ദോഹ: സ്പോർട്സിൽ അർജന്റീനയുടെ ഭാഗ്യമണ്ണ് എന്ന നേട്ടം നിലനിർത്തി ഖത്തർ. ഒരാഴ്ചയായി ദോഹയിൽ നടന്ന ലോക പാഡെൽ ചാമ്പ്യൻഷിപ്പിന്റെ പുരുഷകിരീടം അർജന്റീന നിലനിർത്തി. ഖലീഫ ഇന്റർനാഷനൽ ടെന്നിസ് ആൻഡ് സ്ക്വാഷ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ സ്പെയിനിനെ 2-1ന് വീഴ്ത്തിയാണ് അർജന്റീന പാഡെൽ ചാമ്പ്യൻഷിപ്പിൽ തങ്ങളുടെ അശ്വമേധം തുടർന്നത്. അർജന്റീനയുടെ 12ാം കിരീടനേട്ടമാണിത്.
ആദ്യ രണ്ടു ഗെയിമുകളിലെ ഫലം ഒപ്പത്തിനൊപ്പമായപ്പോൾ ലിയാൻഡ്രോ അഗസ്ബർഗറും വാലന്റിൻ ഗോമസും കളിച്ച മൂന്നാം ഗെയിം നിർണായകമായി. സ്പെയിനിന്റെ മിഗ്വേൽ യാൻഗുവാസ്-ഫ്രാൻസിസ്കോ നവാറോ ടീം ഇഞ്ചോടിഞ്ച് പോരടിച്ചപ്പോൾ ടൈബ്രേക്കറിൽ കീഴടക്കിയാണ് അർജന്റീന കിരീടം ചൂടിയത്.
അതേമസയം, വനിത വിഭാഗത്തിൽ അർജന്റീനയെ വീഴ്ത്തി സ്പെയിൻ കിരീടമണിഞ്ഞു. സ്പെയിനിന്റെ തുടർച്ചയായ ആറാമത്തെ പാഡെൽ കിരീടം കൂടിയാണിത്. നേരിട്ടുള്ള രണ്ട് ഗെയിമും അനായാസം ജയിച്ചായിരുന്നു സ്പെയിൻ കപ്പടിച്ചത്.
ഖലീഫ ഇന്റർനാഷനൽ കോപ്ലക്സിൽ നടന്ന മത്സരത്തിന് സാക്ഷ്യം വഹിക്കാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ, അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി, പി.എസ്.ജി പ്രസിഡന്റ് നാസർ അൽ ഖുലൈഫി എന്നിവർ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.