ദോഹ: ലോകകപ്പിന് പന്തുരുളുന്ന കാലയളവിൽ ഖത്തറിലെ സ്കൂളുകൾക്ക് അർധവാർഷിക അവധി പ്രാഖ്യാപിച്ച് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് കാൽപന്തിന്റെ വിശ്വമേളക്ക് പന്തുരുളുന്നതെങ്കിൽ നവംബർ 20 മുതൽ ഡിസംബർ 22 വരെ അവധിക്കാലമായിരിക്കും. 2022-23 അധ്യയന കലണ്ടർ പ്രഖ്യാപിച്ചുകൊണ്ടാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ആഗസ്റ്റ് 16നാണ് പുതിയ അധ്യയനവർഷത്തിന്റെ തുടക്കം. അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും പുതിയ അധ്യയനകാലം രണ്ടു ദിവസം മുമ്പായി ആഗസ്റ്റ് 14ന് തന്നെ ആരംഭിക്കും. അർധവാർഷിക അവധി കഴിഞ്ഞ് ഡിസംബർ 25നാവും രണ്ടാം സെമസ്റ്റർ ആരംഭിക്കുകയെന്ന് സ്കൂൾ കലണ്ടർ പ്രഖ്യാപിച്ചുകൊണ്ട് മന്ത്രാലയം അറിയിച്ചു.
സ്കൂൾ ജീവനക്കാരുടെ വാർഷിക അവധി 2023 ജൂൺ 18 മുതൽ 2023 ആഗസ്റ്റ് 17 വരെയായിരിക്കും. പുതിയ അധ്യയന വർഷത്തിലെ അവസാന പരീക്ഷ ജൂൺ ആറിനായിരിക്കും നടക്കുക. വിദ്യാഭ്യാസ മന്ത്രി ബുതൈന ബിൻത് അലി അൽ ജാബിർ അൽ നുഐമിയാണ് പുതിയ അധ്യയന കലണ്ടർ പ്രഖ്യാപിച്ചത്. കാൽപന്തുലോകം കാത്തിരിക്കുന്ന വിശ്വമേളയും വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ശീതകാല അവധിയും ഒന്നിച്ചാണെന്നത് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശ്വാസമാവും. ലോകത്തെ 32 കരുത്തരായ ടീമുകൾ മാറ്റുരക്കുന്ന ഫുട്ബാൾ പോരാട്ടത്തിന് രാജ്യം വേദിയാവുമ്പോൾ 12 ലക്ഷത്തിലേറെ വിദേശ കാണികളെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.