ദോഹ: ആകാശത്ത് വർണപ്പൂരമൊരുക്കുന്ന വെടിക്കെട്ടിന്റെയും ദോഹ കോർണിഷിനെ സമ്പന്നമാക്കുന്ന പരേഡിന്റെയും അലങ്കാരമില്ലാതെ ഒരു ദേശീയ ദിനം കടന്നുപോയി. എങ്കിലും, ഖത്തറിലെ ഓരോ സ്വദേശിയുടെയും താമസക്കാരുടെയും മനസ്സിൽ കൊച്ചുരാജ്യം അഭിമാനമായി വീണ്ടും അടയാളപ്പെടുത്തപ്പെട്ട ഡിസംബർ 18. കുവൈത്ത് അമീറിന്റെ നിര്യാണത്തിൽ മൂന്നു ദിവസം രാജ്യത്ത് ദുഃഖാചരണം നടക്കുന്നതിനാൽ ഔദ്യോഗിക ആഘോഷ ചടങ്ങുകളൊന്നുമില്ലാതെയായിരുന്നു ഇത്തവണ ദേശീയദിനം. ദേശീയ പതാകകളാൽ അലങ്കരിച്ച് മാളുകൾ മുതൽ ചെറുകിട സ്ഥാപനങ്ങളും സർക്കാർ കാര്യാലയങ്ങളും വീടുകളുമെല്ലാം ദേശീയദിനത്തെ വരവേറ്റു.
വിവിധ ഓഫറുകൾ പ്രഖ്യാപിച്ച് വിപണിയും ഒരു പെരുന്നാൾ പോലെ സജീവമായി. ഹൈപ്പർ മാർക്കറ്റുകൾ, റസ്റ്റാറന്റുകൾ, വിനോദകേന്ദ്രങ്ങൾ, ഹെൽത്ത് ആൻഡ് ബ്യൂട്ടീ കേന്ദ്രങ്ങൾ എന്നിവിടങ്ങളും ദേശീയദിന ഓഫറുകൾ പ്രഖ്യാപിച്ചാണ് ഉപഭോക്താക്കളെ വരവേറ്റത്. ബാങ്കുകളും ദേശീയ ദിനത്തിന്റെ ഭാഗമായി വിവിധ ഓഫറുകൾക്ക് തുടക്കം കുറിച്ചു. റിയൽ എസ്റ്റേറ്റ്, ബിസിനസ് മേഖലകളിലാണ് ക്യൂ.ഐ.ഐ.ബി, ദുഖാൻ ബാങ്ക് എന്നിവർ ദേശീയദിന ഓഫർ വാഗ്ദാനം ചെയ്തത്.
ഔദ്യോഗിക ആഘോഷങ്ങളും രാത്രികളിലെ വെടിക്കെട്ടും അതിരാവിലെ നടക്കുന്ന പരേഡും നഷ്ടമായെങ്കിലും അവധി ആഘോഷിക്കാൻ താമസക്കാരും സ്വദേശികളും രംഗത്തിറങ്ങി. വൈകുന്നേരങ്ങളിൽ ദോഹ കോർണിഷിലും വിവിധ പാർക്കുകളിലും സീലൈൻ, ദുഖാൻ ഉൾപ്പെടെ കടൽതീരങ്ങളിലും രണ്ടു ദിവസങ്ങളിലായി അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. മരംകോച്ചുന്ന തണുപ്പിലേക്ക് പ്രവേശിക്കാത്തതിനാൽ രാത്രികാലങ്ങളിൽ കടൽതീരങ്ങളിലും മരുഭൂമിയിലും തമ്പടിക്കുന്നവർക്കും സൗകര്യമായി. സർക്കാർ മേഖലയിൽ രണ്ടു ദിവസമാണ് അവധി പ്രഖ്യാപിച്ചത്. ഫലത്തിൽ വെള്ളി മുതൽ തിങ്കൾ വരെ നാലു ദിവസം അവധിയായി. സ്വകാര്യ സ്ഥാപനങ്ങളിൽ തിങ്കളാഴ്ച ഒരു ദിവസമായിരുന്നു അവധി പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച മുതൽ ബാങ്കുകളും സർക്കാർ ഓഫിസുകളും ഉൾപ്പെടെ എല്ലായിടവും സജീവമായി തുടങ്ങും.
ദേശീയ ദിനത്തിൽ ഗൂഗ്ൾ അവതരിപ്പിച്ച പ്രത്യേക ഡൂഡ്ൽ
ദേശീയ ദിനത്തിൽ ഗൂഗിളിന്റെ ‘ഡുഡ്ൽ’
ദോഹ: വീണ്ടും ഡിസംബർ 18 പുലർന്നപ്പോൾ പതിവുതെറ്റിക്കാതെ ഇന്റർനെറ്റ് സെർച്ച് എൻജിനായ ഗൂഗ്ൾ ആദ്യ സമ്മാനവുമായെത്തി. തിങ്കളാഴ്ച ഗൂഗിളിൽ പ്രവേശിച്ചവരെയെല്ലാം ഖത്തർ ദേശീയ ദിനത്തിന്റെ പ്രത്യേക ഡൂഡ്ൽ പ്രദർശിപ്പിച്ചുകൊണ്ടാണ് സ്വാഗതം ചെയ്തത്. ഹോം പേജിലായിരുന്നു ഖത്തറിന്റെ ദേശീയ പതാക ഉൾപ്പെടെ കാഴ്ചകളുമായി ഡൂഡ്ൽ സജ്ജമാക്കിയത്. ക്ലിക്ക് ചെയ്ത് പ്രവേശിച്ചാൽ ദേശീയദിന വിശേഷങ്ങൾക്കും വാർത്തകൾക്കുമൊപ്പം വരവേറ്റത് മനോഹരമായ വെടിക്കെട്ട് ഗ്രാഫിക്സുകൾ.
വീടുകളും സ്ഥാപനങ്ങളുമെല്ലാം മെറൂണും വെള്ളയും നിറത്തിലെ ദേശീയ പതാകയുടെ മാതൃകയിൽ അലങ്കരിച്ച ഖത്തറിലെ സ്വദേശികൾക്കും താമസക്കാർക്കുമെല്ലാം വേറിട്ടൊരു സമ്മാനമായി ഗൂഗിളിന്റെ ദേശീയദിന സ്പെഷ്യൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.