ദോഹ: പിറന്നാളായാലും വിവാഹ വാർഷികമായാലും ജീവിതത്തിലെ സന്തോഷനിമിഷങ്ങളിൽ കേക്ക് മുറിയും വിനോദയാത്രയും ആഘോഷങ്ങളുമല്ല പി.സി. നൗഫൽ കട്ടുപ്പാറയുടെ രീതി. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളിലെല്ലാം അദ്ദേഹം ആശുപത്രിയിലേക്ക് ഓടിയെത്തും.
എന്നിട്ട്, ബ്ലഡ് ബാങ്കിലേക്ക് രക്തം പകരും. കഴിഞ്ഞ കുറെ വർഷങ്ങളായുള്ള ശീലം ഇക്കുറി 10ാം വിവാഹ വാർഷികത്തിലും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ നൗഫൽ തെറ്റിച്ചില്ല. ജൂൈല 24ന് പ്രിയതമക്കൊപ്പം വാർഷികം ആഘോഷിക്കുന്നതിന് പകരം, നൗഫൽ ഓടിയെത്തിയത് ഖത്തർ ഹമദ് ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക്. കഴിഞ്ഞ മൂന്നു വർഷമായി ഖത്തറിൽതന്നെയായിരുന്നു നൗഫൽ വിവാഹ വാർഷികങ്ങൾക്ക് രക്തം നൽകിയത്. അതിനു മുമ്പ് പലതവണയായി നാട്ടിലും നൽകി.
ഒരു വ്യക്തിക്ക് ജീവിതത്തില്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും ഹൃദയസ്പര്‍ശിയായ ജീവകാരുണ്യ പ്രവൃത്തിയാണ് രക്തദാനം എന്നാണ് നൗഫലിൻെറ വിശ്വാസം. അതുകൊണ്ടുകൂടിയാണ് ഈ ചെറുപ്പക്കാരൻ തൻെറ ജീവിതത്തിലെ നല്ല ദിനങ്ങളെ രക്തദാനംകൊണ്ട് പുണ്യവത്കരിക്കുന്നതും.
ആ ദിവസങ്ങളിൽ നൗഫൽ മാത്രമല്ല, ഒരു പിടികൂട്ടുകാരെ ഒപ്പംകൂട്ടിയാണ് രക്തം നൽകാനെത്തുന്നതും. കഴിഞ്ഞ ദിവസം ഹമദിലെത്തിയതും അങ്ങനെതന്നെ. ഖത്തറിലെ പൊതു-സാമൂഹികരംഗങ്ങളിൽ സജീവ സാന്നിധ്യം കൂടിയാണ് സ്വകാര്യ കമ്പനിയിൽ ബിസിനസ് ഡെവലപ്മെൻറ് മാനേജറായി ജോലിചെയ്യുന്ന നൗഫൽ.
നാട്ടിലും ഖത്തറിലുമായി നിരവധി സംഘടനകളുടെ നേതൃസ്ഥാനത്തും സജീവമായിരുന്നു. കോളജ് പഠന കാലത്ത് വിദ്യാർഥി പ്രസ്ഥാനങ്ങളിൽ ജില്ല ഭാരവാഹിയായിരുന്ന ഇദ്ദേഹം, ഖത്തറിൽ യൂത്ത് വിങ്, ഇൻകാസ്, ഡോം മലപ്പുറം ഉൾപ്പെടെ നിരവധി സംഘടനകളുടെ ഭാഗം കൂടിയാണ്. അവരുടെയെല്ലാം രക്തദാന ക്യാമ്പുകൾക്ക് ചുക്കാൻ പിടിക്കുന്നതും നൗഫലാണ്.
കഴിഞ്ഞ ഡിസംബർ 27ന് പിറന്നാളിനും റമദാനിലും രക്തദാനം ചെയ്തു. ആറുമാസത്തിനിടെ മൂന്നുതവണയായി രക്തദാനം ചെയ്തതായും നൗഫൽ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.ഭാര്യ ഷബ്നക്കും മകൻ ഇവാൻ മുഹമ്മദിനുമൊപ്പം ഖത്തറിൽ കുടുംബസമേതം കഴിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.