ദോഹ: അഫ്ഗാനിസ്താനിൽ ഇതുവരെ നടത്തിവന്ന ഇടപെടലുകള്‍ പെട്ടെന്ന് അവസാനിപ്പിക്കുന്നത് ദോഷം ചെയ്യുമെന്ന് ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുൽറഹ്മാന്‍ ആൽഥാനി. താലിബാനെ രാജ്യാന്തര തലത്തിൽ ഒറ്റപ്പെടുത്തുന്നത് അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാനേ ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ സന്ദര്‍ശിക്കുന്ന ജര്‍മന്‍ വിദേശകാര്യമന്ത്രി ഹെയ്കോ മാസിനൊപ്പം നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് ഖത്തര്‍ വിദേശകാര്യമന്ത്രിയുടെ പ്രതികരണം.
ഇടപെടലുകൾ അവസാനിപ്പിക്കുന്നത് അഫ്ഗാനിലെ സ്ഥിതിഗതി
കള്‍ കൂടുതല്‍ അസ്ഥിരമാക്കാൻ ഇടയാക്കും. അതിനാല്‍ അഫ്ഗാനില്‍ സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കുന്നതിന് വിവിധ രാജ്യങ്ങളുടെ ഇടപെടലുകള്‍ തുടരേണ്ടതുണ്ട്.
എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ഭരണസംവിധാനം അഫ്ഗാനിസ്താനില്‍ നിലവില്‍ വരണം. യു.എസ് സൈന്യം പിന്‍വാങ്ങിയതോടെ അഫ്ഗാന് ഭീകരവാദ പ്രവർത്തനങ്ങള്‍ക്ക് വേദിയാകാന്‍ സാധ്യതയുണ്ടെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നല്കി. താലിബാന് നേതാക്കളുമായി ഇതിനകം നിരവധി ചര്‍ച്ചകള്‍ ഖത്തര്‍ നടത്തി. എന്നാല്‍, ഖത്തറിൻെറ ആവശ്യങ്ങളില്‍ അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാന്‍ അവര്‍ തയാറായില്ല. താലിബാനുമായി ചര്‍ച്ചകള്‍ തുടരുകയല്ലാതെ അഫ്ഗാന് സമാധാനത്തിന് മറ്റൊരു വഴിയുമില്ലെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രിയും പറഞ്ഞു. താലിബാനെ അംഗീകരിക്കുന്നത് ഇേപ്പാൾ അജണ്ടയിലില്ല. ചർച്ചകളിലൂടെ രാജ്യത്ത് സ്ഥിരത കൊണ്ടുവരാനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച രാവിലെ അമിരി ദിവാനിൽ ഖത്തർ അമീർ ശൈഖ് തമിം ബിൻ ഹമദ് ആൽഥാനിയുമായി ജർമൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി.
അഫ്ഗാന് ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഖത്തറിന് അദ്ദേഹം നന്ദി അറിയിച്ചു. ഇരുരാഷ്ട്രവും തമ്മിലെ ബന്ധം പുതുക്കാനും വാണിജ്യ- സൈനിക മേഖലയില്‍ ബന്ധം ശക്തമാക്കാനും കൂടിക്കാഴ്ചയില്‍ ധാരണയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.