തൊ​ഴി​ൽ മ​ന്ത്രാ​ല​യം നോ​ട്ടീ​സ്​

സ്വദേശിവത്കരണ ലംഘനം: രണ്ടു കമ്പനികൾക്കെതിരെ നടപടി

ദോഹ: സ്വകാര്യ മേഖലകളിലെ സ്വദേശിവത്കരണ നിയമം ലംഘിച്ച രണ്ടു കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർതൊഴിൽ മന്ത്രാലയം. ഇൻഷുറൻസ്, വിവര സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്ന രണ്ടു സ്ഥാപനങ്ങൾക്കെതിരെയാണ് തൊഴിൽ രംഗത്തെ സ്വദേശിവത്കരണ നയം ലംഘിച്ചതിന് നടപടി സ്വീകരിച്ചത്. രണ്ടു സ്ഥാപനങ്ങളും തൊഴിൽ മന്ത്രാലയത്തി‍െൻറ വർക് പെർമിറ്റ് ഇല്ലാതെ സ്വദേശികൾക്കു വേണ്ടി നൽകേണ്ട ജോലിയിൽ പ്രവാസികളെ നിയമിച്ചതായി കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 23ലെ വ്യവസ്ഥകൾ ലംഘിച്ചാണ് രണ്ട് സ്ഥാപനങ്ങളും വിദേശികൾക്ക് ജോലി നൽകിയത്. ഖത്തരി പൗരന്മാർക്കായി നിർദേശിക്കപ്പെട്ട തൊഴിലുകളിലേക്ക് വിദേശികൾക്ക് നിയമനം നൽകുമ്പോൾ മന്ത്രാലയം അഡ്മിനിസ്ട്രേഷ‍െൻറ അംഗീകാരവും, ലൈസൻസും നേടിയിരിക്കണമെന്നാണ് നിർദേശം ഇവർ ലംഘിച്ചതായും, സ്ഥാപനങ്ങൾക്കെതിരെ ഉചിതമായ നടപടി സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. നിശ്ചിത ഒഴിവിലേക്ക് യോഗ്യരായ ഖത്തരി ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ മാത്രമാണ് വിദേശ ജീവനക്കാരെ നിയമിക്കാൻ വർക്ക് പെർമിറ്റ് ലഭിക്കുകയുള്ളൂ.

സ്വകാര്യ മേഖലയിലെ ജോലികള്‍ ദേശസാല്‍ക്കരിക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട് നിയമത്തിലും ചട്ടങ്ങളിലും ലംഘനം കാണിക്കുന്ന എല്ലാവരെയും ശക്തമായി നേരിടുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇതി‍െൻറ ഭാഗമായി കമ്പനികളില്‍ പരിശോധനാ കാമ്പയിനുകൾ സജീവമാക്കാനും ഖത്തരികൾക്ക് നിർദേശിച്ച തൊഴിലുകൾ അവർക്ക് ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും തൊഴിൽ മന്ത്രാലയം തീരുമാനിച്ചു. സ്വകാര്യ സ്ഥാപനങ്ങൾ തൊഴിൽ നിയമങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്താൻ നിരീക്ഷണം ശക്തമാക്കുമെന്നും അറിയിച്ചു.

തൊഴിൽ മേഖലകളിൽ സ്വദേശി പൗരന്മാർക്ക് കൂടുതൽ അവസരം ഒരുക്കുന്നതി‍െൻറ ഭാഗമായി സ്വദേശിവത്കരണത്തി‍െൻറ രണ്ടാം ഘട്ടത്തിന് കഴിഞ്ഞയാഴ്ച തുടക്കം കുറിച്ചിരുന്നു. സ്വകാര്യ മേഖലകളിൽ 456 പുതിയ തൊഴിൽ അവസരങ്ങളാണ് പൗരന്മാർക്കായി നീക്കിവെച്ചത്. മന്ത്രാലയത്തിനു കീഴിലെ നാഷനൽ എംേപ്ലായ്മെന്‍റ് പ്ലാറ്റ്ഫോമായ 'കവാദർ' വഴി രാജ്യത്തെ പ്രമുഖ കമ്പനികളുടെ തൊഴിൽ അവസരങ്ങൾ പ്രസിദ്ധീകരിക്കുന്നതി‍െൻറ അടിസ്ഥാനത്തിലാണ് അവസരങ്ങൾ ഉറപ്പാക്കുന്നത്.

വിവര സാങ്കേതിക മേഖലയിലാണ് ഏറ്റവും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നത്. 271 ഒഴിവുകളാണ് ഈ വിഭാഗത്തിലുള്ളത്. സർവിസ് ആൻഡ് ട്രാൻസ്പോർട്ട് മേഖലയിൽ 88ഉം, ഫിനാൻസ്, ഇന്‍ഷുറൻസ് മേഖലയിൽ 55ഉം, ഊർജ, വ്യാവസായിക മേഖലകളിൽ 28ഉം, സ്വകാര്യ ഇൻസ്റ്റിറ്റ്യൂഷൻ മേഖലയിൽ 12ഉം, റിയൽ എസ്റ്റേറ്റ് സെക്ടറിൽ രണ്ടും തൊഴിൽ ഒഴിവുകളാണുള്ളത്. 

Tags:    
News Summary - Indigenization Violation: Action against Two Companies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.