Image: the peninsula qatar

ഖത്തറിലെത്തുന്ന സന്ദർശകർക്ക് ഇനിമുതൽ ഇൻഷുറൻസ് പോളിസി നിർബന്ധം

ദോഹ: ഖത്തറിലെ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ആദ്യ ഘട്ടം 2023 ഫെബ്രുവരി ഒന്നിന് ആരംഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (എം.ഒ.പി.എച്ച്) അറിയിച്ചു. ഖത്തറിലെത്തുന്ന എല്ലാ സന്ദർശകർക്കും ഇനിമുതൽ ആരോഗ്യ ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കണം. രാജ്യത്തേക്ക് വിസിറ്റ് വിസ ലഭിക്കണമെങ്കിൽ ഇൻഷുറൻസ് നിർബന്ധമായി മാറും.

ഖത്തറിലെത്തുന്ന എല്ലാ സന്ദർശകരും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് സ്കീമിൽ പരിരക്ഷിക്കപ്പെടണമെന്ന് വ്യവസ്ഥ ചെയ്യുന്ന ആരോഗ്യ സേവനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച 2021 ലെ നിയമം (22) അനുസരിച്ചാണിത്. പദ്ധതി സുഗമമായി നടപ്പാക്കുന്നതിനായാണ് ഘട്ടംഘട്ടമായി അവതരിപ്പിക്കുന്നത്.

പൊതുജനാരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത ആരോഗ്യ ഇൻഷുറൻസ് കമ്പനികളിൽനിന്ന് സന്ദർശകർക്ക് ആരോഗ്യ ഇൻഷുറൻസ് പോളിസി ലഭ്യമാക്കും. ഇതുൾപ്പെടെ പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്.

അടിയന്തര, അപകട സേവനങ്ങൾ മാത്രം ഉൾക്കൊള്ളുന്നതാണ് സന്ദർശകർക്കുള്ള ഇൻഷുറൻസ് പോളിസി. തുടക്കത്തിൽ 50 ഖത്തർ റിയാലാണ് ഒരു മാസത്തേക്ക് പ്രീമിയം. അധിക സേവനങ്ങൾ ഉൾക്കൊള്ളുന്ന ആരോഗ്യ ഇൻഷുറൻസ് പോളിസിയും സന്ദർശകർക്ക് തെരഞ്ഞെടുക്കാം. ഇൻഷുറൻസ് കമ്പനികളുടെ റേറ്റ് അനുസരിച്ച് അത്തരം പോളിസികളുടെ പ്രീമിയത്തിൽ മാറ്റമുണ്ടാകും.

മന്ത്രാലയ വെബ്‌സൈറ്റിൽ ലഭ്യമായ ലിങ്കുകൾ വഴി സന്ദർശകർക്ക് രജിസ്റ്റർ ചെയ്ത ഇൻഷുറൻസ് കമ്പനികളിലൊന്ന് തിരഞ്ഞെടുക്കാം. സന്ദർശകർ ഖത്തറിലേക്കുള്ള പ്രവേശന വിസയ്ക്ക് അപേക്ഷിക്കുമ്പോൾതന്നെ ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കണം. വിസ ലഭിക്കാൻ അത് നിർബന്ധമാണ്. സന്ദർശക വിസ നീട്ടുമ്പോഴും ഇതേ നടപടിക്രമം ബാധകമാണ്.

അന്താരാഷ്‌ട്ര ആരോഗ്യ ഇൻഷുറൻസ് കൈവശമുള്ള സന്ദർശകരുടെ കാര്യത്തിൽ ഇൻഷുറൻസ് പോളിസിയിൽ ഖത്തർ ഉൾപ്പെട്ടിരിക്കണമെന്നാണ് വ്യവസ്ഥ. അവർ രാജ്യത്ത് താമസിക്കുന്ന സമയത്ത് ഇൻഷുറൻസിന് സാധുതയുണ്ടായിരിക്കണം. ഈ രാജ്യാന്തര ഇൻഷുറൻസ് പരിരക്ഷ ഖത്തറിൽ അംഗീകരിച്ച ഇൻഷുറൻസ് കമ്പനികളിലൊന്ന് നൽകുന്നതായിരിക്കണമെനും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയെയും വ്യവസ്ഥക​ളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും എം.ഒ.പി.എച്ചിൽ രജിസ്റ്റർ ചെയ്ത ഇൻഷുറൻസ് കമ്പനികളുടെ ലിസ്റ്റ് പരിശോധിക്കാനും https://www.moph.gov.qa/english/derpartments/policyaffairs/hfid/Pages/Health-Insurance-Scheme.aspx എന്ന ലിങ്ക് സന്ദർശിക്കാം.

Tags:    
News Summary - Health Insurance Scheme for visitors to Qatar to begin on Feb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.