ദോഹ: ഭരണഘടന ഭേദഗതിയിൽ ഹിതപരിശോധന നടക്കുന്ന ചൊവ്വാഴ്ച ഖത്തറിൽ സർക്കാർ, സ്വകാര്യ മേഖലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് വിദ്യഭ്യാസ, ഉന്നത വിദ്യഭ്യാസ മന്ത്രാലയം. അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ സ്കൂൾ ജീവനക്കാർക്കും അവധിയായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ഇന്ത്യൻ സ്കൂളുകൾക്കും അവധി ബാധകമായിരിക്കും. രാജ്യത്തെ മുഴുവൻ പൗരന്മാർക്കും ഹിതപരിശോധനയിൽ പങ്കെടുത്ത് വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്നതിന്‍റെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം, സർവകലാശാലകൾ ഉൾപ്പെടെ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ഇത് ബാധകമല്ലെന്ന് മന്ത്രാലയം അറിയിച്ചു.
ഭരണഘടന ഭേദഗതി സംബന്ധിച്ച നിർദേശത്തിൽ ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ രാത്രി ഏഴു വരെയാണ് ഖത്തറിൽ ഹിതപരിശോധന നടത്തുന്നത്. 18 വയസ്സ് തികഞ്ഞ മുഴുവൻ പൗരന്മാരും വോട്ടെടുപ്പിൽ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്തണമെന്ന് ജനറൽ റഫറണ്ടം കമ്മിറ്റി ആവശ്യപ്പെട്ടു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 28 പോളിങ് സ്റ്റേഷനുകൾ, ഓൺലൈൻ വോട്ട് ചെയ്യാനുള്ള സൗകര്യങ്ങൾ, രോഗികൾ ഉൾപ്പെടെയുള്ളവർക്ക് വോട്ട് ചെയ്യാനുള്ള മൊബൈൽ പോളിങ് സ്റ്റേഷൻ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് അധികൃതർ ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.