ദോഹ: ഇൻഡ്സ്വിഫ്റ്റ് ഫാർമസ്യൂട്ടിക്കൽസിന്‍റെ കാർഡിയോ ഡയബറ്റിക് ആൻഡ് ആന്‍റിബയോട്ടിക് ഉൽപന്നങ്ങളുടെ ഖത്തറിലെ ലോഞ്ചിങ് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ നിർവഹിച്ചു. ഖത്തറിലെ മുൻനിര ഹെൽത്ത്കെയർ വിതരണ കമ്പനിയായ വെൽകെയർ ഗ്രൂപ്പിനു കീഴിലാണ് ഇൻഡ്സ്വിഫ്റ്റ് ഫാർമസ്യൂട്ടിക്കൽസിന്‍റെ കാർഡിയോ ഡയബറ്റിക് ആൻഡ് ആന്‍റിബയോട്ടിക് ഉൽപന്നങ്ങൾ രാജ്യത്ത് വിതരണം ചെയ്യുന്നത്. കോവിഡ് മഹാമാരി കാലത്ത് വെൽകെയർ ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ ഖത്തറിൽ നടത്തിയ ആതുര സേവനങ്ങളെ അംബാസഡർ അഭിനന്ദിച്ചു.
'ലോകത്തിന്‍റെ ഫാർമസിയായാണ് ഇന്ത്യയെ നിർവചിക്കുന്നത്. ഉയർന്ന നിലവാരത്തിലുള്ള മരുന്നുകൾ, മിതമായ നിരക്കിൽ ലഭ്യമാക്കി ഖത്തർ ഉൾപ്പെടെ വിപണികളിൽ ശ്രദ്ധേയ സാന്നിധ്യമാവാം. ലോകത്തെതന്നെ ഏറ്റവും വലിയ മൂന്നാമത്തെ മരുന്ന് കയറ്റുമതി രാജ്യം കൂടിയാണ് ഇന്ത്യ' -ലോഞ്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് അംബാസഡർ പറഞ്ഞു. അംബാസഡർ ഉൾപ്പെടെ മുഖ്യാതിഥികളെ വെൽകെയർ ഗ്രൂപ് എം.ഡി കെ.പി. അഷ്റഫ് സ്വാഗതം ചെയ്തു. 85ഓളം ഫാർമസി ബ്രാഞ്ചുകളും അലിവീയ മെഡിക്കൽ സെന്‍റർ ക്ലിനിക്കുകളുമായി ഖത്തറിലെ ആരോഗ്യ മേഖലയിൽ വെൽകെയർ ഗ്രൂപ് നിർണായക സാന്നിധ്യമായി അടയാളപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. ഖത്തർ സർവകലാശാല, യൂനിവേഴ്സിറ്റി ഓഫ് ദോഹ ഫോർ സയൻസ് ആൻഡ് ടെക്നോളജി, എൻ.ടി.ടി.ഇ കോളജ് ഓഫ് ഫാർമസ്യൂട്ടികൽ സയൻസ് തുടങ്ങിയ രാജ്യത്തെ മുൻനിര സ്ഥാപനങ്ങളുമായി ചേർന്നുള്ള പങ്കാളിത്തം ആരോഗ്യമേഖലയിലെ ഭാവി തലമുറകൾക്ക് കൂടി പ്രാധാന്യം നൽകുന്നു.
ഫാർമസികളും മെഡിക്കൽ സെന്‍ററും ഉൾപ്പെടെ പ്രതിദിനം 7000ത്തോളം രോഗികൾക്കാണ് വെൽകെയർ ഗ്രൂപ്പിന് കീഴിൽ ആതുരസേവനം ലഭ്യമാവുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കമ്പനികളുമായി പങ്കാളിത്തം നിലനിർത്തുന്ന വെൽകെയർ ഗ്രൂപ് 100ൽ ഏറെ ബ്രാൻഡുകളുടെ അംഗീകൃത പ്രതിനിധി കൂടിയാണ്. രാജ്യത്തെ, സർക്കാർ, അർധസർക്കാർ, സ്വകാര്യ ആശുപത്രികളും മെഡിക്കൽ സെന്‍ററുകളും ഫാർമസികളും ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിലെ വിതരണക്കാർ കൂടിയാണ് വെൽകെയർ ഗ്രൂപ്.
ഖത്തറിലെ വിശാലമായ വിപണിയിലേക്ക് ഇൻഡ്സ്വിഫ്റ്റ് ഭാഗമാവുകായണെന്ന് ഇൻഡ്സ്വിഫ്റ്റ് ഫാർമസ്യൂട്ടികൽസ് എ.ഡി.ജി.എം കെ. ശ്രീധർ പറഞ്ഞു. വിവിധ രാജ്യങ്ങളിലെ മുൻനിര ഏജൻസികളുടെയും യു.എസ്.എഫ്.ഡി.എയും ഉൾപ്പെടെ അംഗീകാരമുള്ള മികച്ച ഗുണമേന്മയിലാണ് തങ്ങളുടെ മരുന്ന് ഉൽപന്നങ്ങൾ പുറത്തിറങ്ങുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഐ.ബി.പി.സി പ്രസിഡന്‍റ് ജാഫർ സാദിഖ്, ദോഹ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ നോർമൽ വോങ്, ദോഹ ക്ലിനിക് ഹോസ്പിറ്റൽ മേധാവി ഡോ. അഷ്റഫ് കറാറ, ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ് വൈസ് പ്രസിഡന്‍റ് ഡോ. അനോജ് ജോർജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.