ദോഹ: ചരിത്രപ്രധാനമായ സന്ദർശനത്തിനായി ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റഈസി തിങ്കളാഴ്ച ഖത്തറിൽ. രാജ്യാന്തരതലത്തിൽ ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പ്രസിഡന്‍റിന്‍റെ ദോഹ സന്ദർശനം. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുടെ ക്ഷണം സ്വീകരിച്ചാണ് ഇറാന്‍ പ്രസിഡന്‍റ് ഖത്തറിലെത്തുന്നത്. ഇറാന്‍ വിദേശകാര്യ, എണ്ണ, ഗതാഗത മന്ത്രിമാര്‍ ഉൾപ്പെടെയുള്ള ഉന്നത സംഘവും പ്രസിഡന്‍റിനെ അനുഗമിച്ച് ദോഹയിലെത്തുന്നുണ്ട്. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ തിങ്കളാഴ്ച ഇരു രാഷ്ട്രങ്ങളും തമ്മില്‍ നിരവധി ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവെക്കും.
ദോഹ വേദിയാവുന്ന പ്രകൃതിവാതക കയറ്റുമതി രാജ്യങ്ങളുടെ ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുക്കും. ചൊവ്വാഴ്ചയാണ് വാതക കയറ്റുമതി രാഷ്ട്രങ്ങളുടെ ആറാമത് ഉച്ചകോടിക്ക് ദോഹ വേദിയാകുന്നത്. ഇതിനു പുറമെ ലോകശക്തികളുമായുള്ള ഇറാന്‍റെ ആണവകരാര്‍ സംബന്ധിച്ച ചര്‍ച്ചകളും നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇറാനുമായി ഉടന്‍ പുതിയ ആണവകരാറുണ്ടാകുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ആണവകരാറിന്‍റെ വിഷയത്തില്‍ അമേരിക്കക്കും ഇറാനുമിടയില്‍ ഖത്തര്‍ അനുനയ ശ്രമങ്ങള്‍ നടത്തിയിരുന്നു. ഖത്തര്‍ അമീറിന്‍റെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഇക്കാര്യവും ചര്‍ച്ചയായി. വിദേശകാര്യ മന്ത്രി തെഹ്റാനിലെത്തിയും കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം മ്യൂണിക് സെക്യൂരിറ്റി കോണ്‍ഫറന്‍സിനിടയിലും കൂടിക്കാഴ്ച നടത്തി. 2015ല്‍ ലോകശക്തികളുമായി ഇറാനുണ്ടാക്കിയ കരാര്‍ അമേരിക്കയില്‍ ട്രംപ് അധികാരത്തിലെത്തിയതോടെയാണ് ഇല്ലാതായത്. ഇരുവിഭാഗത്തിനുമിടയില്‍ സമവായമുണ്ടാക്കാനായാല്‍ അന്താരാഷ്ട്രതലത്തില്‍ നയതന്ത്ര ഇടപെടലുകളില്‍ ഖത്തറിനും അതൊരു പൊന്‍തൂവലാകും.
പ്രസിഡന്റിന്‍റെ സന്ദർശനത്തിന്‍റെ ഭാഗമായി ഗതാഗത മേഖലയിൽ ഖത്തറും ഇറാനും തമ്മിൽ നാലു കരാറിൽ ഒപ്പുവെക്കും. ഞായറാഴ്ച ഖത്തർ ഗതാഗതമന്ത്രി ജാസിം സൈഫ് അഹമ്മദ് അൽ സുലൈതി, ഇറാൻ റോഡ്സ് ആൻഡ് അർബൻ ഡെവലപ്മെന്റ് മന്ത്രി റുസ്തം ഗാസിമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.