ദോഹ: ന്യൂറോ സർജിക്കൽ ചികിത്സയിൽ ശ്രദ്ധേയമായ മുന്നേറ്റവുമായി ഹമദ് മെഡിക്കൽ കോർപറേഷനിലെ വിദഗ്ധരുടെ സംഘം. 60 കഴിഞ്ഞ അർബുദ രോഗിയുടെ നട്ടെല്ലിലെ ട്യൂമർ ഓഗ്മെന്റഡ് റിയാലിറ്റി വിത്ത് ഇലക്ട്രോണിക് നാവിഗേഷൻ സാങ്കേതിക വിദ്യവഴി വിജയകരമായി നീക്കം ചെയ്തുകൊണ്ടാണ് മേഖലയിലെ ചികിത്സാരംഗത്ത് ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കിയത്. ഖത്തറിലും മിഡിലീസ്റ്റിലും നെക്സ്റ്റ്-എ.ആർ സ്പൈനൽ ഉപകരണത്തിന്റെ പിന്തുണയോടെ ഇത്തരത്തിലുള്ള ആദ്യത്തെ ശസ്ത്രക്രിയയാണിത്.
ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. സിറാജുദ്ദീൻ ബെൽഖൈർ
രോഗിയുടെ സുഷുമ്നാ നിരക്കുള്ളിൽ ഉയർന്ന കൃത്യതയോടെ ശസ്ത്രക്രിയാ ഉപകരണങ്ങളെ നയിക്കാൻ ഈ നൂതന സാങ്കേതികവിദ്യ ശസ്ത്രക്രിയാ വിദഗ്ധരെ സഹായിച്ചെന്ന് എച്ച്.എം.സി ന്യൂറോ സർജറി വിഭാഗം മേധാവിയും സർജിക്കൽ ടീം തലവനുമായ ഡോ. സിറാജുദ്ദീൻ ബെൽഖൈർ പറഞ്ഞു. ഇതിലൂടെ സുഷുമ്നക്ക് ചുറ്റുമുള്ള വാസ്കുലാർ, ന്യൂറൽ കോശങ്ങൾക്ക് പരിക്കേൽക്കാനുള്ള സാധ്യത കുറക്കുന്നുവെന്നും അതുവഴി ശസ്ത്രക്രിയ പ്രക്രിയയുടെ പാർശ്വഫലങ്ങൾ കുറക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.ശസ്ത്രക്രിയക്കിടെ സർജൻ ധരിക്കുന്ന ഇലക്ട്രോണിക് ഗ്ലാസുകളിലൂടെ സുഷുമ്ന സി.ടി സ്കാൻ ചിത്രങ്ങൾ രോഗിയുടെ നട്ടെല്ലുമായി സംയോജിപ്പിക്കുന്നതാണ് ഈ സാങ്കേതികവിദ്യ. ഈ ഗ്ലാസുകൾ ഓപറേറ്റിങ് റൂമിനുള്ളിലെ കമ്പ്യൂട്ടറിനെ ബ്ലൂടൂത്ത് വഴി ബന്ധിപ്പിക്കും. ഇതിലൂടെ നട്ടെല്ല് ഇംപ്ലാന്റുകൾ സ്ഥാപിക്കുന്നതിന് വ്യക്തമായ കാഴ്ച നൽകുന്നു. ഇതിന്റെ ഫലമായി ശസ്ത്രക്രിയ നടപടികൾ വേഗത്തിലും കൂടുതൽ കൃത്യതയോടെയും നടത്താൻ കഴിയും.
സുഷുമ്നാ ട്യൂമർ ബാധിച്ച് രണ്ടുകാലുകളും തളർന്ന രോഗിയിലാണ് പുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ച ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കുശേഷം ട്യൂമർ വിജയകരമായി നീക്കം ചെയ്തു. ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാം ദിവസം തന്നെ രോഗി നടക്കാനുള്ള ശേഷി വീണ്ടെടുക്കുകയും ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. രോഗി സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനായി ഇപ്പോൾ ശസ്ത്രക്രിയാനന്തര ഫിസിക്കൽ തെറപ്പിക്ക് വിധേയനായിക്കൊണ്ടിരിക്കുകയാണ്.സുഷുമ്നാ ശസ്ത്രക്രിയയിൽ ഓഗ്മെന്റഡ് റിയാലിറ്റി വിത്ത് ഇലക്ട്രോണിക് നാവിഗേഷൻ സാങ്കേതികവിദ്യയുടെ പ്രാധാന്യം ഡോ. സിറാജുദ്ദീൻ ഊന്നിപ്പറഞ്ഞു. ശസ്ത്രക്രിയാ നടപടിക്രമങ്ങളുടെ ഗുണനിലവാരത്തിലും മുന്നേറ്റത്തിലും എച്ച്.എം.സിയിലെ ന്യൂറോ സർജറി വിഭാഗം സമീപകാലത്തായി വലിയ വളർച്ച കൈവരിച്ചിട്ടുണ്ട്. പ്രതിവർഷം ആയിരത്തോളം ശസ്ത്രക്രിയകളാണ് എച്ച്.എം.സിയിൽ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.