ദോഹ: ആവശ്യത്തിന് സീറ്റുകളില്ലാത്തതിനാൽ സ്കൂൾ പ്രവേശനം ലഭിക്കാതെ വിദ്യാർഥികൾക്കായി അനുവദിച്ച ഡബ്ൾ ഷിഫ്റ്റുകൾക്ക് തുടക്കം കുറിച്ച് ഖത്തറിലെ ഇന്ത്യൻ സ്കൂളുകൾ. ഒക്ടോബർ രണ്ടാം വാരത്തിൽ ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അനുവദിച്ച ഡബ്ൾ ഷിഫ്റ്റിലെ ക്ലാസുകൾക്ക് വിവിധ സ്കൂളുകളിൽ ഞായറാഴ്ചയോടെ തുടക്കമായി.
ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ, ഐഡിയൽ ഇന്ത്യൻ സ്കൂൾ എന്നിവിടങ്ങളിലാണ് ആദ്യം ക്ലാസ് ആരംഭിച്ചത്. എം.ഇ.എസ് ഉൾപ്പെടെ മറ്റു ഇന്ത്യൻ സ്കൂളുകളിൽ വരും ദിവസങ്ങളിലും ക്ലാസുകൾ തുടങ്ങും. പുതിയ അധ്യയന വർഷാരംഭത്തിന്റെ ഭാഗമായി ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ രക്ഷിതാക്കൾക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
രണ്ടാം ഷിഫ്റ്റിന്റെ ഘടന, മാർഗനിർദേശങ്ങൾ എന്നിവയെ കുറിച്ച് സ്കൂൾ അധികൃതർ വിശദീകരിച്ചു. പ്രിൻസിപ്പൽ റഫീഖ് റഹീം, ഓപറേഷൻ മാനേജർ അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു. അധ്യാപകാരയ നജീബ, ഫാത്തിമ റിസ്ന, ഫഹീമ എന്നിവർ ഡബ്ൾ ഷിഫ്റ്റ് സംബന്ധമായ കാര്യങ്ങൾ വിശദീകരിച്ചു.
രാവിലെ ഷിഫ്റ്റ് ക്ലാസുകൾക്കു ശേഷം ഉച്ചക്ക് ഒരു മണിയോടെയാണ് എല്ലാ സ്കൂളുകളിലും രണ്ടാം ഷിഫ്റ്റ് ക്ലാസുകൾ ആരംഭിക്കുന്നത്. കെ.ജി മുതൽ എട്ടാം തരം വരെയാണ് പ്രവേശനമുള്ളത്. ഐഡിയൽ, എം.ഇ.എസ്, ശാന്തിനികേതൻ ഉൾപ്പെടെ സ്കൂളുകളിൽ പ്രവേശനം തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.