ദോഹ: കോവിഡ് നിയന്ത്രണങ്ങളിൽ വരുത്തിയ ഇളവിനെ തുടർന്ന് രാജ്യത്തെ ഹോട്ടൽ, ടൂറിസം ഉൾപ്പെടെയുള്ള ഹോസ്പിറ്റാലിറ്റി മേഖല തിരിച്ചുവരുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം നവംബറിൽ ഹോസ്പിറ്റാലിറ്റി മേഖല വമ്പൻ മുന്നേറ്റമാണ് നടത്തിയത്. ഹോട്ടലുകളിലും ഹോട്ടൽ അപ്പാർട്ട്മെൻറുകളിലും 2021 നവംബറിൽ 70 ശതമാനം വരെ ബുക്കിങ് നിരക്കാണ് രേഖപ്പെടുത്തിയത്. 2020 നവംബറിൽ കേവലം 57 ശതമാനം മാത്രമായിരുന്നു ബുക്കിങ്. ഫൈവ് സ്റ്റാർ മുതൽ വൺസ്റ്റാർ വരെയുള്ള എല്ലാ വിഭാഗത്തിലും ഒക്യുപെൻസി നിരക്കും വരുമാനവും വർധിച്ചതായി പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്ക്സ് അതോറിറ്റി (പി.എസ്.എ) പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി.
2021 നവംബറിൽ ഏറ്റവും കൂടുതൽ ഒക്യുപെൻസി നിരക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ത്രീ സ്റ്റാർ ഹോട്ടലുകളിലാണ്. 2020 നവംബറിനെ അപേക്ഷിച്ച് കഴിഞ്ഞ വർഷം നവംബറിൽ 90 ശതമാനമാണ് ഒക്യുപെൻസി നിരക്ക് രേഖപ്പെടുത്തിയത്. കോവിഡിനെ തുടർന്ന് സർക്കാർ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിലധികവും പിൻവലിച്ചതിനെ തുടർന്ന് രാജ്യത്തേക്കുള്ള സന്ദർശകരുടെ വരവിൽ വർധന രേഖപ്പെടുത്തിയിരുന്നു. കൂടാതെ രാജ്യത്ത് ബൂസ്റ്റർ ഡോസ് അഡ്മിനിസ്ട്രേഷന് സെപ്റ്റംബറിൽ പൊതുജനാരോഗ്യ മന്ത്രാലയം തുടക്കം കുറിച്ചതും സന്ദർശകരുടെ വരവിൽ വലിയ ഘടകമായിട്ടുണ്ട്. ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ 69 ശതമാനവും ഫോർ സ്റ്റാർ ഹോട്ടലുകളിൽ 81 ശതമാനവും രേഖപ്പെടുത്തിയപ്പോൾ ടു, വൺ സ്റ്റാർ ഹോട്ടലുകളിൽ 80 ശതമാനമായിരുന്നു ഒക്യുപെൻസി നിരക്ക്. രാജ്യത്തെ ഹോട്ടലുകളിൽ വരുമാന നിരക്കിലും വർധന രേഖപ്പെടുത്തിയതായി പി.എസ്.എ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.