ദോഹ: കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പുകൾക്കു പിന്നാലെ വ്യാഴാഴ്ച ഖത്തറിന്റെ വിവിധ മേഖലകളിൽ ശക്തമായ മഴപെയ്തു. വാരാന്ത്യ ദിവസങ്ങളിൽ മഴയും ഇടിമിന്നലും സജീവമാകുമെന്ന് നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് ശക്തമായ കാറ്റും മഴയും വിവിധ മേഖലകളിൽ അനുഭവപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സീസണിലെ ആദ്യ മഴ ലഭിച്ചത്. ദോഹയിലും മറ്റിടങ്ങളിലും തുരങ്കപാതകളിലെ ഗതാഗതം തടസ്സപ്പെടുംവിധമായിരുന്നു ആദ്യ മഴയെത്തിയത്. തുടർദിവസങ്ങളിൽ മഴ അകന്നുവെങ്കിലും വ്യാഴാഴ്ച വീണ്ടും ശക്തമായി. ദോഹ, അൽഖോർ, വക്റ, മിസഇീദ്, അൽ റുവൈസ്, ദുഖാൻ, അബു സംറ തുടങ്ങിയ ഇടങ്ങളിൽ മഴ ലഭിച്ചു.
പൊതുജനങ്ങൾക്ക് ലഭിച്ച കമാൻഡ് സെന്റർ സന്ദേശം
അതിനിടെ, സ്വദേശികൾക്കും താമസക്കാർക്കുമായി പൊതു സുരക്ഷാ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നാഷനൽ കമാൻഡ് സെന്റർ എസ്.എം.എസ് സന്ദേശങ്ങൾ നൽകി. ശക്തമായ മഴയിൽ റോഡിൽ ജാഗ്രത പാലിക്കാനുള്ള നിർദേശവുമായാണ് സന്ദേശം നൽകിയത്. അറബി, ഇംഗ്ലീഷ് ഭാഷകളിൽ വലിയ ശബ്ദത്തോടെയാണ് സന്ദേശമെത്തിയത്. മഴയത്ത് പാലിക്കേണ്ട സുരക്ഷാനിർദേശങ്ങളുമായി പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ സമൂഹമാധ്യമങ്ങളിൽ ബോധവത്കരണ വിഡിയോ പങ്കുവെച്ചു. റോഡുകളിലെ സൂചനാബോർഡുകൾ ശ്രദ്ധിക്കണമെന്നും മഴപെയ്യുമ്പോൾ തുരങ്കപാതകൾ വഴിയുള്ള യാത്രയിൽ ജാഗ്രത പാലിക്കണമെന്നും
ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.