ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), മെഷാഫിലെ കിംസ് ഹെൽത്ത് കെയർ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് ആശ്വാസമായി. നിർധനരായ പ്രവാസികൾക്ക് ആരോഗ്യ സേവനങ്ങൾ നൽകുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായി സംഘടിപ്പിച്ച 47ാമത് സൗജന്യ മെഡിക്കൽ ക്യാമ്പിൽ മത്സ്യത്തൊഴിലാളികളുൾപ്പെടെ 300 ഓളം പേർ സേവനങ്ങൾ പ്രയോജനപ്പെടുത്തി.
രാവിലെ 8.00 മുതൽ ഉച്ചക്ക് 12.00 വരെ നടന്ന ക്യാമ്പ് ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു. ഐ.സി.ബി.എഫ് കോഓഡിനേറ്റിങ് ഓഫിസറും ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയുമായ ഡോ. വൈഭവ് തണ്ടാലെയും സന്നിഹിതനായിരുന്നു. ഐ.സി.ബി.എഫിന്റെ പ്രവർത്തനങ്ങളെ അംബാസഡർ പ്രശംസിക്കുകയും ക്യാമ്പിൽ പങ്കെടുത്തവരുമായി സംവദിക്കുകയും ചെയ്തു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷനായിരുന്നു. കിംസ് ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് ഡയറക്ടർ നിഷാദ് അസീം സംസാരിച്ചു. ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗലു, ഐ.എസ്.സി ജനറൽ സെക്രട്ടറി നിഹാദ് അലി ഉൾപ്പെടെ നിരവധി കമ്യൂണിറ്റി നേതാക്കളും അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. മുഹമ്മദ് കുഞ്ഞി സ്വാഗതവും കുൽദീപ് കൗർ നന്ദിയും പറഞ്ഞു. കിംസ് ഹെൽത്ത് കെയർ അഡ്മിനിസ്ട്രേറ്റർ ഡോ. രാഹുൽ മുനികൃഷ്ണ, ദീപക് ഷെട്ടി, വർക്കി ബോബൻ, സമീർ അഹമ്മദ്, അബ്ദുൾ റൗഫ്, സറീന അഹദ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.