നതാനിയും സഹോദരനും അമ്മ നീതുവും ഗോപിനാഥ് മുതുകാടിനൊപ്പം
ദോഹ: ‘ഞാൻ നിങ്ങളോട് ഒരു കഥപറയാം. ഇതൊരു കൊച്ചു പെൺകുട്ടിയുടെ കഥയാണ്. അവളുടെ ജനനം എല്ലാവരുടേതും പോലെ സാധാരണമായിരുന്നില്ല. അച്ഛന്റെയും അമ്മയുടെയും കൈയിലും പിടിക്കാൻ പറ്റാത്ത ചെറിയൊരു കുഞ്ഞ് ആശുപത്രി ഇൻകുബേറ്ററിനുള്ളിൽ ജീവൻ നിലനിർത്താൻ പോരാടുന്ന ഒരു കാഴ്ച. ഡോക്ടർമാർ അവളെ ആശങ്കയോടെ നോക്കി. എന്നിട്ട് അമ്മയോട് പറഞ്ഞു. ഇവൾ ജീവിക്കാൻ സാധ്യത കുറവാണ്.
ശ്വാസമെടുക്കാൻ തന്നെ വലിയ ബുദ്ധിമുട്ടായിരിക്കും. അപ്പോൾ അമ്മയുടെ കണ്ണ് നിറഞ്ഞു. അച്ഛൻ ഇരുമ്പുമനസ്സോടെ നിലകൊണ്ടു. ഡോക്ടർമാരോടൊപ്പം അവളെ കാത്തുസൂക്ഷിക്കാൻ നഴ്സുമാരുമുണ്ടായിരുന്നു. അങ്ങനെ നാലുമാസത്തെ ഇൻകുബേറ്റർ വാസത്തിനു ശേഷം, അവൾ അകത്തു നിന്നും ഒരു ശബ്ദംകേട്ടു. ഡോക്ടർ അമ്മയുടെ കണ്ണുകളിലേക്ക് നോക്കി ഇങ്ങനെ പറഞ്ഞു, അവൾ അതിജീവിക്കും, അവൾ പോരാടും. അവൾക്ക് ജീവിക്കാനുള്ള കഴിവ് അവളിൽ തന്നെയുണ്ട്.
അങ്ങനെ അവൾ കുറച്ചു മാസത്തിനു ശേഷം നടന്നുതുടങ്ങി. അവൾ വേദികളിലെത്തി പഠിച്ചു. ഒരു ദിവസം അവൾ മൈക്കെടുത്ത് ലോകത്തോട് പറഞ്ഞു -ഞാൻ ഇവിടെ നിൽക്കുന്നു, അനേകർക്ക് പ്രചോദനമായി. ഞാൻ ജയിച്ചിരിക്കുന്നു. ഈ കുട്ടി ആരാണെന്ന് നിങ്ങൾക്കറിയാൻ ആഗ്രഹമുണ്ടോ?. അവളാണ് ഞാൻ... ഇത് എന്റെ കഥയാണ്’ -ശാരീരിക വൈകല്യങ്ങളെ നിശ്ചയദാർഢ്യംകൊണ്ട് തോൽപിച്ച നതാനിയ ലല വിപിൻ എന്ന കൊച്ചു മിടുക്കി അവളുടെ കഥ പറഞ്ഞു നിർത്തിയപ്പോൾ സദസ്സ് എഴുന്നേറ്റുനിന്ന് കൈയടിച്ചു.
വേദിയിലുണ്ടായിരുന്ന പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാട് അവളെ ചേർത്തണച്ച് മുത്തം നൽകി അഭിനന്ദിച്ചു. ഖത്തറിൽ കഴിഞ്ഞ ദിവസം നടന്ന കേരള ബിസിനസ് ഫോറത്തിന്റെ പരിപാടിയിലേക്ക് മുതുകാടിനെ കേൾക്കാൻ മാത്രമായാണ് 13 കാരിയായ നതാനിയ അമ്മക്കും സഹോദരനുമൊപ്പമെത്തിയത്.
പരിപാടിക്കിടെ, സദസ്സിൽ നിന്നും ചോദ്യത്തിനായി ക്ഷണിച്ചപ്പോഴായിരുന്നു നതാനിയ രണ്ടു വാക്ക് സംസാരിക്കാൻ അവസരം ചോദിച്ചത്. വേദിയിൽ കയറിയ അവൾ നിറഞ്ഞ സദസ്സിന് മുമ്പാകെ തന്റെ ജീവിതം മനോഹരമായൊരു കഥയായി അവതരിപ്പിച്ചപ്പോൾ ഏറ്റവും മികച്ച പ്രചോദന വാക്കുകളെന്ന ആമുഖത്തോടെ ഗോപിനാഥ് മുതുകാടും അഭിനന്ദിച്ചു.
നതാനിയയുടെ വാക്കുകൾ മുതുകാട് തന്റെ സമൂഹ മാധ്യമ പേജിൽ പങ്കുവെച്ചതോടെ ഖത്തറിലെ ഒലീവ് ഇന്റർനാഷനൽ സ്കൂളിലെ ഏഴാം ക്ലാസുകാരിയെ നാടറിഞ്ഞു. സെറിബ്രൽ പാൾസിയുടെ വെല്ലുവിളിയെ ആത്മവിശ്വാസത്തിലൂടെ അതിജീവിച്ച്, തന്റെ ജീവിതത്തെ തന്നെ പോരാടാനുള്ള ഊർജമാക്കി മാറ്റി കൊച്ചു മിടുക്കിക്കായി ലോകവും കൈയടിച്ചു തുടങ്ങി. കോട്ടയം ജില്ലയിലെ മുണ്ടക്കയം ഏന്തയാർ സ്വദേശിയായ ഖത്തർ പ്രവാസി വിപിൻ തമ്പാൻ റോയ്- നീതു വിപിൻ ദമ്പതികളുടെ മകളാണ് നതാനിയ എന്ന 13കാരി. നൈതാൻ വിപിൻ റോയ് സഹോദരനാണ്.
13 വർഷം മുമ്പ് അമ്മയുടെ ഉദരത്തിൽ നിന്നും ആറാം മാസത്തിൽ പിറന്നു വീഴുമ്പോൾ 650 ഗ്രാം മാത്രമായിരുന്നു കുഞ്ഞു നതാനിയയുടെ ഭാരം. ജീവിക്കുമോ എന്ന് ഡോക്ടർമാർക്ക് പോലും സംശയമായി. ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലെ എൻ.ഐ.സി.യുവിൽ സാധ്യമായ ഏറ്റവും മികച്ച പരിചരണത്തിലൂടെ അവളുടെ ജീവന് പ്രതീക്ഷ നൽകിയ നാലുമാസം.
ഒടുവിൽ ഒരു കിലോ തൂക്കമായതിനു പിന്നാലെയാണ് അമ്മയുടെയും അച്ഛന്റെയും കൈകളിലേക്ക് അവളെ കൈമാറിയത്. മാസം തികയാതെയുള്ള ജനനവും ഇൻകുബേറ്റർ വാസവും അവളുടെ ശരീരത്തെയും ബാധിച്ചിരുന്നു. വലതു വശത്തെ സ്വാധീനക്കുറവ്, ശരീരിക ചലനത്തിന് തടസ്സമായി.
ഫിസിയോ തെറപ്പിയും ശസ്ത്രക്രിയയും പൂർത്തിയാക്കി പതിയെ നടന്നു തുടങ്ങി. അഞ്ചാം തരം വരെ നാട്ടിലെ സാധാരണ സ്കൂളിലായിരുന്നു പഠനം. രണ്ടു വർഷം മുമ്പ് ഖത്തറിലെത്തി ഇന്ത്യൻ സ്കൂളിൽ പ്രവേശനം നേടിയപ്പോഴും വെല്ലുവിളികൾ ഏറെയായിരുന്നു. പക്ഷേ, ജനനം മുതൽ പോരാട്ടം തുടങ്ങിയ അവളെ കീഴടക്കാനൊന്നും ഈ പ്രതിസന്ധികൾക്കും കഴിയില്ലായിരുന്നു. സാധാരണ കുട്ടികൾക്കൊപ്പം തന്നെ അവളും പഠിച്ചു വളർന്നു.
വേദികളിൽ പ്രസംഗിച്ചും തന്റെ ജീവിത കഥ പറഞ്ഞ് പ്രചോദനം പകർന്നും അവൾ പോരാടി. അങ്ങനെയാണ്, കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ അംബാസഡർ വിപുൽ പങ്കെടുത്ത വേദിയിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾ നാട്ടിലെ പൊതു ഇടങ്ങളിൽ നേരിടുന്ന പ്രയാസങ്ങളെയും അവർ അവതരിപ്പിച്ചത്.
ഞങ്ങളെ കൂടി പരിഗണിക്കൂന്ന സാമൂഹിക സാഹചര്യം സൃഷ്ടിക്കണമെന്നും രാജ്യത്തിനായി ഒരുപാട് ചെയ്യാൻ ഞങ്ങൾക്കും ആഗ്രഹമുണ്ടെന്നുമുള്ള അവളുടെ വാക്കിനെ കൈയടിയോടെ അംബാസഡർ ഉൾപ്പെടെ സദസ്സ് ഏറ്റെടുത്തു. അങ്ങനെ വേദികളിൽ നിന്നും വേദികളിലേക്ക് യാത്രചെയ്ത് തന്റെ ശാരീരിക പരിമിതികൾക്കെതിരായ പോരാട്ടത്തിൽ ഓരോ വിജയച്ചുവടും കയറുകയാണ് ഈ കൊച്ചുമിടുക്കി. ദോഹയിലെ വേദിയിൽ തന്നെ അതിശയിപ്പിച്ച നതാനിയയെ കാണാൻ അടുത്ത ദിവസം പിറന്നാൾ സമ്മാനവുമായാണ് ഗോപിനാഥ് മുതുകാട് നുഐജയിലെ വീട്ടിലേക്ക് കയറിയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.