ദോഹ: ഭരണഘടന ഭേദഗതിയുമായി ഹിതപരിശോധനക്ക് ഒരുങ്ങി ഖത്തർ. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശപ്രകാരം ചൊവ്വാഴ്ച നടക്കുന്ന ഹിതപരിശോധന വിജയകരമായി പൂർത്തിയാക്കാൻ വിപുല ഒരുക്കങ്ങളാണ് ജനറൽ റഫറണ്ടം കമ്മിറ്റി നേതൃത്വത്തിൽ നടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പേപ്പർ വോട്ടിങ്ങിന് പത്തുകേന്ദ്രങ്ങളും, ഇലക്ട്രോണിക് വോട്ടിങ്ങിന് 18 കേന്ദ്രങ്ങളും സജ്ജമാക്കിയതായി അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ രാത്രി ഏഴുവരെ നീളുന്ന ഹിതപരിശോധനയിൽ രാജ്യത്തിനകത്തും പുറത്തുമുള്ള മുഴുവൻ പൗരന്മാരും പങ്കെടുക്കണമെന്ന് റഫറണ്ടം കമ്മിറ്റി ആഹ്വാനം ചെയ്തു.
പോളിങ് സ്റ്റേഷനിൽ എത്തി വോട്ട് ചെയ്യാനുള്ള സൗകര്യത്തിനു പുറമെ മെട്രാഷ് ഉപയോഗിച്ച് ഓൺലൈൻ വഴി വോട്ട് രേഖപ്പെടുത്താനും സൗകര്യമുണ്ട്. നേരത്തേ പ്രസിദ്ധീകരിച്ച പട്ടികയിലെ പോളിങ് സ്റ്റേഷനുകളിലെത്തി പേപ്പർ, ഇലക്ട്രോണിക് സൗകര്യങ്ങളിലൂടെയാണ് വോട്ട് ചെയ്യാൻ കഴിയുന്നത്. ഖത്തർ ഐ.ഡിയോ ഡിജിറ്റൽ ഐ.ഡിയോ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താവുന്നതാണ്.
രണ്ടാമത്തേത് രാജ്യത്തിനകത്തും പുറത്തുമുള്ള പൗരന്മാർക്ക് ‘മെട്രാഷ് രണ്ട്’ ആപ് ഉപയോഗിച്ചുള്ള റിമോട്ട് വോട്ടിങ്ങാണ്. ഇതിനു പുറമെ, ആശുപത്രികളിൽ കഴിയുന്നവരും രോഗികളും ഉൾപ്പെടെയുള്ളവർക്കായി ആഭ്യന്തര മന്ത്രാലയം നേതൃത്വത്തിൽ മൊബൈൽ വോട്ടിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഏത് സാഹചര്യത്തിലും വോട്ടിങ് എളുപ്പത്തിൽ പൂർത്തിയാക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ഭരണഘടന ഭേദഗതിയെ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് അതെ/ഇല്ല എന്ന വോട്ടിങ് സമ്പ്രദായമായിരിക്കും ഉണ്ടാവുക. ഹിതപരിശോധനക്കുശേഷം കമ്മിറ്റി വോട്ടുകൾ തരംതിരിക്കാനും എണ്ണാനും തുടങ്ങും, ഹിതപരിശോധന അവസാനിച്ച് 24 മണിക്കൂറിനുള്ളിൽ ഫലങ്ങൾ പ്രഖ്യാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജനറൽ റഫറണ്ടം കമ്മിറ്റി അറിയിച്ചു.
വോട്ടെടുപ്പിന്റെ തയാറെടുപ്പുകൾ ജനറൽ റഫറണ്ടം കമ്മിറ്റി ചെയർമാനും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.