ദോഹ: ഗസ്സ സിറ്റിയിലെ സ്കൂളിൽ ഇസ്രായേൽ നടത്തിയ അതിക്രൂരമായ ബോംബാക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തർ. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരപരാധികളും നിരായുധരുമായ നിരവധി പേരെ കൂട്ടക്കൊല ചെയ്ത സംഭവം അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയത്തിന്റെയും ലംഘനമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അഭയാർഥി ക്യാമ്പുകൾക്കും സ്കൂളുകൾക്കും നേരെ നടക്കുന്ന ആക്രമണത്തിൽ അന്താരാഷ്ട്ര ഏജൻസിയുടെ അന്വേഷണം വേണമെന്നും ഖത്തർ ആവശ്യപ്പെട്ടു. ഗസ്സ സിറ്റിയിലെ അൽ സഹാബ ഏരിയയിലെ അൽ തബയിൻ സ്കൂളിനുനേരെ ശനിയാഴ്ച നടന്ന ബോംബാക്രമണത്തിൽ നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റ് പത്തുമാസമായി തുടരുന്ന ഇസ്രായേൽ ആക്രമണങ്ങളിൽ വീടുകളും താമസകേന്ദ്രങ്ങളും നഷ്ടമായവർ ഉൾപ്പെടെ ഫലസ്തീനികളുടെ അഭയാർഥി ക്യാമ്പായി പ്രവർത്തിച്ചുവരുന്ന സ്കൂളിനു നേരെയായിരുന്നു ആക്രമണം.
സ്കൂളുകൾക്കും അഭയാർഥി കേന്ദ്രങ്ങൾക്കും നേരെ നടക്കുന്ന അധിനിവേശ സേനയുടെ ആക്രമണം സംബന്ധിച്ച് യു.എൻ നേതൃത്വത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന ആവശ്യം ഖത്തർ വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്ക് സംരക്ഷണം നൽകുകയും അധിനിവേശ സേനയെ ഗസ്സയിൽനിന്ന് പുറത്താക്കുന്നതിനും അന്താരാഷ്ട്ര സമൂഹം കാര്യക്ഷമമായി ഇടപെടണമെന്നും 1967ലെ അതിർത്തികൾ മാനദണ്ഡമാക്കി സ്വതന്ത്ര ഫലസ്തീൻ യാഥാർഥ്യമാക്കണമെന്നും ആവശ്യപ്പെട്ടു. ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നിവരുടെ നേതൃത്വത്തിൽ വെടിനിർത്തൽ സാധ്യമാക്കാനും മധ്യസ്ഥ ചർച്ചകൾ പുനരാരംഭിക്കാനും വേണ്ടി സംയുക്ത ആവശ്യമുയർന്നതിനു പിന്നാലെയാണ് സ്കൂളിനെയും അധിനിവേശസേന ആക്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.