ദോഹ: ഫലസ്തീനിലും അറബ് പ്രദേശങ്ങളിലും ഇസ്രായേൽ തുടരുന്ന അതിക്രമങ്ങൾക്കെതിരെയും അധിനിവേശത്തിനെതിരെയും വിരലനക്കാതെ നിഷ്ക്രിയരായി നോക്കിനിൽക്കുന്ന ലോകത്തിനെതിരെ ഐക്യരാഷ്ട്രസഭയിൽ വിമർശനവുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി.ഐക്യരാഷ്ട്രസഭയുടെ 75ാമത് ജനറൽ അസംബ്ലിയിൽ വിഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തിെൻറ വിശ്വാസ്യതയെ ഇത് ബാധിക്കുമെന്ന് അമീർ പറഞ്ഞു.
ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തിനെതിരെയും അനധികൃത കുടിയേറ്റം തുടരുന്നതിനെതിരെയും ലോകരാഷ്ട്രങ്ങളും അന്താരാഷ്ട്ര സംഘടനകളും എന്ത് നിലപാടെടുത്തുവെന്ന് അമീർ ചോദിച്ചു.അന്താരാഷ്ട്ര പ്രമേയങ്ങൾക്കും നിയമങ്ങൾക്കുമെതിരെയുള്ള പ്രത്യക്ഷമായ ലംഘനമാണ് ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര സമൂഹം അംഗീകരിച്ച ദ്വിരാഷ്ട്ര സിദ്ധാന്തം നടപ്പാക്കുന്നതിന് ഇസ്രായേൽ വിഘാതം സൃഷ്ടിക്കുകയാണ്. ഫലസ്തീനിലും അറബ് പ്രദേശങ്ങളിലും ഇസ്രായേൽ അധിനിവേശം തുടരുകയാണ്. ഗസ്സയെ കടുത്ത ഉപരോധത്തിൽ വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. കുടിയേറ്റ നയം വിപുലീകരിക്കുന്നതിനുള്ള തയാറെടുപ്പിലാണ് ഇസ്രായേലെന്നും അമീർ പറഞ്ഞു.
അറബ് രാജ്യങ്ങൾ അംഗീകരിച്ച പ്രമേയങ്ങൾ ആധാരമാക്കിയും 2002ലെ അറബ് സമാധാന സംരംഭം അടിസ്ഥാനമാക്കിയും മാത്രമേ ഫലസ്തീൻ വിഷയത്തിൽ പരിഹാരം സാധ്യമാകുകയുള്ളൂവെന്നും അമീർ പറഞ്ഞു.ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനും കിഴക്കൻ ജറൂസലം ആസ്ഥാനമാക്കി 1967ലെ അതിർത്തി പ്രകാരം സ്വതന്ത്ര പരമാധികാര ഫലസ്തീൻ രൂപവത്കരിക്കണം.
അറബ് രാജ്യങ്ങൾ അംഗീകരിച്ച നിയമങ്ങളിലും അടിസ്ഥാനങ്ങളിലൂന്നിയും മാത്രമേ സമാധാനം സ്ഥാപിക്കാൻ സാധിക്കൂ. ഇതിനെ മറികടന്നുള്ള ഒരു ഉടമ്പടിക്കും ഫലസ്തീൻ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കില്ല. ഇസ്രായേൽ സമാധാനക്കരാർ എന്നു വിളിക്കുമെങ്കിലും അതൊരിക്കലും പരിഹാരമാകുകയില്ല. ഫലസ്തീൻ പ്രതിസന്ധിയിൽ ഖത്തറിെൻറ നിലപാടിൽ ഒരു മാറ്റവുമിെല്ലന്നും അമീർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.