ദോഹ: ലോകകപ്പ് മാച്ച് ടിക്കറ്റ് സ്വന്തമാക്കിയ ആരാധകർക്ക് ഹയാ കാർഡ് നേരിട്ട് സ്വന്തമാക്കാൻ സൗകര്യങ്ങളുമായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. അലി ബിൻ ഹമദ് അൽ അതിയ്യ അറിനയിലും (അബ്ഹ അറിന), ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറിലും (ഡി.ഇ.സി.സി) ആരംഭിക്കുന്ന സെൻറുകൾ വഴി ഹയാ പ്രിൻറ് കാർഡുകൾ ആരാധകർക്ക് ലഭ്യമാവുമെന്ന് സുപ്രീം കമ്മിറ്റി ഹയാകാർഡ് പ്ലാറ്റ്ഫോം എക്സിക്യുട്ടിവ് ഡയറക്ടർ സഈദ് അൽ കുവാരി പറഞ്ഞു. മാച്ച് ടിക്കറ്റ് സ്വന്തമാക്കിയ ആരാധകർക്ക് സെന്‍ററുകളിൽ നേരിട്ടെത്തി ഹയാ കാർഡ് വാങ്ങാവുന്നതാണ്. കാർഡ് നഷ്ടമായവർക്ക് അധിക ചാർജുകളില്ലാതെ തന്നെ കാർഡ് വാങ്ങാൻ കഴിയുമെന്ന് ഇദ്ദേഹം വ്യക്തമാക്കി.
മാച്ച് ടിക്കറ്റുള്ള ആരാധകർക്ക് www.qatar2022.qa എന്ന വെബ്സൈറ്റ് വഴി ഹയാകാർഡിന് അപേക്ഷിക്കാൻ കഴിയും. അന്വേഷണങ്ങൾക്ക് മാൾ ഓഫ് ഖത്തറിലും ദോഹ ഫെസ്റ്റിവൽ സിറ്റിയിലും കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യേക ബൂത്തും ആരംഭിച്ചിരുന്നു.
ലോകകപ്പ് വേളയിൽ ആരാധകർക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനത്തിന് ഹയാ കാർഡ് നിർബന്ധമാണ്. വിദേശത്തു നിന്നുള്ള കാണികൾക്ക് രാജ്യത്തേക്ക് പ്രവേശനവും ഹയാ കാർഡ് വഴിയായിരിക്കും. പൊതു ഗതാഗത സംവിധാനങ്ങളിൽ സൗജന്യ യാത്രക്കൊപ്പം, ലോകകപ്പിന്‍റെ ഭാഗമായി നടത്തുന്ന നിരവധി ഫാൻ പരിപാടികളിലേക്ക് പ്രവേശനവും അനുവദിക്കും.
മാച്ച് ടിക്കറ്റുള്ള കാണികൾ നേരത്തേ തന്നെ ഹയാ കാർഡിന് അപേക്ഷിക്കണമെന്ന് സഈദ് അൽ കുവാരി നിർദേശിച്ചു. 'ഹയാ കാർഡിന്‍റെ ആവശ്യം സംബന്ധിച്ച് മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും വഴി ആരാധകരെ ബോധ്യപ്പെടുത്തുന്നത് തുടരുകയാണ്. അവസാന നിമിഷം വരെ അപേക്ഷിക്കാൻ കാത്തുനിൽക്കരുത്. ലോകകപ്പ് വേളയിൽ കാണികൾക്കുള്ള അടിസ്ഥാന രേഖയാണ് ഹയാ കാർഡ്. രാജ്യത്തിന് പുറത്തുള്ളവർക്ക് ഖത്തറിേലക്ക് പ്രവേശിക്കാൻ ഹയാ കാർഡ് എൻട്രി പെർമിറ്റായി മാറും' -സഈദ് അൽ കുവാരി വിശദീകരിച്ചു. നവംബർ ഒന്ന് മുതൽ ഡിസംബർ 23 വരെയാണ് ഹയാകാർഡ് ഉടമകൾക്ക് ഖത്തറിലേക്ക് പ്രവേശിക്കാൻ കഴിയുക.
ലോകകപ്പ് മാച്ച് ടിക്കറ്റ് സ്വന്തമാക്കിയ ആരാധകർക്ക് സ്റ്റേഡിയത്തിൽ ഇരിപ്പിടങ്ങൾ സംബന്ധിച്ച് ഒക്ടോബർ മുതൽ അറിയിപ്പ് ലഭിച്ചു തുടങ്ങുമെന്ന് സഈദ് അൽ കുവാരി പറഞ്ഞു. സ്റ്റേഡിയത്തിൽ എവിടെയാണ് തങ്ങളുടെ ഇരിപ്പിടമെന്ന് നേരത്തേ തന്നെ കൃത്യമായി അറിയാൻ കഴിയും.
ഹയാ കാർഡുള്ള വിദേശകാണികൾക്ക് ഖത്തറിലേക്കുള്ള പ്രവേശനത്തിന് ആവശ്യമായ വിസ അറിയിപ്പ് ഒക്ടോബർ ഒന്ന് മുതൽ ലഭിച്ചു തുടങ്ങും. മാച്ച് ടിക്കറ്റുള്ളവർ ഹയാ കാർഡിന് അപേക്ഷിച്ചതിന്‍റെ അടിസ്ഥാനത്തിലായിരിക്കും വിസ അറിയിപ്പ് ഇ മെയിൽ വഴി ലഭ്യമാക്കുക.
ദോഹ: ലോകകപ്പിന് പന്തുരുളാൻ ദിനങ്ങൾ മാത്രം ബാക്കിനിൽക്കെ ആരാധകരിലേക്ക് ബോധവത്കരണ പരിപാടികളുമായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. മാച്ച് ടിക്കറ്റുള്ള കാണികൾക്ക് സ്റ്റേഡിയം പ്രവേശനത്തിന് നിർബന്ധമായ ഹയാ കാർഡിന് എങ്ങനെ അപേക്ഷിക്കാം, ഹയാ കാർഡിന്‍റെ ഗുണങ്ങളും ആവശ്യവും എന്തെല്ലാം, താമസ സൗകര്യങ്ങൾ തുടങ്ങിയ സെഷനുകൾ ഉൾക്കൊള്ളുന്ന വെബിനാർ ചൊവ്വാഴ്ച ആരംഭിക്കും.
സെപ്റ്റംബർ 20, ഒക്ടോബർ നാല്, 11, 18, 27 തീയതികളിലായാണ് സുപ്രീം കമ്മിറ്റിയുടെ ഹയാ ട്രെയിനിങ് ടീം നയിക്കുന്ന വെബിനാർ നടക്കുന്നത്. ഇംഗ്ലീഷിലായിരിക്കും ഒരു മണിക്കൂർ ദൈർഘ്യമുള്ള വെബിനാർ. വിദഗ്ധ സംഘം ഹയാകാർഡ് സംബന്ധിച്ചും ലോകകപ്പ് താമസ സൗകര്യങ്ങളെ കുറിച്ചും വിശദീകരിക്കും. തുടർന്ന്, ചോദ്യങ്ങൾക്ക് ഉത്തരവും നൽകും. മൈക്രോ സോഫ്റ്റ് ടീം വഴി നടക്കുന്ന വെബിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. രജിസ്ട്രേഷൻ ലിങ്കും പുറത്തു വിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.