ദോഹയില്‍ അത്യാധുനിക ഫുഡ് പാക്കേജിങ് നിർമാണ പ്ലാന്റുമായി ഹോട്ട്പാക്ക്

ദോഹ: ഫുഡ് പാക്കേജിങ് രംഗത്തെ ലോകോത്തര ബ്രാൻഡായ ഹോട്ട്പാക്കിന്റെ ഏറ്റവും പുതിയ നിര്‍മാണ പ്ലാന്റ് ദോഹയില്‍ ആരംഭിച്ചു. യു.എ.ഇ ആസ്ഥാനമായ ഹോട്ട്പാക്ക് ഗ്ലോബലിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹോട്ട്പാക്കിന്റെ 15ാമത് ഫാക്ടറിയാണ് ഖത്തറിലേത്. 2030ഓടെ ആഗോള ഫുഡ് പാക്കേജിങ് രംഗത്ത് മുന്‍നിരയിലെത്തുകയെന്ന കമ്പനിയുടെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഖത്തറിലെ പുതിയ ഫാക്ടറി പ്രവർത്തനമാരംഭിച്ചത്.

ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്ഥിതിചെയ്യുന്ന നിര്‍മാണ പ്ലാന്റ് ഫോള്‍ഡിങ് കാര്‍ട്ടണുകള്‍, കോറഗേറ്റഡ് കാര്‍ട്ടണുകള്‍, പേപ്പര്‍ ബാഗുകള്‍, പേപ്പര്‍ കപ്പുകള്‍ എന്നിവയുള്‍പ്പെടെ ഹോട്ട്പാക്കിന്റെ പേപ്പര്‍ ഉൽപന്നങ്ങള്‍ക്കുള്ള അത്യാധുനിക ഫാക്ടറിയാണ്. ലോകത്തിലെ ഏറ്റവും വലിയ പാക്കേജിങ് നിർമാതാക്കളായി മാറാനുള്ള പദ്ധതി പ്രകാരമുള്ള വിഷന്‍ 2030 കൈവരിക്കുന്നതിനുള്ള തങ്ങളുടെ ശ്രമത്തില്‍ സുപ്രധാനമായ ഒരു ചുവടുവെപ്പാണ് ഖത്തറിലെ പ്ലാന്റെന്ന് ഹോട്ട്പാക്ക് ഗ്ലോബല്‍ ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ പി.ബി. അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. ഖത്തറില്‍ ഫാക്ടറി തുറക്കുന്നതോടെ ഖത്തര്‍ വിപണിക്കു പുറമെ ആഗോള ആവശ്യകതകളിലേക്കും സുസ്ഥിര ഭക്ഷ്യ പാക്കേജിങ് ആവശ്യങ്ങള്‍ക്കുള്ള പരിഹാരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ഫാക്ടറിയിലെ ഉൽപാദനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തീകരിച്ചതായി പി.ബി. അബ്ദുല്‍ ജബ്ബാര്‍ അറിയിച്ചു. മടക്കാവുന്ന കാര്‍ട്ടണ്‍ ഉൽപാദനവും കോറഗേറ്റഡ് കാര്‍ട്ടണ്‍ ഉൽപാദനവുമാണ് ഖത്തറില്‍ ആരംഭിച്ചത്. പേപ്പര്‍ ബാഗുകളുടെയും പേപ്പര്‍ കപ്പുകളുടെയും നിർമാണ ഘട്ടത്തിന്റെ പദ്ധതികള്‍ പുരോഗമിക്കുകയാണെന്നും ഉടന്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മിഡില്‍ ഈസ്റ്റിലെ പാക്കേജിങ് പ്ലാന്റുകളില്‍ സാങ്കേതികമായി ഏറ്റവും നൂതനമായ മെഷീനുകളിലൊന്നാണ് ഖത്തര്‍ ഹോട്ട്പാക്ക് സൗകര്യപ്പെടുത്തിയിരിക്കുന്നത്. പേപ്പര്‍ ഉല്‍പന്നങ്ങളുടെ കാര്യക്ഷമവും വിശ്വസനീയവുമായ നിർമാണം ഉറപ്പാക്കുന്നതിനോടൊപ്പം പാക്കേജിങ് പ്രവര്‍ത്തനങ്ങളില്‍ വന്‍ മികവുമാണ് പ്രതീക്ഷിക്കുന്നതെന്ന് ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ പി.ബി സൈനുദ്ദീന്‍ പറഞ്ഞു.

ഫുഡ് പാക്കേജിങ് നിർമാണത്തില്‍ പതിറ്റാണ്ടുകളുടെ അനുഭവവും അറിവും ഉപയോഗിച്ച് സ്വയം സജ്ജമാക്കിയ ഉൽപന്നങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരമാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം ഉയര്‍ന്ന നിലവാരമുള്ള ജര്‍മന്‍ ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഫാക്ടറിയില്‍ സുഗമമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്ന മാനേജ്‌മെന്റ്, പ്രൊഡക്ഷന്‍, ലോജിസ്റ്റിക്‌സ് എന്നിവയിലെ പ്രഫഷനലുകളുടെ ടീമാണ് കൂടെയുള്ളത്.

ഈ വര്‍ഷം 27ാം വാര്‍ഷികം ആഘോഷിച്ച ഹോട്ട്പാക്ക് ഗ്ലോബല്‍ നിലവില്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ പാക്കേജിങ് ഉൽപന്ന നിര്‍മാതാക്കളാണ്. 3,500ലധികം ഉല്‍പന്നങ്ങളുള്ള ഹോട്ട്പാക്ക് പേപ്പര്‍, പ്ലാസ്റ്റിക്, അലൂമിനിയം, മരം, ബയോഡീഗ്രേഡബിള്‍ മെറ്റീരിയലുകള്‍ എന്നിവയാണ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ലോകത്തിലെ 100ലധികം രാജ്യങ്ങളിലേക്കാണ് കമ്പനി തങ്ങളുടെ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്.14 രാജ്യങ്ങളില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന ഹോട്ട്പാക്ക് ഗ്ലോബലില്‍ 3,500 ജീവനക്കാരാണുള്ളത്. 25,000 അന്താരാഷ്ട്ര, പ്രാദേശിക ബ്രാന്‍ഡുകള്‍ക്കാണ് ഹോട്ട്പാക്ക് സേവനം നല്‍കുന്നത്.

Tags:    
News Summary - Hotpack with state-of-the-art food packaging manufacturing plant in Doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.