ദോഹ: ഇന്ത്യയിൽനിന്നുള്ള വിമാനങ്ങളുടെ പതിവ് സർവിസ് പുനരാരംഭിച്ചതിനുപിന്നാലെ രാജ്യാന്തര റൂട്ടുകളിൽ സഹകരണം പുനഃസ്ഥാപിച്ച് ഖത്തർ എയർവേസും ഇൻഡിഗോ എയർലൈൻസും. കോവിഡിനെ തുടർന്ന്, ഇന്ത്യയിൽനിന്നുള്ള വിമാന സർവിസുകളെല്ലാം എയർ ബബ്ൾ കരാറിെൻറ അടിസ്ഥാനത്തിലായതോടെ, നിർത്തിവെച്ച് കോഡ്ഷെയറിങ് ഏപ്രിൽ-മേയ് മാസത്തോടെ പുനരാരംഭിക്കാൻ ഖത്തർ എയർവേസും ഇൻഡിഗോയും തമ്മിൽ ധാരണയായി. ഇതു പ്രകാരം, ഇൻഡിഗോക്ക് ഖത്തർ എയർവേസിലെയും ഖത്തർഎയർവേസിന് ഇൻഡിഗോയിലെയും സീറ്റുകൾ തങ്ങളുടെ പ്ലാറ്റ്ഫോം വഴി വിറ്റുകൊണ്ട് കൂടുതൽ കേന്ദ്രങ്ങളിലേക്ക് സർവിസ് വ്യാപിപ്പിക്കാൻ കഴിയും. ഇന്ത്യയിൽ കൂടുതൽ ആഭ്യന്തര സർവിസുള്ള ഇൻഡിഗോയുമായുള്ള കരാർ, രാജ്യാന്തര തലത്തിൽ വിശാലമായ നെറ്റ്വർക്കുള്ള ഖത്തർ എയർവേസിന് ഏറെ ഗുണകരമായി മാറും.
2019ലാണ് ഇരുഎയർലൈനുകളും തമ്മിൽ നേരത്തേ കോഡ്ഷെയർ കരാർ നിലവിലുണ്ടായിരുന്നത്. എന്നാൽ, 2020 മാർച്ചോടെ കോവിഡ് വ്യാപകമാവുകയും തുടർന്ന് ഇന്ത്യൻ വ്യോമയാന മന്ത്രാലയം രാജ്യാന്തര സർവിസുകൾ റദ്ദാക്കുകയും ചെയ്തതോടെ കരാർ നിലച്ചു. ഇക്കഴിഞ്ഞ മാർച്ചിലാണ് ഇന്ത്യ വീണ്ടും രാജ്യാന്തര സർവിസുകൾ പുനരാരംഭിച്ചത്. നിലവിൽ, ഇന്ത്യയിലെ 12 നഗരങ്ങളിലേക്കായി ഖത്തർ എയർവേസ് 190 സർവിസുകൾ നടത്തുന്നുണ്ട്. ഡൽഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, കൊച്ചി, കോഴിക്കോട്, അഹ്മദാബാദ്, അമൃത്സർ, ഗോവ, കൊൽക്കത്ത, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സർവിസ്. ഇന്ത്യയിലെ എട്ടു നഗരങ്ങളിൽ നിന്നായി ഇൻഡിഗോ 154 സർവിസുകൾ നടത്തുന്നുണ്ട്. മുംബൈ, ഡൽഹി, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നീ നഗരങ്ങളിൽനിന്നാണ് സർവിസ് നടത്തുന്നത്. പുതിയ കരാർ പ്രകാരം ദോഹയിൽനിന്നും ഡൽഹി, മുംബൈ, ഹൈദരാബാദ് നഗരങ്ങളിലേക്കുള്ള ഇൻഡിഗോ വിമാനങ്ങളിലെ ഏപ്രിൽ 25 മുതൽ ഖത്തർ എയർവേസ് കോഡ് ആരംഭിക്കും. ചെന്നൈ, ബംഗളൂരു, കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്ക് മേയ് ഒമ്പതു മുതലും ആരംഭിക്കും.
വടക്കൻ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ആസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യാന്തര റൂട്ടുകളിൽ ഇടതടവില്ലാതെ യാത്രചെയ്യാനും കോഡ് ഷെയറിങ് കരാർ വഴി കഴിയും. തന്ത്രപരമായ പങ്കാളിത്തം പുനഃസ്ഥാപിക്കുന്നതു വഴി ഇന്ത്യക്കും ഖത്തറിനുമിടയിലെ വ്യോമഗതാഗത മേഖലയിൽ നിർണായക ചുവടുവെപ്പാണെന്ന് ഖത്തർ എയർ എയർവേസ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. ഇരുവിമാനകമ്പനികളും കോഡ് ഷെയറിങ്ങിൽ ഒന്നിക്കുന്നതോടെ ആഴ്ചയിൽ ദോഹയിൽനിന്നും ഇന്ത്യയിലെ 13 നഗരങ്ങളിലേക്കായി 340 സർവിസുകളായി ഉയരും. കോവിഡ് മഹാമാരിയുടെ വെല്ലുവിളിയിൽനിന്നും തിരിച്ചുവരാൻ ലോകത്തിന് കരുത്തുപകരുമെന്നും അദ്ദേഹം വിശദീകരിച്ചു. ലോകത്തിലെ അതിവേഗം വളരുന്ന എയര്‍ലൈനുകളിലൊന്നായ ഖത്തര്‍ എയര്‍വേയ്‌സുമായുള്ള കോഡ് ഷെയര്‍ കരാര്‍ വീണ്ടും സജീവമാകുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ഇന്‍ഡിഗോയുടെ ഹോള്‍ടൈം ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറുമായ റോണോജോയ് ദത്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.