ദോഹ: ഇന്ത്യ-ഖത്തർ സംയുക്ത സമിതിയുടെ പ്രഥമ മന്ത്രിതല യോഗം ഈ വർഷം നടക്കുമെന്ന് ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തൽ അറിയിച്ചു. സംയുക്ത സമിതി പ്രഥമ മന്ത്രിതല യോഗത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തുന്നതിെൻറ ഭാഗമായി ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ഈ വർഷം ഇന്ത്യ സന്ദർശിക്കുമെന്നും ഡോ. ദീപക് മിത്തൽ വ്യക്തമാക്കി. സംയുക്ത സമിതി യോഗങ്ങളുടെ ഭാഗമായി ഇന്ത്യയിൽ നിന്നും ഖത്തറിലേക്ക് മന്ത്രിതല, ഉദ്യോഗസ്ഥതല സന്ദർശനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശികദിനപത്രമായ 'അൽ റായ'യുമായി സംസാരിക്കുകയായിരുന്നു ഇന്ത്യൻ സ്ഥാനപതി. കോവിഡ് വെല്ലുവിളികൾക്കിടയിലും കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം ഏറെ വികസിച്ചതായും മഹാമാരി ഉയർത്തിയ പ്രതിസന്ധികളെ മറികടക്കുന്നതിനായി ഇരുരാജ്യങ്ങളും പരസ്പരം പിന്തുണ നൽകിയതായും വ്യക്തമാക്കിയ ഡോ. മിത്തൽ, ആരോഗ്യം സംവിധാനം, സുരക്ഷിതവും വിശ്വാസ്യയോഗ്യവുമായ വിതരണ ശൃംഖല, ഭക്ഷ്യ സുരക്ഷ തുടങ്ങി നിരവധി മേഖലകളിൽ ഖത്തർ-ഇന്ത്യ സഹകരണം മുന്നിട്ട് നിന്നതായും ചൂണ്ടിക്കാട്ടി. കോവിഡിനെതിരായ പോരാട്ടത്തിൽ ഖത്തറിലെ ഇന്ത്യൻ ജനതക്ക് ഭരണകൂടം നൽകിയ പിന്തുണക്ക് അദ്ദേഹം നന്ദി അറിയിച്ചു.
ഈ വർഷം ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. ഖത്തറിലെ പ്രഥമ ഇന്ത്യൻ സർവകലാശാലയുടെ ഉദ്ഘാടനം വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് മരം നടീൽ, രക്തദാനം, ബീച്ച് വൃത്തിയാക്കൽ, സാംസ്കാരിക പരിപാടികൾ, മേളകൾ, ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട നിരവധി പരിപാടികൾ ഈ വർഷം നടക്കുന്നുണ്ട്. അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിെൻറ ഭാഗമായി ഖത്തറും ഇന്ത്യയും തമ്മിൽ കഴിഞ്ഞ വർഷം ഉഭയകക്ഷിതല ചർച്ചകൾ നടത്തിയിരുന്നു. ദോഹ വഴി 283 ഇന്ത്യക്കാരാണ് അഫ്ഗാനിൽനിന്നും ഇന്ത്യയിലേക്കെത്തിയത്. അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം 50ാം വാർഷികമാഘോഷിക്കുന്ന വേളയിൽ അടുത്ത വർഷം വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബഹിരാകാശ സാങ്കേതികവിദ്യ, വിവര സാങ്കേതികവിദ്യ, സംരംഭകത്വം, സൈബർ സുരക്ഷ, നിർമിത ബുദ്ധി തുടങ്ങിയ പുതിയ മേഖലകളിലേക്ക് ഇരുരാജ്യങ്ങളും സഹകരണം വികസിപ്പിക്കുന്നതിനുള്ള പദ്ധതിയിലാണെന്നും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.