ദോഹ: വിദ്യാലയങ്ങളിൽ മധ്യവേനലവധിയും ബലി പെരുന്നാളും ഉൾപ്പെടെ അവധിക്കാലമെത്താനിരിക്കെ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന പ്രവാസികൾക്ക് തിരിച്ചടിയായി ടിക്കറ്റ് വിമാനനിരക്ക്. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് ദോഹയിൽനിന്നുള്ള എയർലൈൻ ടിക്കറ്റ് നിരക്കാണ് റോക്കറ്റ് വേഗത്തിൽ കുതിക്കുന്നത്.
ജൂലൈ മുതലാണ് രാജ്യത്ത് സ്കൂളുകൾക്ക് മധ്യവേനലവധി ആരംഭിക്കുന്നത്. ഒന്നാം തീയതി മുതൽ ജൂലൈ 15 വരെയുള്ള ദിവസങ്ങൾക്കുള്ളിൽ സ്ഥാപനങ്ങളിലെല്ലാം അവധി ആരംഭിക്കും. ജൂലൈ ഒമ്പതിനോ 10നോ ബലിപെരുന്നാളുമാകുന്നതോടെ കുടുംബങ്ങൾക്കൊപ്പവും അല്ലാതെയും യാത്രക്കൊരുങ്ങുന്നവർ നിരവധിയാണ്. കോവിഡിൽ വലഞ്ഞ രണ്ടു വർഷത്തിനുശേഷം, നാട്ടിലും ഗൾഫിലും കാര്യങ്ങളെല്ലാം പഴയപടിയായതിനാൽ കുടുംബത്തിനൊപ്പം ചേരാൻ ആഗ്രഹിക്കുന്നവരാണ് പ്രവാസികളും. 45 ദിവസംവരെ സ്കൂൾ അവധി ലഭിക്കുന്നതോടെ കുടുംബങ്ങൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങാൻ യാത്ര ആസൂത്രണം ചെയ്യുമ്പോഴാണ് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്കും വർധിക്കുന്നത്. നിലവിൽതന്നെ ഉയർന്നുതുടങ്ങിയ ടിക്കറ്റ് നിരക്കിന് ഇരട്ടിയോളമാണ് ജൂലൈ ആദ്യ വാരങ്ങളിലായി ഇപ്പോൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ദോഹയിൽനിന്നും കോഴിക്കോട്ടേക്ക് ജൂൺ 10- 15 വരെയുള്ള നിരക്ക് 1350 റിയാലാണ് (28,800 രൂപ). എന്നാൽ, ജൂലൈ ഒന്നിന് 1950 റിയാൽ (41600 റിയാൽ) മുതൽ മുകളിലേക്കാണ് കോഴിക്കോട്ടേക്ക് നേരിട്ടുള്ള എയർലൈൻ ടിക്കറ്റ് ചാർജ്.
സർക്കാർ മേഖലയിൽ പെരുന്നാൾ അവധി ആരംഭിക്കുന്ന ജൂലൈ ഏഴിലെത്തുമ്പോഴേക്കും നിരക്കിന് റോക്കറ്റ് വേഗമായി മാറും. കേരളത്തിലേക്കുള്ള നാല് വിമാനത്താവളങ്ങളിൽ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് താരതമ്യേന നിരക്ക് കുറവ്.
പെരുന്നാളിന് തൊട്ടുമുമ്പായി ഇരു വിമാനത്താവളങ്ങളിലും 1950 റിയാലാണ് നിരക്കെങ്കിൽ കൊച്ചിയിലേക്ക് 2000ത്തിന് മുകളിൽവരും. ദോഹയിൽനിന്ന് നേരിട്ട് സർവിസ് ഇല്ലാത്ത തിരുവനന്തപുരത്തേക്ക് 2400 റിയാലിന് മുകളിലായും ടിക്കറ്റ് നിരക്ക് കാണിക്കുന്നു.
എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നീ ഇന്ത്യൻ എയർലൈൻസിനൊപ്പം ഖത്തർ എയർവേസും കൂടിയാണ് കേരളത്തിലേക്ക് സർവിസ് നടത്തുന്നത്. എയർഇന്ത്യ കൊച്ചി, കോഴിക്കോട് റൂട്ടിൽ ദിവസേന സർവിസ് നടത്തുന്നുണ്ട്.
കണ്ണൂരിലേക്ക് തിങ്കൾ, ചൊവ്വ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലാണ് പറക്കുന്നത്. തിരുവനന്തപുരത്തേക്ക് കോഴിക്കോട് വഴിയുള്ള കണക്ഷൻ ൈഫ്ലറ്റുകൾ ചൊവ്വ, വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിലും സർവിസ് നടത്തുന്നു. മൂന്ന് എയർലൈനുകളും കൂടി ആഴ്ചയിൽ 50ൽ കൂടുതൽ സർവിസ് കേരളത്തിന്റെ വിവിധ വിമാനത്താവളങ്ങളിലേക്കായി നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.