സി.​ഐ.​സി സ്​​നേ​ഹ വി​രു​ന്നി​ൽ ഫാ​ദ​ര്‍ ഡേ​വി​ഡ് ജോ​യ് സം​സാ​രി​ക്കു​ന്നു 

മതങ്ങൾ തമ്മിലെ പാരസ്പര്യവും സംഭാഷണവും അനിവാര്യം -സി.ഐ.സി സൗഹൃദ സദസ്സ്

ദോഹ: സ്വന്തം വിശ്വാസങ്ങള്‍ മുറുകെപ്പിടിച്ച് ജീവിക്കുന്നതോടൊപ്പം വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മില്‍ ആശയ കൈമാറ്റങ്ങളും സാമൂഹിക ഇടപഴകലും വർധിപ്പിക്കുന്നതിലൂടെ മാത്രമേ കേരളീയ സമൂഹത്തില്‍ ബോധപൂര്‍വം സൃഷ്ടിക്കപ്പെടുന്ന പരമത വിദ്വേഷത്തെ അതിജയിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) സംഘടിപ്പിച്ച സൗഹൃദ സംഗമം അഭിപ്രായപ്പെട്ടു.

ദോഹ ഇന്‍റര്‍നാഷനല്‍ സെന്‍റര്‍ ഫോര്‍ ഇന്‍റര്‍ ഫൈത്ത് ഡയലോഗ് രണ്ടു ദിവസങ്ങളായി നടത്തിയ ഇന്‍റര്‍ ഫൈത്ത്ഡയലോഗില്‍ ഇന്ത്യയില്‍ നിന്നുള്ള അതിഥികളായി എത്തിയ ഫാദര്‍ ഡേവിഡ് ജോയ്, ഫാദര്‍ മിഥുന്‍ ഫ്രാന്‍സിസ് എന്നിവര്‍ക്ക് സി.ഐ.സി നൽകിയ സ്നേഹവിരുന്നില്‍ പ്രമുഖർ പങ്കെടുത്ത് സംസാരിച്ചു.

സോഷ്യല്‍ മീഡിയയുടെ കാലത്ത് വ്യാപകമായി പ്രചരിക്കുന്ന വ്യാജവാര്‍ത്തകളെ സമൂഹം ഒറ്റക്കെട്ടായി നേരിടുകയും മത സമൂഹങ്ങള്‍ക്കിടയിലെ ബോധപൂര്‍വമായ ഇടപെടല്‍ സാധ്യമാക്കി അതിജയിക്കുകയും ചെയ്യണമെന്ന് ഫാദര്‍ ഡേവിഡ് ജോയ് പറഞ്ഞു. വ്യത്യസ്ത സമൂഹങ്ങള്‍ തമ്മില്‍ സംഭാഷണങ്ങള്‍ സാധ്യമാവുന്ന പൊതുഇടങ്ങള്‍ വ്യാപകമാക്കണം.

വിശേഷ ദിവസങ്ങളിലും ആഘോഷങ്ങളിലും പരസ്പരം പങ്കുചേര്‍ന്ന് അറിയാനും അടുക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കുന്നതിലൂടെ മാത്രമേ വെറുപ്പിന്റെ ശക്തികളെ പരാജയപ്പെടുത്താന്‍ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. ദൈവശാസ്ത്രത്തിലും നരവംശശാസ്ത്രത്തിലും ഗവേഷകനും ഗ്രന്ഥകാരനുമായ ഫാ. ഡേവിഡ് ജോയ് ബാംഗ്ലൂർ യുനൈറ്റഡ് തിയോളജിക്കല്‍ കോളജ് പ്രഫസറാണ്.

ചരിത്രപരമായും വിശ്വാസപരമായും ബന്ധവും സമാനതകളുമുള്ള മുസ്‍ലിം- ക്രിസ്ത്യന്‍ സമൂഹങ്ങള്‍ തമ്മില്‍ സ്നേഹവും ഐക്യവും വളരണമെന്ന് തുടര്‍ന്ന് സംസാരിച്ച ഫാദര്‍ മിഥുന്‍ ഫ്രാന്‍സിസ് ആവശ്യപ്പെട്ടു. ഇസ്‍ലാം മത വിശ്വാസത്തി‍െൻറ ആചാരങ്ങളും ചിഹ്നങ്ങളും വ്യാപകമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയവും സാമൂഹികവുമായ കാരണങ്ങള്‍ ഇതിനുണ്ട്.

ജാഗ്രതയോടെയുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ സമൂഹത്തില്‍ വിഭജനമുണ്ടാക്കുന്ന ഇത്തരം ശ്രമങ്ങളെ അതിജയിക്കാന്‍ സാധിക്കൂ. മതനേതൃത്വങ്ങള്‍ ഇതിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. 'ക്രിസ്ത്യന്‍-മുസ്‍ലിം വ്യവഹാരവും പാരസ്‌പര്യവും' എന്ന വിഷയത്തില്‍ റോമിലെ ജോര്‍ജിയന്‍ യൂനിവേഴ്സിറ്റിയില്‍ റിസര്‍ച്ച് സ്കോളറാണ് ഫാദര്‍ മിഥുന്‍.

വ്യത്യസ്തങ്ങളായ സമൂഹങ്ങളെയും വിശ്വാസികളെയും സ്വാഗതം ചെയ്തുകൊണ്ട് പരസ്പര സ്നേഹത്തി‍െൻറയും സംവാദത്തി‍െൻറയും സഹായത്തി‍െൻറയും മാതൃക സൃഷ്ടിക്കുന്ന ഖത്തര്‍ ലോകരാജ്യങ്ങള്‍ക്ക് മാതൃകയാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച സി.ഐ.സി വൈസ് പ്രസിഡന്‍റ് കെ.സി. അബ്ദുല്‍ ലത്തീഫ് പറഞ്ഞു. വ്യത്യസ്ത സമൂഹങ്ങളുടെയും രാജ്യങ്ങളുടെയും പാരസ്പര്യത്തിനും ഐക്യത്തിനും നിലകൊള്ളുക എന്ന ഖത്തറിന്റെ നിലപാടി‍െൻറ പ്രാേയാഗികവത്കരണമാണ് ഡി.ഐ.സി നടത്തുന്ന സംവാദങ്ങളെന്ന് അദ്ദേഹം പറഞ്ഞു. അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സമീര്‍ ഏറാമല, ജൂട്ടാസ് പോള്‍, ഖലീല്‍ എ.പി, ഷീല ടോമി, ഡോ. കെ.സി സാബു, ഹബീബ് റഹ്‌മാൻ കിഴിശ്ശേരി, ഡോ. താജ് ആലുവ, മുഹമ്മദ് അലി ഖാസിമി, അര്‍ഷദ് ഇ എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - Interaction and dialogue between religions is essential -CIC Friendly Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.