ദോഹ: കോവിഡ് -19 ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും ആഗസ്റ്റ് മാസത്തിൽ ഖത്തറിലെ തുറമുഖങ്ങളിലെ ചരക്കുനീക്കത്തിൽ വലിയ വർധനവ് രേഖപ്പെടുത്തിയതായി മവാനി ഖത്തർ.ഹമദ് തുറമുഖം, റുവൈസ് തുറമുഖം, ദോഹ തുറമുഖം എന്നിവിടങ്ങളിലാണ് ചരക്കുനീക്കത്തിൽ കഴിഞ്ഞ മാസം വർധനവുണ്ടായിരിക്കുന്നത്. മുൻ മാസത്തെ അപേക്ഷിച്ച് ആഗസ്റ്റിൽ തുറമുഖങ്ങളിലൂടെയുള്ള വാഹനങ്ങളുടെ നീക്കത്തിൽ 18 ശതമാനം വർധനവ് രേഖപ്പെടുത്തി.
ആഗസ്റ്റ് മാസത്തിൽ 4091 വാഹനങ്ങളാണ് തുറമുഖങ്ങളിൽ കൈകാര്യം ചെയ്തിരുന്നെങ്കിൽ ജൂലൈ മാസത്തിൽ ഇത് 3496 വാഹനങ്ങളായിരുന്നു.2019 ആഗസ്റ്റ് മാസത്തെ അപേക്ഷിച്ച് 2020 ആഗസ്റ്റിൽ തുറമുഖങ്ങളിലെ കണ്ടെയ്നർ നീക്കത്തിലും നാല് ശതമാനം വർധനവ് രേഖപ്പെടുത്തിയതായും മവാനി ഖത്തർ ട്വീറ്റ് ചെയ്തു. തുറമുഖങ്ങളിൽ 1,13,795 ടി.ഇ.യു (ട്വൻറി ഫൂട്ട് ഇക്വാലൻറ് യൂനിറ്റ്സ്) കണ്ടെയ്നറുകളാണ് ഈ മാസം കൈകാര്യം ചെയ്യപ്പെട്ടത്. ജനറൽ കാർഗോ ഇനത്തിൽ 51,450 ടണും ബിൽഡിങ് മെറ്റീരിയൽ വിഭാഗത്തിൽ 27,833 ടണും കഴിഞ്ഞ മാസം തുറമുഖങ്ങളിലെത്തി. 263 കപ്പലുകളാണ് കഴിഞ്ഞ മാസം രാജ്യത്തെ തുറമുഖങ്ങളിലായി നങ്കൂരമിട്ടത്.
കടുത്ത പ്രതിസന്ധികൾക്കിടയിലും ചരക്കുനീക്കത്തിൽ മികച്ച പ്രകടനമാണ് ഖത്തറിലെ തുറമുഖങ്ങൾ ഈ വർഷം കാഴ്ചവെച്ചത്.ജനറൽ കാർഗോ ഇനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യത്തെ ആറുമാസം 102 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഈ വർഷം ആദ്യപകുതിയിൽ മൂന്ന് തുറമുഖങ്ങളിലുമായി എത്തിയത് 1509 കപ്പലുകളാണ്. ജനറൽ കാർഗോ ഇനത്തിൽ 7,27,716 ടൺ ഈ വർഷം ആദ്യ പകുതിയിൽ തുറമുഖങ്ങളിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ തുറമുഖത്തെത്തിയിരുന്നത് 3,60,644 ടൺ ആയിരുന്നു. രാജ്യത്തിെൻറ സാമ്പത്തിക വൈവിധ്യ പ്രക്രിയയിൽ ഹമദ് തുറമുഖം വലിയ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്.
കാലികൾ, ഓട്ടോമൊബൈൽ, ധാന്യങ്ങൾ എന്നിവയുടെ ഇറക്കുമതിയിൽ ഹമദ് തുറമുഖം നിർണായക സാന്നിധ്യമായി പ്രവർത്തിക്കുന്നുണ്ട്.കോവിഡ് -19 പശ്ചാത്തലത്തിൽ വൈറസ് പടർന്നുപിടിക്കാതിരിക്കാൻ പൊതുജനാരോഗ്യ മന്ത്രാലയം ഉൾപ്പെടെയുള്ള അതോറിറ്റികളുമായി സഹകരിച്ച് ശക്തമായ മുൻകരുതൽ, പ്രതിരോധ നടപടികളാണ് മവാനി ഖത്തർ സ്വീകരിച്ചിരിക്കുന്നത്. കണ്ടെയ്നറുകളുടെ അണുനശീകരണം, തെർമൽ കാമറ സ്ഥാപിക്കൽ, തൊഴിലാളികളുടെയും ജീവനക്കാരുടെയും എണ്ണം കുറക്കൽ തുടങ്ങി കർശന നിയന്ത്രണങ്ങളും മുൻകരുതലുകളും തുറമുഖങ്ങളിൽ നടപ്പാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.