ദോഹ: കുഞ്ഞുങ്ങളിലെ കേൾവിത്തകരാറുകൾ നേരത്തെ കണ്ടെത്താനായുള്ള ദേശീയ പരിപാടിയുടെ ഭാഗമായി ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ വിവിധ ആശുപത്രികളിൽ പ്രതിവർഷം 28,000 കുഞ്ഞുങ്ങളെ കേൾവിപരിശോധനക്ക് വിധേയമാക്കുന്നുവെന്ന് എച്ച്.എം.സി. എല്ലാവർഷവും 20 മുതൽ 25വരെ കുട്ടികളിൽ കേൾവിസംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തുന്നുണ്ടെന്നും ആഗോള കണക്കുകൾപ്രകാരം 1000 കുഞ്ഞുങ്ങളിൽ ഒന്നു മുതൽ മൂന്നുവരെ പേർക്ക് കേൾവി പ്രശ്നങ്ങളുണ്ടെന്നും ഭിന്നശേഷിക്കാരുടെ ആരോഗ്യത്തിനായുള്ള ദേശീയ പ്രോഗ്രാം മേധാവി ഡോ. ഖാലിദ് എ. ഹാദി പറഞ്ഞു.
പുതിയ പ്രോട്ടോകോൾ പ്രകാരം ജനനം കഴിഞ്ഞ് രണ്ടുമൂന്ന് മാസത്തിനുള്ളിൽ നവജാത ശിശുക്കളെ പരിശോധനക്ക് വിധേയമാക്കണം. കൂടാതെ ഓട്ടോമേറ്റഡ് ഓഡിറ്ററി ബ്രെയിൻസ്ട്രീം റെസ്പോൺസ് പരിശോധനയും നടത്തണം. രണ്ട് മുതൽ നാല് വയസ്സ് വരെയുള്ള കുട്ടികൾക്കിടയിൽ പ്രതിവർഷം 20 മുതൽ 30 വരെ പേരിൽ കേൾവി നഷ്ടപ്പെടുന്നതുൾപ്പെടെയുള്ള തകരാറുകൾ കണ്ടെത്തുന്നുണ്ടെന്നും ഡോ. ഹാദി കൂട്ടിച്ചേർത്തു. നേരത്തെ പരിശോധന നടത്തുന്നതിലൂടെ കേൾവിത്തകരാറുകൾ വേഗത്തിൽ കണ്ടെത്താനാകുമെന്നും ആവശ്യമായ ചികിത്സ നൽകാമെന്നും ആംബുലേറ്ററി കെയർ സെൻററിലെ ഓഡിയോളജി ആൻഡ് ബാലൻസ് യൂനിറ്റ് സീനിയർ കൺസൽട്ടൻറ് കൂടിയായ ഡോ. ഹാദി ചൂണ്ടിക്കാട്ടി.
പരിശോധന നടത്താൻ വൈകുന്നതിലൂടെ കുട്ടികൾ സാമൂഹികമായ ഒറ്റപ്പെടലിന് വിധേയമാകുമെന്നും അടിസ്ഥാനവിദ്യാഭ്യാസം നേടുന്നതിന് വിഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. 2003ൽ ആരംഭിച്ച ദേശീയ പരിപാടിയിലൂടെ ഖത്തറിൽ ജനിച്ച എല്ലാ കുഞ്ഞുങ്ങളിലും ആശുപത്രി വിടുന്നതിന് മുമ്പായി കേൾവിപരിശോധനക്ക് വിധേയമാക്കും. ഈ പരിപാടിയുടെ ഭാഗമായി തന്നെ രണ്ട് മാസത്തിനുള്ളിൽ ആദ്യ വാക്സിനേഷൻ സമയത്ത് കുഞ്ഞുങ്ങളിൽ വീണ്ടും കേൾവിപരിശോധന നടത്തും.
2004ലാണ് എച്ച്.എം.സിക്ക് കീഴിൽ ഹിയറിങ് ബാലൻസ് ഡിപ്പാർട്ട്മെൻറ് ആരംഭിച്ചത്. നിലവിൽ 11 ക്ലിനിക്കുകളാണ് ഈ വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്നത്. പ്രതിവർഷം 45,000 രോഗികൾക്കാണ് ഇവിടെനിന്നും സേവനം ലഭ്യമാകുന്നത്. ഖത്തറിൽ 315 കോക്ലിയർ ഇംപ്ലാൻറ് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതായും ഏത് പ്രായത്തിലുള്ളവരിലും ഇത് സാധ്യമാകുമെന്നും ഡോ. ഹാദി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.