ദോഹ: മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഖത്തറിലെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി എന്നിവരുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തി. അമീരി ദിവാനിൽ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഖത്തർ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി, വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖി എന്നിവരും പങ്കെടുത്തിരുന്നു.
കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍, രാജ്യസഭാംഗങ്ങളായ സുശീല്‍ കുമാര്‍ മോഡി, വിജയ് പാല്‍ സിങ് തമര്‍, ലോക്സഭാംഗം പി. രവീന്ദ്രനാഥ് എന്നിവര്‍ ഉള്‍പ്പെടെയുള്ള ഉന്നത പ്രതിനിധി സംഘത്തിനൊപ്പമാണ് ഉപരാഷ്ട്രപതി ഖത്തറിലെത്തിയത്.
രാവിലെയായിരുന്നു പിതൃ അമീറിനെ ഉപരാഷ്ട്രപതി സന്ദർശിച്ചത്. ഖത്തറിലെ ഏറ്റവും വലിയ പ്രവാസ സമൂഹമായ ഇന്ത്യക്കാർക്ക് നൽകുന്ന കരുതലിന് പിതൃ അമീറിനോടും രാജ്യത്തിന്‍റെ ഭരണനേതൃത്വത്തോടും ഉപരാഷ്ട്രപതി നന്ദി അറിയിച്ചു. പരസ്പര വിശ്വാസത്തോടെയും സൗഹൃദത്തോടെയും ഇന്ത്യയും ഖത്തറും തമ്മിൽ നിലനിൽക്കുന്ന ചരിത്രപരമായ ഊഷ്മള ബന്ധത്തെ അനുസ്മരിച്ച പിതൃ അമീർ, ഖത്തറിന്‍റെ വികസനത്തിൽ ഇന്ത്യൻ സമൂഹത്തിന്‍റെ സംഭാവനകളെ പ്രശംസിച്ചു.
ഇന്ത്യയും ഖത്തറും തമ്മിലെ വ്യാപാര സഹകരണവും നിക്ഷേപവും വർധിപ്പിക്കുന്നത് സംബന്ധിച്ചും ചർച്ചയായി. ഇന്ത്യയിലെ കൂടുതൽ നിക്ഷേപ സാധ്യതകൾ പിതൃ അമീർ ഉപരാഷ്ട്രപതിയുമായുള്ള ചർച്ചയിൽ ആരാഞ്ഞു. അടിസ്ഥാന സൗകര്യ വികസന മേഖല, ഊർജം, ഡിജിറ്റൽ, പ്രതിരോധം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ കൂടുതൽ നിക്ഷേപ അവസരങ്ങൾ ഉപയോഗപ്പെടുത്താനായി ഖത്തറിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തു. വിദ്യാഭ്യാസ, ഫാർമസി, ആരോഗ്യ മേഖലകളിൽ ഇന്ത്യയിൽ നിന്നുള്ള മനുഷ്യ വിഭവശേഷിയെയും നിക്ഷേപ സാധ്യതകളെയും ഖത്തറും സ്വാഗതം ചെയ്തു.
ഭക്ഷ്യ, ഊർജ സുരക്ഷ മേഖലകളിൽ രാജ്യാന്തര തലത്തിൽ അടുത്തിടെയുണ്ടായ പ്രതിസന്ധികളും പുതിയ സംഭവ വികാസങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ വിശദീകരിച്ചു. ഖത്തറിന്‍റെ ഭക്ഷ്യ സുരക്ഷ പദ്ധതികളിൽ ഇന്ത്യയുടെ സംഭാവനകളും പിന്തുണയും ഉപരാഷ്ട്രപതി ഖത്തർ ഭരണനേതൃത്വത്തിന് വാഗ്ദാനം ചെയ്തു. പിതാവ് അമീറിനെ സന്ദർശിച്ച ശേഷം അമീരി ദിവാനിലായിരുന്നു ഉപരാഷ്ട്രപതി ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഉന്നതതല ഇന്ത്യൻ സംഘവും അകമ്പടിയായി ഒപ്പമുണ്ടായിരുന്നു. ഇരുരാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി, നയതന്ത്ര ബന്ധങ്ങൾ കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. ചരിത്രപരമായ സൗഹൃദം കൂടുതൽ ശക്തമാക്കുന്നത് സംബന്ധിച്ചും ധാരണയായി.
ഉപരാഷ്ട്രപതി പദവിയിൽ ഖത്തറിലേക്കുള്ള പ്രഥമ സന്ദർശനത്തിൽ വെങ്കയ്യ നായിഡു സന്തോഷം പ്രകടിപ്പിച്ചു. 2015ൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇന്ത്യയിലെത്തിയിരുന്നു. തുടർന്ന് 2016ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഖത്തർ സന്ദർശനവുമുണ്ടായി. അതിനു ശേഷം, ഇരു രാജ്യങ്ങളുടെയും നയതന്ത്ര-ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി സംയുക്ത സമിതിയുടെ യോഗവും ചേരുന്നുണ്ട്. അടുത്തിടെയാണ് വിദേശകാര്യ മന്ത്രിതല സംയുക്ത യോഗം ചേർന്നത്.
ശനിയാഴ്ച രാത്രി ദോഹയിലെത്തിയ ഉപരാഷ്ട്രപതിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. വിമാനത്താവളത്തിൽ ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽതാൻ ബിൻ സാദ് അൽ മുറൈഖിയുടെ നേതൃത്വത്തിലുള്ള ഉന്നത സംഘം വരവേറ്റു. ഷെറാട്ടൺ ഹോട്ടലിലേക്ക് ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയാണ് വരവേറ്റത്. തിങ്കളാഴ്ച ഉപരാഷ്ട്രപതി ഖത്തർ സർവകലാശാലയും മ്യൂസിയവും സന്ദർശിക്കും. തുടർന്ന് വൈകീട്ട് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്‍റെ സ്വീകരണ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കും. ചൊവ്വാഴ്ച രാവിലെയാണ് മടക്കം.
ദോഹ: ഖത്തർ സർവകലാശാലയിൽ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് വിഭാഗം ചെയർ ആരംഭിക്കാൻ ധാരണയായി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ സന്ദർശനത്തിന്‍റെ ഭാഗമായാണ് ഐ.സി.സി.ആറിന്‍റെ ഇന്ത്യൻ സ്റ്റഡീസ് ചെയർ സ്ഥാപിക്കാൻ തീരുമാനമായത്. വൈവിധ്യമാർന്ന ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും പഠനവിധേയമാക്കുന്നതായിരിക്കും ഐ.സി.സി.ആറിന്‍റെ ചെയർ.
ഇതിനു പുറമെ, ഇന്ത്യൻ വാർത്ത ഏജൻസിയായ എ.എൻ.ഐയും ഖത്തറിന്‍റെ ഔദ്യോഗിക വാർത്ത ഏജൻസിയായ ക്യു.എൻ.എയും തമ്മിൽ സഹകരണം സംബന്ധിച്ചും ധാരണയിലെത്തി.
ദോഹ: ഇന്ത്യക്കാർക്ക് ഖത്തറിലും ഖത്തറിൽനിന്നുള്ളവർക്ക് ഇന്ത്യയിലും നിക്ഷേപത്തിന് അവസരം തുറന്നു നൽകുന്ന സ്റ്റാർട്ടപ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ ഖത്തർ സന്ദർശനത്തിന്‍റെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യ-ഖത്തർ ബിസിനസ് ഫോറത്തിലാണ് ഉദ്ഘാടനം നിർവഹിച്ചത്.
ബിസിനസ് ഫോറത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്തു. ഖത്തർ വാണിജ്യ-വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം അൽ അബ്ദുല്ല ആൽഥാനി, ഖത്തര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ചെയർമാൻ ശൈഖ് ഖലിഫ ബിൻ ജാസിം ആൽഥാനി, ഖത്തർ ബിസിനസ് അസോസിയേഷൻ ചെയർമാൻ ശൈഖ് ഫൈസൽ ബിൻ ഖാസിം ആൽഥാനി എന്നിവരും പങ്കെടുത്തിരുന്നു.
ലുലു ഗ്രൂപ് ചെയർമാൻ എം.എ. യുസുഫലി, ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് ഉൾപ്പെടെ ഇന്ത്യൻ വ്യവസായ പ്രതിനിധികളും പങ്കെടുത്തു.
രാഷ്ട്രപതിയുടെ സംഘത്തെ അനുഗമിക്കുന്ന ഫിക്കി, സി.ഐ.ഐ, അസോചം തുടങ്ങിയ ഇന്ത്യൻ വ്യാപാരി-വ്യവസായി സംഘടന പ്രതിനിധികളും ഖത്തറിലെ ഇന്ത്യൻ ബിസിനസുകാരും സ്വദേശി ബിസിനസുകാരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.