാൻ ഐഡി കാർഡ് സ്വന്തമാക്കാനായി മൊബൈൽ ആപ്ലിക്കേഷനും തയാറായതായി സംഘാടകർ അറിയിച്ചു. ആൻഡ്രോയ്ഡ്, ആപ്പ്ൾ സ്റ്റോറുകളിൽനിന്ന് ഡൗൺലോഡ് ചെയ്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.