ദോഹ: ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ (ഐഫാഖ്) നേതൃത്വത്തിൽ ലോക ഫാർമസിസ്റ്റ് ദിനം ആഘോഷിച്ചു. വെള്ളിയാഴ്ച ഷെറാട്ടൺ ഗ്രാൻഡ് ദോഹ ഹോട്ടലിൽ നടന്ന പരിപാടിയിൽ അംബാസഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുത്തു.
ഐഫാഖ് പ്രസിഡന്റ് കെ.പി. അഷ്റഫ് അധ്യക്ഷത വഹിച്ചു. തൊഴിൽ മേഖലയിലെ മികവ് ഉയർത്താനും പരിശീലനം നേടാനും അറിവുകൾ പങ്കുവെച്ച് പ്രഫഷനലിസം മെച്ചപ്പെടുത്താനും, ആരോഗ്യ മേഖല ശക്തിപ്പെടുത്താനും ഐഫാഖിന്റെ നേതൃത്വത്തിലെ പരിപാടികൾ വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഐഫാഖിന്റെ പ്രവർത്തനങ്ങളെ അംബാസഡർ വിപുൽ അഭിനന്ദിച്ചു. ആരോഗ്യ രംഗത്ത് ഊർജസ്വലവും സഹകരണപരവുമായ അന്തരീക്ഷം വളർത്തിയെടുക്കാൻ കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
ഹമദ് മെഡിക്കൽ കോർപറേഷൻ ഫാർമസി എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മൊസ അൽഹൈൽ മുഖ്യപ്രഭാഷണം നടത്തി. ഫാർമസി മേഖലയെ തൊഴിൽ എന്ന നിലയിൽ പ്രോത്സാഹിപ്പിക്കുന്നതിൽ ഐഫാഖിന്റെ ശ്രമങ്ങൾ ശ്രദ്ധേയമാണെന്ന് അവർ അഭിപ്രായപ്പെട്ടു.
എല്ലാ രോഗികൾക്കും ഫാർമസ്യൂട്ടിക്കൽ പരിചരണം അനിവാര്യമാണെന്നും, ഫാർമസിസ്റ്റുകളുടെ കഴിവുകൾ മെച്ചപ്പെടുത്താൻ വേണ്ടി നടത്തുന്ന എല്ലാ പരിശീലനങ്ങൾക്കും വിദ്യാഭ്യാസ സംരംഭങ്ങൾക്കും പൂർണ പിന്തുണയുണ്ടാവുമെന്നും അവർ പറഞ്ഞു.
ഹിഷാം അബ്ദുൽറഹീം (ഐ.ബി.പി.സി), സി.എ ഷാനവാസ് ബാവ (ഐ.സി.ബി.എഫ്) എന്നിവർ സംസാരിച്ചു. എച്ച്.എം.സി ക്ലിനിക്കൽ ട്രയൽസ് യൂനിറ്റ് ഡയറക്ടർ ഡോ. പി.വി. അബ്ദുൽ റഊഫ്, പ്രഫ. സഹീർ ബാബർ സെഷനുകൾ കൈകാര്യം ചെയ്തു.
ഫാർമസി അസി. ഡയറക്ടർ ഡോ. വെസ്സം എൽകസ്സിം, സ്റ്റാഡ ഫാർമസ്യൂട്ടിക്കൽ പ്രതിനിധിയായ കരീം അൽഖാറമാനി എന്നിവർ പങ്കെടുത്തു. ഐഫാഖ് വൈസ് പ്രസിഡന്റും പ്രോഗ്രാം കൺവീനറുമായ ഡോ. ബിന്നി തോമസ് പരിപാടി നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി സുഹൈൽ കൊന്നക്കോട് സ്വാഗതവും സെക്രട്ടറി മുഹമ്മദ് ഉമർ ഫാറൂഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.