ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പിലെ 24 രാജ്യങ്ങളുടെയും സമ്പന്നമായ സാംസ്കാരിക വിസ്മയങ്ങളുമായി ലുസൈൽ ബൊളെവാഡിലെ ‘ഹലോ ഏഷ്യ’ ഖത്തറിനകത്തും പുറത്ത് നിന്നുമുള്ള സന്ദർശകർക്കും ആരാധകർക്കുമിടയിൽ ശ്രദ്ധ നേടുന്നു. ചടുലമായ നിറവൈവിധ്യങ്ങൾ, ശബ്ദവിസ്മയങ്ങൾ, രുചിഭേദങ്ങൾ എന്നിവയുമായി ‘ഹലോ ഏഷ്യ’ ബൊളെവാഡിനെ ഇതിനകം സാംസ്കാരിക കേന്ദ്രമാക്കി മാറ്റിക്കഴിഞ്ഞു.
രാജ്യങ്ങളുടെ ദൈനംദിന പരേഡുകൾ മുതൽ നാടോടിനൃത്ത, സംഗീതത്തിന്റെ ആകർഷകമായ പ്രകടനങ്ങൾ വരെ, പാചകരീതികൾ മുതൽ ഓരോ രാജ്യത്തെയും ഐക്കണിക് സ്ഥലങ്ങൾ വരെ ഏറ്റവും മികച്ചത് ‘ഹലോ ഏഷ്യ’യിൽ സന്ദർശകരെ കാത്തിരിക്കുന്നു. ഇന്ത്യയും ഖത്തറും ഉൾപ്പെടെ വിവിധ രാജ്യങ്ങളുടെ കാഴ്ചകൾ ഇവിടെ ശ്രദ്ധേയമാണ്.
ഏഷ്യയിലെ വൈവിധ്യമാർന്ന സംസ്കാരങ്ങളെയും പാരമ്പര്യ, പൈതൃകങ്ങളെക്കുറിച്ചും കൂടുതലറിയാനുള്ള കവാടമായി ‘ഹലോ ഏഷ്യ’മാറിയതായി സന്ദർശകരും സാക്ഷ്യപ്പെടുത്തുന്നു.
തായ് വാസ്തുവിദ്യ, പരമ്പരാഗത സംഗീത ഉപകരണങ്ങൾ, ടുക് ടുക് എന്ന പേരിലറിയപ്പെടുന്ന മൂന്ന് ചക്രമുള്ള മോട്ടോറൈസ്ഡ് റിക്ഷ എന്നിവയെല്ലാം തായ്ലൻഡ് പവിലിയൻ സന്ദർശിക്കുന്നവർക്ക് കൗതുകം സമ്മാനിക്കുന്നു.
‘ഹലോ ഏഷ്യ’യിലെ ഇന്തോനേഷ്യൻ പവിലിയനും സന്ദർശകരെ ആകർഷിക്കുന്നു. ആകർഷകമായ പരേഡുകൾ, പാചകരീതികൾ, നാടോടി നൃത്തങ്ങൾ എന്നിവയെല്ലാം ഇവിടെ സജ്ജമാക്കിയിരുന്നു. ഓരോ രാജ്യത്തിന്റെയും വിനോദസഞ്ചാരം, സംസ്കാരം, സമ്പദ് വ്യവസ്ഥ എന്നിവയും പവിലിയനുകളിൽ സന്ദർശകർക്ക് മുന്നിൽ പരിചയപ്പെടുത്തുന്നു.
1.3 കിലോമീറ്റർ ദൈർഘ്യമുള്ള ബൊളെവാഡിലെ കൺട്രി സോണിൽ ചൈന, ഫലസ്തീൻ, ഖത്തർ, യു.എ.ഇ, സിറിയ, ദക്ഷിണ കൊറിയ, ജപ്പാൻ, വിയറ്റ്നാം തുടങ്ങി ടൂർണമെന്റിൽ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളുടെയും പവിലിയനുകൾ ആകർഷകമായാണ് നിർമിച്ചിരിക്കുന്നത്.
ഡാർട്ട്സോൺ, ദൈനംദിന റോമിങ് പ്രദർശനങ്ങൾ, പരേഡുകൾ, നൃത്ത-സംഗീത പരിപാടികൾ, തത്സമയ സ്റ്റേജ് പരിപാടികൾ, മാജിക് പ്രദർശനം, സ്റ്റിൽട്ട് വാക്കറുകൾ, ഫെയ്സ് പെയ്ന്റിങ്, വിർച്വൽ റിയാലിറ്റി ആർക്കേഡ് എന്നിവയുൾപ്പെടെ നിരവധി കുടുംബ സൗഹൃദ പരിപാടികളും ‘ഹലോ ഏഷ്യ’ വാഗ്ദാനം ചെയ്യുന്നു.
ഏഷ്യൻ കപ്പ് മത്സരദിവസങ്ങൾ ഒഴികെ ഫെബ്രുവരി 10 വരെ വൈകീട്ട് നാലു മുതൽ രാത്രി 11 വരെയാണ് ‘ഹലോ ഏഷ്യ’ ആഘോഷ പരിപാടികൾ നടക്കുക. സ്വന്തമായി വാഹനത്തിലെത്തുന്നവർക്ക് പ്രത്യേകം പാർക്കിങ് സൗകര്യവും അധികൃതർ ഒരുക്കിയിട്ടുണ്ട്. ലുസൈൽ മെട്രോ സ്റ്റേഷനിൽനിന്ന് നടന്നെത്താനുള്ള ദൂരം മാത്രമാണ് ‘ഹലോ ഏഷ്യ’യിലേക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.