ദോഹ: രാജ്യത്ത് ഹോം ക്വാറൻറീനിലുള്ളവർക്ക് സഹായകമായി ഇഹ്തിറാസ് ആപ്പിൽ പുതിയ ഫീച്ചർ സെപ്റ്റംബർ മധ്യത്തോടെ നിലവിൽ വരും. ദേശീയ മേൽവിലാസത്തിൽ ലിസ്റ്റ് ചെയ്ത ബ്ലൂ പ്ലേറ്റ് ഇല്ലാത്തവർക്കും ദേശീയ മേൽവിലാസത്തിൽ രജിസ്റ്റർ ചെയ്ത താമസസ്ഥലത്തിന് പുറത്ത് ഹോം ക്വാറൻറീനിൽ കഴിയുന്നവർക്കും താമസിക്കുന്ന ലൊക്കേഷൻ അടയാളപ്പെടുത്തുന്നതിനുള്ള മാപ്പ് ഉപയോഗിക്കാവുന്ന സംവിധാനമാണ് നിലവിൽവരുന്നത്. ഹോം ക്വാറൻറീൻ ലൊക്കേഷൻ ഒരു തവണ മാത്രമേ ഇഹ്തിറാസ് ആപ്പിൽ തെരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ.
പിന്നീട് ക്വാറൻറീൻ കാലയളവ് കഴിയുന്നതുവരെ ആപ്പിലെ ലൊക്കേഷൻ ഉപയോഗിക്കാൻ സാധിക്കാത്ത വിധത്തിൽ ലോക്ക് ചെയ്യപ്പെടും. കോവിഡ്-19 പ്രതിസന്ധിയിൽ ഖത്തർ ജനതയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇഹ്തിറാസ് ആപ് നിർണായക പങ്കാണ് വഹിക്കുന്നതെന്ന് ഇഹ്തിറാസ് ജോയൻറ് ടാസ്ക്ഫോഴ്സ് കമ്മിറ്റി മേധാവിയും ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടറുമായ ഡോ. യൂസുഫ് അൽ മസ്ലമാനി പറഞ്ഞു. രാജ്യത്ത് കോവിഡ്-19 വ്യാപനം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് രോഗവ്യാപനത്തെ ചെറുക്കാനും രോഗികളുടെ റൂട്ട്മാപ്പ് നിരീക്ഷിക്കുന്നതിനുമായി ഏപ്രിൽ മാസത്തിലാണ് ഇഹ്തിറാസ് ആപ് രാജ്യത്ത് നിലവിൽ വന്നത്. കോവിഡ്-19നെതിരായ പോരാട്ടത്തിൽ രാജ്യത്തെ ആരോഗ്യപ്രവർത്തകരുടെ പ്രവർത്തനങ്ങൾക്ക് ഏറെ സഹായകമായാണ് ആപ് പ്രവർത്തിക്കുന്നത്.
ലഭിച്ചിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ലോകത്തുടനീളം ഏറ്റവും വേഗത്തിൽ പടരുന്ന വൈറസുകളിലൊന്നായി കോവിഡ്-19 മാറിയിരിക്കുന്നുവെന്നും പൊതുജനങ്ങൾക്കും ആരോഗ്യ മേഖലക്കും കോവിഡ്-19 കാലത്ത് ഒരുപോലെ സഹായകമായി ആപ് മാറിയിരിക്കുന്നുവെന്നും ഡോ അൽ മസ്ലമാനി വ്യക്തമാക്കി.വ്യക്തികളെയും കുടുംബാംഗങ്ങളെയും സമൂഹത്തെയും സംരക്ഷിക്കാൻ ആപ്പിന് സാധിച്ചിരിക്കുന്നു. ജനങ്ങളെ കോവിഡ്- 19ൽ നിന്നും സംരക്ഷിച്ച് നിർത്തുന്നുവെന്നതാണ് ഇഹ്തിറാസ് ആപ്പിെൻറ വിജയം. രാജ്യത്തെ സ്വദേശികളുടെയും പ്രവാസി സമൂഹത്തിെൻറയും രാജ്യത്തെത്തുന്ന സന്ദർശകരുടെയും പിന്തുണ ആപ്പിെൻറ വിജയത്തിനാവശ്യമാണെന്നും മുഴുവൻ ആളുകളും ആപ്പിെൻറ പ്രവർത്തനക്ഷമത ഉറപ്പുവരുത്തണമെന്നും ഡോ. അൽ മസ്ലമാനി നിർദേശിച്ചു. രാജ്യത്തെ പ്രതിദിന കോവിഡ്-19 കേസുകളുടെ സ്ഥിതിവിവരം അറിയുന്നതിനും ആരോഗ്യ ഉപദേശങ്ങൾ ലഭിക്കുന്നതിനും ആപ് സഹായിക്കുന്നു. മാളുകളിലും സൂപ്പർമാർക്കറ്റുകളിലും ഓഫിസുകളിലും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഇഹ്തിറാസ് ആപ്പിലൂടെ സാധിക്കുന്നു.
ജൂലൈ മാസത്തിൽ ഖത്തർ കോവിഡ്-19 യാത്രാനയം പുനഃപരിശോധിച്ചപ്പോൾ വിദേശത്തുനിന്നും രാജ്യത്തെത്തുന്ന എല്ലാവർക്കും ഇഹ്തിറാസ് ആപ് നിർബന്ധമാക്കിയിരുന്നു. കോവിഡ്-19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളിൽനിന്ന് ഖത്തറിലെത്തുന്നവർ വിമാനത്താവളത്തിൽ പരിശോധനക്ക് വിധേയമാകണം. ശേഷം ഒരാഴ്ച ഹോം ക്വാറൻറീൻ വാസം. ക്വാറൻറീൻ കാലയളവ് കഴിയുന്നതുവരെ ഇഹ്തിറാസ് ആപ്പിൽ മഞ്ഞ നിറമായിരിക്കും. പരിശോധനഫലം വന്ന് നെഗറ്റിവ് ആകുന്നതോടെ മാത്രമേ ഇഹ്തിറാസ് ആപ്പിൽ പച്ചനിറം സ്റ്റാറ്റസ് വരുകയുള്ളൂ. ഈ നടപടികൾ രാജ്യത്ത് കോവിഡ്-19 അപകടം കുറക്കുന്നതിന് ഏറെ സഹായകമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കോവിഡ്-19 പോസിറ്റിവ് കേസുകളിൽ രോഗികളുടെ റൂട്ട് പരിശോധിക്കുന്നതിലൂടെയും സമ്പർക്കം വഴിയുള്ള രോഗവ്യാപനം തടയുന്നതിലൂടെയും രാജ്യത്തെ ആരോഗ്യപ്രവർത്തകർക്കും കോവിഡ്-19നെതിരായ പോരാട്ടത്തിൽ ആപ് നിർണായകഘടകമായി വർത്തിക്കുന്നുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ഇ-ഹെൽത്ത് മേധാവി ഡോ. ജൂലിയറ്റ് ഇബ്റാഹിം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.