ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ആഘോഷ വേദിയായി ഇന്ത്യൻ കൾചറൽ സെന്റർ പാസേജ് ടു ഇന്ത്യ ആഘോഷങ്ങൾ. വ്യാഴാഴ്ച വൈകുന്നേരത്തോടെ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്സ് (മിയ) പാർക്കിൽ ആരംഭിച്ച കമ്യുണിറ്റി ഫെസ്റ്റ് ഖത്തറിന്റെ മണ്ണിൽ ഇന്ത്യയുടെ സംഗമമായി മാറുന്നു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കൂട്ടായ്മകൾ തനത് കലാവിരുന്നുകളുമായാണ് ഓരോ ദിവസവും വേദിയെ ധന്യമാക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിലായി പതിനായിരങ്ങൾ മിയാ പാർക്കിലേക്ക് ഒഴുകിയെത്തി. വ്യാഴാഴ്ച വൈകുന്നേരം നടന്ന ഉദ്ഘാടന ചടങ്ങിൽ ഖത്തർ സഹമന്ത്രിയും ദേശീയ ലൈബ്രറി പ്രസിഡന്റുമായ ഡോ. ഹമദ് ബിൻ അബ്ദുൽഅസീസ് അൽ കുവാരി മുഖ്യാതിഥിയായി.
അംബാസഡർ വിപുൽ, ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ എന്നിവർ സംസാരിച്ചു. ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു, ജനറൽ സെക്രട്ടറി മോഹൻ കുമാർ എന്നിവർ പങ്കെടുത്തു.
മിയ പാർക്കിലെ വേദിയിൽ ഇന്ത്യയുടെ വിവിധ കലാപരിപാടികളും ഒപ്പം സ്റ്റേജിനു ചുറ്റുമായി ഒരുക്കിയ ടെന്റുകളിലെ രുചി വൈവിധ്യവും കരകൗശല, കാല പ്രദർശനവും വിപണനവുമാണ് സന്ദർശകരെ ആകർഷിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളും കലാസൃഷ്ടികളുമായി ഖത്തറിലെ ഇന്ത്യൻ പ്രവാസികളും ഒരു കുടക്കീഴിൽ ഒത്തുചേരുകയാണിവിടെ.
ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പുതിയ പാർലമെന്റ് സമുച്ചയവും, ശാസ്ത്രലോകത്തെ അഭിമാനമായ ചന്ദ്രയാനും മിയയിലെ വേദിയിൽ പ്രദർശനത്തിനായി സജ്ജീകരിച്ചിട്ടുണ്ട്. ഒപ്പം, ഖത്തറിലെ പ്രവാസി ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങളുടെ പ്രദർശനവും സന്ദർശകരെ ആകർഷിക്കുന്നു.
കോൽക്കളി, കളരി, ഒപ്പന, കഥകളി, സിനിമാറ്റിക് ഡാൻസ് തുടങ്ങി വിവിധ കലാപരിപാടികളാണ് ആസ്വാദനത്തിന്റെ വേറിട്ട കാഴ്ച സമ്മാനിച്ച് അരങ്ങേറുന്നത്.
രണ്ടാംദിനമായ വെള്ളിയാഴ്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മിയ’ പാർക്കിലെ പ്രവാസികളെ വിഡിയോ വഴി അഭിസംബോധന ചെയ്തു. ദീർഘകാല പ്രവാസികൾക്കുള്ള ആദരം, മെഗാ തിരുവാതിര, ഖവാലി എന്നിവരും അരങ്ങേറി. വിലാസ് നായകിന്റെ സ്പീഡ് പെയിന്റിങ് പ്രദർശനം വെള്ളിയാഴ്ചയും തുടർന്നു.
വ്യാഴാഴ്ച ഉദ്ഘാടന ചടങ്ങിൽ നാഷനൽ ഹ്യൂമൻറൈറ്റ് കമ്മിറ്റി വൈസ് ചെയർമാൻ മുഹമ്മദ് സൈഫ് അൽ കുവാരി, ആഭ്യന്തര മന്ത്രാലയം ഹ്യൂമൻറൈറ്റ്സ് വിഭാഗത്തിൽ മേജർ മുഹമ്മദ് ഖലീഫ ഹസൻ അൽ കുവാരി, ആരോഗ്യ മന്ത്രാലയം ഒക്കുപേഷനൽ ഹെൽത്ത് മേധാവി ഡോ. മുഹമ്മദ് അൽ ഹജ്ജാജ്, തൊഴിൽ മന്ത്രാലയം ബോധവത്കരണ വിഭാഗം മേധാവി സലിം ദർവിഷ് അൽ മുഹന്നദി, വിവിധ ഉദ്യോഗസ്ഥരായ ലഫ്. സബാഹ് മുർദി അൽ തൂമി, ലഫ്. ഹസൻ ഖലീഫ അൽ മുഹമ്മദ്, കമ്യുണിറ്റി റീച്ചൗട്ട് ഓഫീസ് കോഓഡിനേറ്റർ ഫൈസൽ അൽ ഹുദവി, കമ്യൂണിറ്റി പൊലീസിങ് വിഭാഗത്തിലെ ഡോ. കെ.എം ബഹാവുദ്ദീൻ എന്നിവർ പങ്കെടുത്തു.
പാസേജ് ടു ഇന്ത്യ വേദിയിലേക്ക് പൊതുജനങ്ങൾക്ക് എത്തി ചേരാനായി ഉം ഗുവൈലിയ മെട്രോ സ്റ്റേഷനിൽ നിന്നും ‘മിയ’ പാർക്കിങ് ഏരിയയിലേക്ക് ഷട്ട്ൽ ബസ് സർവിസും നിലവിലുണ്ട്. വൈകുന്നേരം നാല് മുതൽ രാത്രി 10 വരെ ഓരോ പത്ത് മിനിറ്റിലും ബസ് സർവിസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.